ADVERTISEMENT

ജയ്പുർ ∙ രാഷ്ട്രീയ ചതുരംഗപ്പലകയിൽ കരുക്കൾ നീങ്ങിത്തുടങ്ങുമ്പോൾ രാജസ്ഥാനിലെ സാധാരണക്കാരും പറയും, അശോക് ഗെലോട്ട് ഒരു മജീഷ്യനാണെന്ന്. മാജിക്കുകാരന്റെ മകനായി പിറന്ന അദ്ദേഹം എന്നും അവിശ്വസനീയമെന്നു തോന്നുന്ന വിജയങ്ങളുടെ തോഴനുമാണ്. മൂന്നു തവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലേറിയപ്പോഴും ഈ വിസ്മയം അദ്ദേഹം രാഷ്ട്രീയ നിരീക്ഷകർക്കായി ബാക്കിവച്ചിരുന്നു.

പുലിപോലെ വന്നത് എലിപോലെ പോയി എന്ന പഴമൊഴിപോലെ ഇത്തവണ കാര്യങ്ങൾ അവസാനിക്കുമ്പോഴും വിസ്മയകരമായ വിജയത്തിന്റെ മാന്ത്രികത്തൊപ്പി ഗെലോട്ടിന്റെ ശിരസ്സിൽത്തന്നെയാണ്. സച്ചിൻ പൈലറ്റ് ഉയർത്തിയ വെല്ലുവിളി ചാഞ്ചല്യമില്ലാതെ നേരിട്ട അദ്ദേഹം സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കുകയും ചെയ്തു. ഇതു രണ്ടും സച്ചിന് ഉടൻ മടക്കി കിട്ടുമെന്ന പ്രതീക്ഷയുമില്ല.

ഭൂരിപക്ഷം എംഎൽഎമാരെയും കൂടെ നിർത്തിയ അദ്ദേഹം സച്ചിനൊപ്പം പോയവരെ തന്റെ പക്ഷത്തേക്കു ക്ഷണിച്ചും കഴിഞ്ഞു. എന്നാൽ 2023ലെ തിരഞ്ഞെടുപ്പിനു മുൻപ് ഒരു ഭരണമാറ്റം നടത്താമെന്നും മുഖ്യമന്ത്രിയായി തനിക്കു തിരഞ്ഞെടുപ്പിനെ നേരിടാൻ അവസരമൊരുക്കാമെന്നുമുള്ള ഉറപ്പ് കേന്ദ്ര നേതൃത്വത്തിൽനിന്നു സച്ചിൻ നേടിയെടുത്തതായാണ് അറിയുന്നത്. സച്ചിനെ പിന്തുണയ്ക്കുന്നവർക്കു മന്ത്രിസ്ഥാനങ്ങളും പാർട്ടിയിലും പോഷക സംഘടനകളിലും മതിയായ പ്രാതിനിധ്യവും ഉറപ്പു ലഭിച്ചിട്ടുണ്ടത്രേ.

ഇതൊക്കെയാണെങ്കിലും ഒരു കാര്യം ഉറപ്പാണ്, ഗെലോട്ടും സച്ചിനുമായുള്ള ഏറ്റുമുട്ടൽ അവസാനിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കത്തോടെ പരസ്യമായെങ്കിലും അതിനും മുമ്പേ മാനസികമായി അകന്നിരുന്നു സച്ചിനും ഗെലോട്ടും. തന്റെ മുഖ്യമന്ത്രി പദമോഹത്തിനു ഗെലോട്ട് വെല്ലുവിളിയാണെന്നു പിസിസി പ്രസിഡന്റായിരുന്ന സച്ചിനു കൃത്യമായി അറിയാമായിരുന്നു. ഭരണം കിട്ടിയശേഷമുണ്ടായ ഭിന്നതകൾ ലോക്സഭ തിരഞ്ഞെടുപ്പു കാലത്ത് മൂർഛിച്ചു. അതിനുശേഷം ഇരുവരും സംസാരിക്കാൻ പോലും കൂട്ടാക്കാത്ത അവസ്ഥയിലേക്കു ഭിന്നിപ്പ് വളർന്നു.

