ADVERTISEMENT

ഉരുൾപൊട്ടലിൽ തകർന്ന മൂന്നാർ പെട്ടിമുടിയിലെ ദുരന്തം നേരിട്ടെത്തി വിലയിരുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായിയും. ഹെലികോപ്റ്ററിൽ ആനച്ചാലിലെത്തിയ മുഖ്യമന്ത്രിക്കും ഗവർണർക്കുമൊപ്പം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തുടങ്ങിയവരുമെത്തി. ഉരുൾപൊട്ടി ദുരന്തമുണ്ടായ പെട്ടിമുടിയിൽ 15 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അഗ്നിശമന സേനയുടെ മുങ്ങൽ വിദഗ്ധർ അടക്കം മൂന്നൂറോളം പേരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ പുതിയ സ്ഥലത്ത് പുതിയ വീടുകളിൽ പുനരധിവസിപ്പിക്കും. പെട്ടിമുടിയിലുള്ള മറ്റുള്ളവർക്കു വീടു നിർമിച്ചുനൽകാനുള്ള സഹായം നൽകും, വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കും, ഇടമലക്കുടിയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് ഗവർണറുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി നടത്തിയത്.

സർക്കാർ ഇടപെടലുകൾക്കും പ്രഖ്യാപനങ്ങൾക്കുമപ്പുറം തുടർച്ചയായി രണ്ടാം വർഷവും മലനിരകളെ കുലുക്കിയെത്തിയ കാലവർഷത്തിൽ മരണഭീതിയിലാണ് ഇടുക്കിയിലും വയനാട്ടിലുമുള്ള നൂറുകണക്കിന് എസ്റ്റേറ്റ് പാടികൾ (ലയങ്ങൾ). ജീവിതദുരിതത്തിൽ ഉഴലുന്ന ജീവനുകൾക്കു മേലാണ് കാലവർഷം ദുരിതപ്പെയ്ത്തായും ഉരുൾപ്പൊട്ടലായും തുടർവർഷങ്ങളിൽ കടന്നെത്തിയതും.

2019ല്‍ ഉരുള്‍പൊട്ടിയ പുത്തുമല(ഫയല്‍ ചിത്രം)
ഉരുൾപൊട്ടിയ പുത്തുമല (ഫയൽ ചിത്രം)

അതിസാധാരണക്കാർ, അസാധാരണ ജീവിതം

കുടുസ്സു മുറികളില്‍ ഒരു കൂട്ടം മനുഷ്യര്‍ തിങ്ങിഞെരുങ്ങിക്കഴിയുന്ന ഇടങ്ങളാണ് എസ്‌റ്റേറ്റ് പാടികള്‍(ലയങ്ങള്‍). സ്വന്തമായി ഒരു തുണ്ടുഭൂമിയോ കിടക്കാനിടമോ ഇല്ലാത്തവര്‍. കാലാകാലങ്ങളായി ഇവിടെ ജീവിച്ചു പോരുന്നവർ. ഭൂമിക്കോ വേതനത്തിനോ ശക്തമായൊരു പ്രതിഷേധം പോലുമുയർത്താനാകാതെയാണ് ഇവരുടെ ജീവിതം. മഴയും മഞ്ഞും ചെറുത്ത് അമിതപ്രതീക്ഷകളില്ലാതെ ജീവിതം ഏങ്ങനെയും ജീവിച്ചു മാത്രം തീർക്കുന്ന ജീവിതങ്ങൾ.

വയനാട്ടിലും ഇടുക്കിയിലും തേയിലത്തോട്ടങ്ങളോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന ഇത്തരം പാടികളില്‍ ആയിരക്കണക്കിനു പേരാണു ജീവിക്കുന്നത്. ബ്രിട്ടിഷുകാരുടെ കാലത്തു നിര്‍മിച്ച പാടികളില്‍പോലും ഇപ്പോഴും താമസിക്കുന്നവർ നിരവധി. ഇത്രയും കാലം കഠിനാധ്വാനവും പട്ടിണിയും മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്. ഈയിടെയായി മഴക്കാലമാകുന്നതോടെ മരണഭയവും ഇവരെ വേട്ടയാടുന്നു. 2018 ല്‍ വയനാട് കുറിച്യര്‍ മലയിലും 2019 ല്‍ വയനാട്ടിലെ പുത്തുമലയിലും 2020 ല്‍ ഇടുക്കിയിലെ പെട്ടിമുടിയിലും ഉരുള്‍പൊട്ടി. ഈ മൂന്നു സ്ഥലങ്ങളും തേയിലത്തോട്ടങ്ങളായിരുന്നു.