കേന്ദ്ര നേതൃത്വം സമയാസമയം ഇടപെടുകയോ പരിഹാരം കാണാൻ ശ്രമിക്കുകയോ ചെയ്യാതിരുന്നതോടെ ഈ പോരു നാൾക്കുനാൾ വർധിച്ചു. ഗെലോട്ടിനെ താഴെ ഇറക്കുക എന്നതിലേക്കു സച്ചിന്റെ ലക്ഷ്യം ചുരുങ്ങിയപ്പോൾ രാഷ്ട്രീയത്തിന്റെ മർമമറിഞ്ഞ ഗെലോട്ട് ഒരു മുഴം മുമ്പേ കളത്തിലിറങ്ങി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികമായി ഒരു സ്ഥാനാർഥിയെ മൽസരത്തിനിറക്കിയതോടെ കോൺഗ്രസിൽ ഒരു വിഭാഗം കൂറുമാറുമെന്ന ആദ്യ പ്രഖ്യാപനം വന്നതു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നു തന്നെയായിരുന്നു.

സച്ചിൻ ഈ ചൂണ്ടയിൽ കുരുങ്ങി എന്നു പറയാം. മുഖ്യമന്ത്രിക്ക് എതിരു നിൽക്കുന്നവരാണു ബിജെപിക്കൊപ്പം ചേരുക എന്ന ധ്വനി തന്നെയുദ്ദേശിച്ചാണെന്നു സച്ചിൻ പരസ്യമായി പരാതിപ്പെട്ടെങ്കിലും ആരും കേൾക്കാനുണ്ടായില്ല. ഇതിന്റെ പിന്നാലെ വസുന്ധര രാജെയെ വീഴ്ത്തി പാർട്ടിയുടെ അമരം പിടിക്കാൻ ഉൽസാഹിക്കുന്ന ബിജെപിയുടെ ഒരു വിഭാഗവും പ്രതീക്ഷകൾ മെനഞ്ഞു. ഇതോടെ കോൺഗ്രസിനുള്ളിൽ നീറിയിരുന്ന അധികാരത്തർക്കം പൊട്ടിത്തെറിയുടെ വക്കിലേക്കെത്തി.

അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്
അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്

എന്നാൽ കളമറിഞ്ഞിറങ്ങിയ ഗെലോട്ട് അതിനു മുമ്പേതന്നെ തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ സുരക്ഷിതമാക്കിയിരുന്നു. എല്ലാം നിരൂപിച്ചതുപോലെ നീങ്ങുന്നുവെന്നു ഗെലോട്ട് കണക്കുകൂട്ടിയിടത്തു സച്ചിനു കച്ചിത്തുരുമ്പായതു കോടതികളാണ്. കൂറുമാറ്റ നിയമവുമായി ബന്ധപ്പെട്ടു കോടതികൾ സ്വീകരിച്ച നിലപാടുകൾ വിമർശിക്കപ്പെട്ടെങ്കിലും സച്ചിനു പിടിച്ചുനിൽക്കാനും പോരിനു ദൈർഘ്യം കൂട്ടി പാർട്ടി കേന്ദ്ര നേതൃത്വത്തെ ഇടപെടുത്താനുമെല്ലാം അവസരമൊരുക്കിയത് ഇതുതന്നെയാണ്.

സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും തിരികെ എത്തിയെങ്കിലും സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ തീർന്നുവെന്നു കരുതേണ്ടതില്ല. തന്റെ താൽപര്യങ്ങൾക്കൂടി കണക്കിലെടുത്തല്ല ഇപ്പോൾ കാര്യങ്ങൾ അവസാനിപ്പിച്ചതെന്ന പരിഭവം ഗെലോട്ട് ‌അടുപ്പക്കാരുമായി പങ്കുവച്ചു കഴിഞ്ഞു. ബിജെപിക്കു തന്റെ കാര്യത്തിൽ എത്രമാത്രം താൽപര്യം ഉണ്ടെന്നതു പകൽപോലെ വ്യക്തമായ സ്ഥിതിക്കു സച്ചിൻ ഇനിയുമൊരു അട്ടിമറിക്കു ശ്രമിക്കുമെന്നു കരുതാനാവില്ല.

വിമതർ ഏതു സാഹചര്യത്തിൽ എന്തിനാണു പോയത്, എന്തൊക്കെ വാഗ്ദാനങ്ങളാണു ലഭിച്ചത്, എന്നൊക്കെയുള്ള ചോദ്യങ്ങൾ ഗെലോട്ട് ഇപ്പോഴേ ഉയർത്തിക്കഴിഞ്ഞു. ഗെലോട്ടിനോടു വ്യക്തിപരമായ ദേഷ്യങ്ങളില്ലെന്നു പറയുമ്പോഴും തന്നെ കാര്യത്തിനു കൊള്ളാത്തവൻ എന്നുവിളിച്ച മുഖ്യമന്ത്രിയുടെ നടപടിയോടു നിശിതമായ ഭാഷയിലാണ് സച്ചിൻ പ്രതികരിച്ചത്. എതിരാളികൾ എന്നും എതിരാളികളായിരിക്കുമെന്നു കണ്ടു നീങ്ങുന്ന ഗെലോട്ടിന്റെ അടുത്ത നീക്കം എന്തെന്നാണു സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

വസുന്ധര വീണ്ടും ‘രാജ’

കോൺഗ്രസിലെ പോരിൽ അശോക് ഗെലോട്ട് എതിരാളി സച്ചിൻ പൈലറ്റിനു മേൽ വിജയം നേടിയപ്പോൾ ഒരു പക്ഷേ അദ്ദേഹത്തേക്കാൾ മനസറിഞ്ഞു സന്തോഷിച്ചതു മറ്റൊരാളാകാം. മുൻമുഖ്യമന്ത്രി വസുന്ധര രാജെ. പാർട്ടിയിൽ തന്റെ പിന്തുണയില്ലാതെ രാജസ്ഥാനിൽ ഇപ്പോഴും ഒന്നും നടക്കില്ലെന്ന് അവർ കേന്ദ്ര നേതൃത്വത്തിനും സംസ്ഥാനത്തു തനിക്ക് എതിരു നിൽക്കുന്നവർക്കും വ്യക്തമാക്കുകയായിരുന്നു ഇപ്പോഴത്തെ സംഭവ വികാസങ്ങളിലൂടെയും.

കർണാടകയിലും മധ്യപ്രദേശിലും മറ്റു സംസ്ഥാനങ്ങളിലുമൊക്കെ വിജയം വരിച്ച കുതിരക്കച്ചവടവും ഭരണം അട്ടിമറിക്കലും രാജസ്ഥാനിൽ പരാജയപ്പെടാൻ ഒരു പരിധിവരെ കാരണമായതു വസുന്ധരയുടെ നിലപാടുകളാണ്. മുൻമുഖ്യമന്ത്രിയെ ഒഴിവാക്കി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെ മുന്നിൽ നിർത്തിയാണു ബിജെപി ചരടുവലികൾ തുടങ്ങിയത്. സർക്കാരിൽ പ്രതിസന്ധി തുടങ്ങിയശേഷമുള്ള ദിവസങ്ങളിൽ രാജെ തുടർന്ന നിശബ്ദതയ്ക്കു വലിയ മാനങ്ങൾ കൈവന്നു.