2019 ല്‍ നിലമ്പൂര്‍ കവളപ്പാറയിലും ഉരുള്‍പൊട്ടിയെങ്കിലും കവളപ്പാറ തേയിലത്തോട്ടമായിരുന്നില്ല. പുത്തുമലയിലും പെട്ടിമുടിയിലും മരിച്ചവര്‍ തോട്ടംതൊഴിലാളികളായിരുന്നു. മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്തു നാലു പ്രധാന ഉരുള്‍പൊട്ടലുകളാണുണ്ടായത്. അതിസാധാരണക്കാരായ തോട്ടം തൊഴിലാളികളുടെ ജീവിതമാണ് ഉരുള്‍പൊട്ടി ചെളിമണ്ണില്‍ പുതഞ്ഞുപോകുന്നത്. ഓരോ വര്‍ഷകാലത്തും കേരളത്തിലെ ഓരോ സ്ഥലങ്ങളില്‍ നിന്നായി ഉരുള്‍പൊട്ടല്‍ വാര്‍ത്ത വന്നു കൊണ്ടിരിക്കുന്നു.

2018ല്‍ ഉരുള്‍പൊട്ടലുണ്ടായ കുറിച്യര്‍മല
2018ൽ ഉരുൾപൊട്ടലുണ്ടായ കുറിച്യർമല

മണ്ണില്‍ പുതയുന്ന പാടികള്‍

2018ലെ പ്രളയത്തിലാണ് ആദ്യം വയനാട്ടിലെ കുറിച്യര്‍മലയില്‍ ഉരുള്‍പൊട്ടിയത്. ആളപായം ഉണ്ടായില്ലെങ്കിലും എല്‍പി സ്‌കൂള്‍ ഉള്‍പ്പെടെ പലതും മണ്ണിനടിയിലായി. തലനാരിഴയ്ക്കാണ് അന്ന് പലരും മരണത്തില്‍നിന്നും രക്ഷപ്പെട്ടത്.  വീടുകള്‍ മണ്ണിനടിയിലായതോടെ നിരവധി കുടുംബങ്ങള്‍ വഴിയാധാരമായി. നിരാലംബരായവരത്രയും തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരുമായിരുന്നു.

2019ല്‍ വയനാട്ടിലെ പുത്തുമലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായത് സംസ്ഥാനത്തെ ഞെട്ടിച്ചു. 17 പേരാണ് പുത്തുമലയില്‍ നിമിഷം നേരം കൊണ്ട് മണ്ണിനടിയിലായത്. അഞ്ചുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 85 കുടുംബം ഉണ്ടായിരുന്ന പുത്തുമലയില്‍ ഇപ്പോള്‍ ആരും താമസിക്കുന്നില്ല.  2020 ലും പുത്തുമലയ്ക്കു സമീപം മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലുണ്ടായി. വീടുകള്‍ തകര്‍ന്നെങ്കിലും ആളപായമുണ്ടായില്ല. ഏറ്റവുമൊടുവിൽ കേരളത്തെ നടുക്കി ഈ വര്‍ഷം ഉരുള്‍പൊട്ടിയത് മൂന്നാര്‍ പെട്ടിമുടിയിൽ. അൻപതിലേറെ മൃതദേഹം കണ്ടെത്തി. മണ്ണിനടിയിലായ തോട്ടം തൊഴിലാളികള്‍ക്കായി ആറാം ദിവസവും തിരച്ചില്‍ തുടരുന്നു.

പുതച്ചുകിടന്ന പുതപ്പോടെയാണ് പെട്ടിമുടിയില്‍ പലരും മരണത്തെ പുല്‍കിയത്. തൊട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു ഒരു കൊച്ചുകുഞ്ഞിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കും മുമ്പേ മണ്ണോടു മൺചേര്‍ന്നു പോയവർ. മൂന്നു വര്‍ഷം തുടര്‍ച്ചയായി ഉരുള്‍പൊട്ടിയതോടെ കൂടുതല്‍ തോട്ടം തൊഴിലാളികള്‍ ഭീതിയിലായിരിക്കുകയാണ്.  കുന്നിന്‍ചെരുവില്‍ താമസിക്കുന്ന തൊഴിലാളികളിൽ പലരും അടുത്ത മഴക്കാലത്തിന് മുമ്പേ സുരക്ഷിതമായ ഇടം തേടാനുള്ള തത്രപ്പാടിലാണ്.

ഉരുള്‍പൊട്ടലിനു തിരികൊളുത്തുന്ന ‘പൈപ്പിങ്’ പ്രതിഭാസം

ഇടതൂർന്ന വനമോ, വൻമരങ്ങളോ നിലനിന്ന സ്ഥലങ്ങളാണു പിന്നീട് തേയിലത്തോട്ടങ്ങളാക്കി മാറ്റിയത്. ഇതിനായി വ്യാപകമായി മരങ്ങള്‍ മുറിച്ചു മാറ്റേണ്ടി വന്നു. മുറിച്ചുമാറ്റിയ മരങ്ങളുടെ വലിയവേരുകള്‍ മണ്ണിനടിയില്‍ ശേഷിച്ചു. ഈ വേരുകള്‍ 30 വര്‍ഷം കഴിയുമ്പോഴേക്കും ചീഞ്ഞ് നശിക്കും. വേരുകള്‍ ഉണ്ടായിരുന്ന ഈ ഭാഗം പൈപ്പ് പോലെയായി മാറും. ഇതിലൂടെ വെള്ളം കിനിഞ്ഞിറങ്ങും. ഇങ്ങനെ കിനിഞ്ഞിറങ്ങുന്ന വെള്ളം മണ്ണും പാറയും തമ്മില്‍ ചേരുന്ന സ്ഥലത്ത് ഇളക്കമുണ്ടാക്കും. ശക്തമായി വെള്ളം എത്തുന്നതോടെ പാറയ്ക്ക് മുകളിലെ മണ്ണ് ഒന്നാകെ ഒലിച്ചു പോകും. കിലോമീറ്റര്‍ കണക്കിന് പ്രദേശത്തെ മണ്ണ് ഇങ്ങനെ ഒന്നാകെ ഒലിച്ചു പോകുന്നതിനൊപ്പം ഉരുൾകൂടി പൊട്ടുന്നതോടെ ദുരന്തത്തിന്റെ വ്യാപ്തി വർധിക്കും.

തേയിലത്തോട്ടത്തില്‍ ചപ്പ് നുള്ളുന്ന തൊഴിലാളി
തേയിലത്തോട്ടത്തിൽ ചപ്പ് നുള്ളുന്ന തൊഴിലാളി

ചെരിഞ്ഞ പ്രദേശത്ത് അതിതീവ്രമഴ പെയ്യുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടാകുന്നത്. ശക്തമല്ലാത്ത മഴ പെയ്യുമ്പോള്‍ വെള്ളം സാവധാനം മണ്ണിലേക്ക് ഇറങ്ങിപ്പോകും. അതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യത കുറയും. വയനാട്, ഇടുക്കി എന്നീ പ്രദേശങ്ങളിലാണ് ഇരുള്‍പൊട്ടലിന് ഏറെ സാധ്യത.  വലിയ കുന്നുകളിലെ വന്‍മരങ്ങള്‍ ഒന്നാകെ വെട്ടിമാറ്റിയാണ് ഇവിടങ്ങളില്‍ തേയിലത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നത്.  30 ഡിഗ്രിയിലും കൂടുതല്‍ ചെരിവുള്ള സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടാന്‍ സാധ്യത കൂടുതല്‍. വയനാട്ടിലെ മിക്ക തേയിലത്തോട്ടങ്ങളും 30 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള കുന്നുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം കുന്നുകള്‍ക്ക് താഴ്‌വാരത്തായിരിക്കും പലപ്പോഴും തൊഴിലാളികൾ തിങ്ങിപ്പാര്‍ക്കുന്ന പാടികള്‍. കുന്ന് ഒന്നാകെ ഉരുള്‍പൊട്ടി താഴേക്ക് പതിച്ചാല്‍ നിലവിളിക്കാന്‍ പോലും സാധിക്കാതെ മണ്ണോടു ചേരാനേ ഇത്തരം പാടികളിലെ കുടുംബങ്ങൾക്കു സാധിക്കൂ.