ഗെലോട്ട് സർക്കാരിനെ പിന്തുണയ്ക്കണമെന്നു വിമത എംഎൽഎമാരോടു രാജെ ആവശ്യപ്പെട്ടതായി എൻഡിഎയിൽ എങ്കിലും അവരെ എതിർക്കുന്ന ഹനുമാൻ ബേനിവാൾ എംപിയുടെ ആരോപണം പാർട്ടി കേന്ദ്ര നേതൃത്വം അറിഞ്ഞുള്ളതായിരുന്നു എന്നുവരെ ആക്ഷേപം ഉയർന്നു. അതിനിടെ ബിജെപി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കുകയും കമ്മിറ്റിയിൽ തന്റെ എതിരാളികളെ കുത്തിനിറയ്ക്കുകയും ചെയ്തതോടെ പ്രതിഷേധവുമായി അവർ ഡൽഹിയിൽ എത്തി.

ഇതോടെ രാജസ്ഥാനിൽ ഭരണമാറ്റം എന്നതു ഉടൻ ചിന്തിക്കേണ്ടതില്ല എന്നതിലേക്കു ബിജെപി നേതൃത്വം പിൻവലിയേണ്ടിയും വന്നു. ബിജെപിയിൽ നിന്നുള്ള പിന്തുണ പ്രതീക്ഷിച്ച സച്ചിനും പ്രതീക്ഷകളുടെ അസ്തമയം കുറിച്ച നടപടിയായി ഇത്. ഗെലോട്ട് വിജയം നേടുമ്പോൾ അദ്ദേഹത്തിനൊപ്പമോ അതിലധികമോ ആയി തിളക്കം നേടുന്നതു രാജെ കൂടിയാണ്. ഇപ്പോഴുണ്ടായ സംഭവങ്ങളും ആവർത്തിച്ചു ഉറപ്പിക്കുന്നതും അതുതന്നെയാണ്, നിലവിൽ രാജസ്ഥാനിലെ രാഷ്ട്രീയം ഇവർ ഇരുവരുടെയും നിയന്ത്രണത്തിലാണ്.

രാജെ ഉടക്കി, നിയമസഭാകക്ഷി യോഗം മാറ്റി

വസുന്ധര രാജെ ഉടക്കിട്ടതോടെ ബിജെപി നിയമസഭാകക്ഷി യോഗം മാറ്റി. ചൊവ്വാഴ്ച ചേരുമെന്നു പ്രഖ്യാപിച്ചിരുന്ന നിയമസഭാ കക്ഷിയോഗം ഇനി വ്യാഴാഴ്ച രാവിലെ 11നു ചേരുമെന്നാണു അറിയിച്ചിരിക്കുന്നത്. പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ തന്റെ എതിരാളികളെ കുത്തിനിറച്ചതിൽ പ്രതിഷേധവുമായി ഡൽഹിയിലുള്ള വസുന്ധര രാജെയുടെ കടുത്ത നിലപാടുകളാണു യോഗം മാറ്റി വയ്ക്കാൻ കാരണമായത്.

ദേശീയ പ്രസിഡന്റ് ജെ.പി.ന‍ഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചൊവ്വാഴ്ച യോഗം നടത്തിയാൽ തനിക്കും ഭൂരിപക്ഷം എംഎൽഎമാർക്കും പങ്കെടുക്കാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കിയതായാണ് അറിയുന്നത്. കോവിഡ് മൂലമുള്ള നിയന്ത്രണങ്ങളും മറ്റുമാണ് ഒൗദ്യോഗിക കാരണമായി മുന്നോട്ടുവച്ചത്. എന്നാൽ സംസ്ഥാന ബിജെപിയിൽ തന്റെ അറിവില്ലാതെ നടക്കുന്ന നിയമനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്ന അവരെ കൂടുതൽ പിണക്കേണ്ടതില്ലെന്നു കണ്ടാണു യോഗം മാറ്റിയത്.

English Summary: Rajasthan Political Crisis- Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com