ചോര്‍ന്നൊലിക്കുന്ന എസ്‌റ്റേറ്റു പാടികള്‍

ഹെക്ടര്‍ കണക്കിന് വരുന്ന തേയിലത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചതിനൊപ്പം പണിയെടുക്കാനാവശ്യമായ തൊഴിലാളികളേയും പണ്ടുകാലത്ത് എത്തിച്ചു. ഇവര്‍ക്ക് താമസിക്കാനായി നിര്‍മിക്കുന്ന കെട്ടിടങ്ങളാണ് പാടികള്‍ അഥവാ ലയങ്ങള്‍. മിക്കവാറും തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലായിരിക്കും ഈ പാടികൾ.

സാധാരണ പാടികളില്‍ മൂന്നു മുറികളാണുള്ളത്. ഒരു മുറി അടുക്കളയായാണ് ഉപയോഗിക്കുന്നത്. കഷ്ടിച്ച് രണ്ടാള്‍ക്ക് നില്‍ക്കാന്‍ മാത്രം വലുപ്പമുള്ളതായിരിക്കും ഓരോ മുറികളും. ഒറ്റമുറി മാത്രമുള്ള പാടികളും ധാരാളമുണ്ട്. ഷീറ്റോ ഓടോ മേഞ്ഞ മേല്‍ക്കൂര ഓരോ മഴക്കാലത്തും ചോര്‍ന്നൊലിക്കും. 

മേപ്പാടിയിലെ എസ്റ്റേറ്റ് പാടി
മേപ്പാടിയിലെ എസ്റ്റേറ്റ് പാടി

തേയിലത്തോട്ടങ്ങളില്‍ പണ്ടുകാലത്ത് തൊഴിലാളി ക്ഷാമം നേരിട്ടപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നുമെല്ലാം തൊഴിലാളികളെ എത്തിച്ചിരുന്നു. മറ്റെവിടേക്കും പോകാന്‍ ഇല്ലാത്തതിനാല്‍ അവരെല്ലാം തലമുറകൾ കടന്നു കേരളീയരായി. നാലുതലമുറയോളം തേയിലത്തോട്ടങ്ങളില്‍ പണിയെടുത്തിട്ടും സ്വന്തമായി ഒരു തുണ്ടു ഭൂമി പോലും വാങ്ങാന്‍ സാധിക്കാത്തവരാണ് ഇവരില്‍ പലരുമെന്നതു തന്നെ ഇവരുടെ ജീവിതദുരിതം വിളിച്ചോതുന്നു.

സ്ഥിരം ജോലിക്കാര്‍ക്കാണ് കമ്പനി പാടികള്‍ നല്‍കുന്നത്. അല്ലാത്തവര്‍ക്ക് വാടകയ്ക്ക് മുറിയെടുക്കാം. കാലപ്പഴക്കംചെന്ന പാടികള്‍ പേരിനെങ്കിലും വര്‍ഷാവര്‍ഷം നന്നാക്കാറുണ്ട്. എന്നാല്‍ ചിലയിടത്തെങ്കിലും എസ്റ്റേറ്റുകളിലെ ഉത്തരവാദപ്പെട്ടവർ പാടികളിലേക്ക് തിരിഞ്ഞുപോലും നോക്കാറില്ല. പൊട്ടിപ്പൊളിഞ്ഞ ഇത്തരം പാടികളില്‍ കഴിയുന്നവരുടെ ജീവിതം പുറംലോകം അറിയാറുമില്ല.

സ്ഥിരം ജോലി എന്ന മെച്ചം

ആറുമാസമോ അതില്‍ കൂടുതലോ തുടര്‍ച്ചയായി തോട്ടങ്ങളില്‍ ജോലി ചെയ്താലാണ് സ്ഥിരം ജോലിക്കാരായി മാറുന്നത്. സ്ഥിരം ജോലിക്കാരായാല്‍ പിഎഫ്, ബോണസ്, ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാകും. എന്നാല്‍ ഇതിനെല്ലാമപ്പുറം ആളുകളെ തോട്ടം തൊഴിലാളികളായി തുടരാന്‍ നിര്‍ബന്ധിതമാക്കുന്നത് ‘സ്ഥിരമെന്നു പറയാൻ ഒരു ജോലി’ എന്ന ചിന്തയാണ്.

തുച്ഛമായ കൂലിയാണെങ്കിലും ആഴ്ചയില്‍ ആറു ദിവസവും പണി കിട്ടുക എന്നതു തന്നെയാണ് ഏറ്റവും വലിയ കാര്യം. 400 രൂപയോളമാണ് ഒരു ദിവസം ലഭിക്കുന്നത്. നിരന്തര സമരങ്ങളുടെ ഫലമായി അടുത്തിടെയാണ് കൂലി വര്‍ധിപ്പിച്ചത്.  കോവിഡും ലോക്ഡൗണും വന്നതോടെ പല കമ്പനികള്‍ക്കും സ്ഥിരം പണി നല്‍കാന്‍ സാധിക്കാത്ത സാഹചര്യം വന്നു. ചായപ്പൊടി കയറ്റി അയക്കാന്‍ സാധിക്കാതെ കെട്ടിക്കിടന്നതോടെ കമ്പനികള്‍ തൊഴിലാളികള്‍ക്കു ജോലി നല്‍കുന്നതും കുറച്ചു. ഇതിനിടെ പല സ്ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണിലാക്കിയതോടെ പലർക്കും ജോലിക്കു പോകാനും സാധിക്കാതെ വന്നു.  ലോക്ഡൗണ്‍ കാലത്ത് പട്ടിണിയിലായ കുടുംബങ്ങളും നിരവധി. പൊരിവെയിലത്തും പെരുമഴയത്തും തോട്ടം തൊഴിലാളി പണിയെടുക്കേണ്ടി വരും. രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന ജോലി അവസാനിക്കുന്നത് വൈകീട്ട്  അഞ്ചുമണിക്ക്. ചപ്പ് കൂടുതലുള്ള സമയത്ത് മിനിമം നുള്ളേണ്ടത് 27 കിലോ ആണെങ്കിലും കൂടുതൽ തേയില നുളളിയാൽ ലഭിക്കാവുന്ന ചെറുതെങ്കിലും അധികവേതനത്തിനായി  100 മുതല്‍ 150 കിലോ വരെ നുള്ളുന്നവരുണ്ട്.

കോടമഞ്ഞിനൊപ്പം മരണഭീതിയും

പെരുമഴയ്‌ക്കൊപ്പം കാടിറങ്ങി വരുന്ന തണുത്ത കോടമഞ്ഞിനൊപ്പം മരണത്തിന്റെ തണുപ്പും പാടികളിലുള്ളവര്‍ അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. 2018 ന് മുൻപ് വരെ ഇത്തരം ഭീതി കാര്യമായി അലട്ടിയിരുന്നില്ല. 2018ലും 2019ലും വയനാട്ടില്‍ ഉരുള്‍പൊട്ടിയതോടെ മേയ് മാസമാകുമ്പോഴേക്കും പാടികളില്‍ താമസിക്കുന്ന പലരും സുരക്ഷിത സ്ഥാനം തേടിപ്പോകാന്‍ തുടങ്ങിയിരിക്കുന്നു. ബന്ധുക്കളുടെ വീട്ടിലേക്കോ വാടകയ്ക്ക് മറ്റുവീടുകളിലേക്കോ മാറുകയാണ് ഏറെപ്പേരും.

ഇതിനൊന്നും സാധിക്കാത്തവരെ കമ്പനിയോ തൊഴിലാളി സംഘടനകളോ ഇടപെട്ട് ഉരുള്‍പൊട്ടല്‍ ഭീഷണിയില്ലാത്ത പാടികളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തവണയും പുത്തുമലയുടെ സമീപത്തായി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായില്ല. മഴയ്ക്ക് അല്‍പ്പം ശമനം വന്നെങ്കിലും പാടികളിലേക്ക് മടങ്ങാൻ ഭയക്കുന്നവര്‍ നിരവധിയാണ്.

വയനാട്ടിലെ തേയിലത്തോട്ടം
വയനാട്ടിലെ തേയിലത്തോട്ടം

പുതിയ തലമുറയില്‍പ്പെട്ട ആരും തന്നെ തോട്ടം മേഖലയില്‍ ജോലിക്കു പോകാന്‍ താല്‍പര്യപ്പെടാത്ത സാഹചര്യമുണ്ട്. തുച്ഛമായ കൂലിക്ക് കഠിനാധ്വാനം ചെയ്യാന്‍ പുതുതലമുറ തയാറല്ലെന്നാണ് വാസ്തവം. തൊഴിലാളികൾക്കു മേലുളള കര്‍ക്കശമായ ഇടപെടലുകളും പുതിയ തലമുറയെ തോട്ടംമേഖലയില്‍ നിന്നും അകറ്റുന്നു. ഏതുവിധേനയും സ്വന്തമായി കുറച്ചു ഭൂമി വാങ്ങി  വീടുവയ്ക്കണമെന്ന് മോഹിക്കുന്നവരാണ് എസ്‌റ്റേറ്റ് പാടികളില്‍ ജീവിക്കുന്നവര്‍. പതിറ്റാണ്ടുകള്‍ പണിയെടുത്തിട്ടും അവരില്‍ പലര്‍ക്കും അതിന് സാധിക്കാറില്ല. ഉരുള്‍പൊട്ടല്‍ ഭീഷണികൂടി ഉടലെടുത്തതോടെ പാടികളില്‍ നിന്നും മാറിത്താമസിക്കുക എന്നത് അനിവാര്യമായി വന്നിരിക്കുകയാണ്. 

പ്രഖ്യാപനങ്ങൾ കടലാസിലാകുമോ?

ദുരിതപ്പെയ്ത്തിൽ ഉരുൾപൊട്ടി വാർത്തകളിലേക്ക് പെട്ടിമുടിയെത്തിയതോടെയാണ് ലയങ്ങളിലെ ദുരിതജീവിതം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്. ജീവിതപ്രതിസന്ധികൾ ഏറെയായിട്ടും സംഘടനകൾക്കോ സഹായകേന്ദ്രങ്ങൾക്കോ ഇവർക്കായി നേരിട്ടു പിന്തുണ എത്തിക്കാനാവില്ലെന്ന സാഹചര്യവുമുണ്ട്. ലയങ്ങളിലെ ജീവിതം നിയന്ത്രിക്കുന്നത് അവയുടെ ഉടസ്ഥാവകാശം കൂടിയുള്ള എസ്റ്റേറ്റ് നടത്തിപ്പുകാരാണെന്നതിനാൽ സന്നദ്ധ സംഘടനകൾക്കും മറ്റും ഇവരുടെ ജീവിത ഉന്നമനത്തിനായി നേരിട്ടു പ്രവർത്തിക്കുന്നതും ദുഷ്കരമാണ്. തോട്ടം ഉടമകളെക്കൂടി വിശ്വാസത്തിലെടുത്തും ഉൾപ്പെടുത്തിയുമുള്ള പുനരധിവാസ നടപടികൾക്കാണ് ലയങ്ങളിലെ താമസക്കാർ കാത്തിരിക്കുന്നത്. അതുണ്ടായില്ലെങ്കിൽ പ്രഖ്യാപനങ്ങളുടെ കടലാസുകൂട്ടത്തിലാകും ലയങ്ങൾക്കായുള്ള സർക്കാർ ഇടപെടലുകൾ.

Content Highlight: About those who live in the Estate Padi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com