ADVERTISEMENT

പത്തനംതിട്ട ∙ മഴക്കാലത്ത് കേരളത്തിലെ മലയോര റോഡുകൾ ഇടി‍ഞ്ഞു വിള്ളലുണ്ടാകുന്നതിനു പിന്നിൽ തീവ്രമഴപ്രേരിതമായ ചെറുഭൂചലത്തിനു പങ്കുണ്ടോയെന്ന് അന്വേഷണവുമായി ഭൗമഗവേഷകർ. പെട്ടിമുടിയിൽ മലയിടിഞ്ഞ ദിവസം തന്നെ മൂന്നാറിലെ ഹെഡ് വർക്സ് റോഡിലും നിലയ്ക്കൽ–പമ്പ റോഡിലും വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ഈ സംശയം ബലപ്പെട്ടത്.

ഈരാറ്റുപേട്ടയിലും മാരാമണ്ണിലും ചില കിണറുകൾ ഇടിഞ്ഞുതാണു. തൃശൂർ മേഖലയിലും ഇടുക്കി ജില്ലയിലും പലയിടത്തും ചെറുഗർത്തങ്ങൾ ഉണ്ടായി. ഭൗമതരംഗങ്ങൾ പുറത്തേക്കുവരുന്നതായി ഹാം റേഡിയോ ഓപ്പറേറ്റർമാരും സംശയം പ്രകടിപ്പിച്ചു.

ചെറുചലനങ്ങൾക്ക് സാധ്യത ഏറെ

ഭൂകമ്പമാപിനികളിലൊന്നും രേഖപ്പെടുത്താനാവാത്തവിധം വളരെ ചെറിയ പ്രകമ്പനങ്ങൾ പശ്ചിമഘട്ടത്തിൽ തീവ്രമഴ പെയ്യുമ്പോൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം മുൻ ഭൗമഗവേഷകനായ ഡോ. കെ. സോമൻ അഭിപ്രായപ്പെട്ടു.

പെട്ടിമുടിയിൽ ഒരു താഴ്‌വരയാണ് ഇടിഞ്ഞിരിക്കുന്നത്. കൂറ്റൻ കല്ലുകളും താഴേക്കു പതിച്ചിട്ടുണ്ട്. മഴവെള്ളത്തിനു പുറമെ മറ്റൊരും ബലവും ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവാം. ഇതുവഴി ചെറുഭ്രംശരേഖ കടന്നുപോകുന്നുണ്ട്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും മറ്റും ചേർന്ന് ഗൗരവതരമായ പഠനം നടത്തേണ്ടിയിരിക്കുന്നു.

കിണർ ഇടിച്ചിലും ചെറുഗർത്തങ്ങളും

കൊച്ചി-തേക്കടി സംസ്ഥാന പാതയുടെ ഭാഗമായ നിരപ്പേൽക്കട പാലത്തിന്റെ ഒരു വശം തകർന്ന നിലയിൽ.
കൊച്ചി-തേക്കടി സംസ്ഥാന പാതയുടെ ഭാഗമായ നിരപ്പേൽക്കട പാലത്തിന്റെ ഒരു വശം തകർന്ന നിലയിൽ.

കേരളത്തിന്റെ പല ഭാഗത്തും കിണർ ഇടിയുന്നതും ഭൂമിയിൽ വിള്ളൽ രൂപപ്പെടുന്നതും ഭൂമിയുടെ അന്തർഭാഗത്ത് മർദം രൂപപ്പെടുന്നതിന്റെ സൂചനയാണ്. ചില ഭ്രംശമേഖലകളെങ്കിലും സജീവമാകുന്നതായാണു സൂചനയെന്ന് ഭൗമഗവേഷകനായ ജോ‍ൺ മത്തായി പറയുന്നു.
പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ മേഖലകളിൽ തീവ്രമഴ ചെറുചലനങ്ങൾക്കു പ്രേരകമാകുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മൂന്നു വർഷമായി കാണുന്ന ഈ പ്രവണത പഠന വിധേയമാകണം. അപകട മേഖലകൾ തിരിച്ചറിഞ്ഞ് കൃത്യമായ ദുരന്തനിവാരണ പദ്ധതി തയാറാക്കാൻ സംസ്ഥാനത്തിനു കഴിയുമെന്നും ജോൺ പറഞ്ഞു.

നിലയ്ക്കൽ റോഡിലും ഇടിച്ചിൽ

ചാലക്കയത്ത് പ്ലാന്തോട്ടിൽ 60 മീറ്ററോളം റോഡിന്റെ മുക്കാൽ പങ്കും ഇടിഞ്ഞിരിക്കുകയാണ്. റോഡിനു കുറുകേ ഒന്നര അടിയോളം താഴ്ന്നിട്ടുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘവും നാറ്റ്പാക്കിന്റെ സംഘവും സ്ഥിതിഗതികൾ വിലയിരുത്തി.

വയനാട് പുഞ്ചിരിമട്ടത്ത് ഉണ്ടായ ഉരുൾപൊട്ടൽ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു.
വയനാട് പുഞ്ചിരിമട്ടത്ത് ഉണ്ടായ ഉരുൾപൊട്ടൽ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു.

വരും ദിവസത്തിൽ തിരുവനന്തപുരം എൻസെസിലെ(നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്) ഉദ്യോഗസ്ഥരും പരിശോധന നടത്തുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി നൂഹ് പറയുന്നു. എന്തെങ്കിലും ഭൂപ്രകൃതിയുടെ കാരണം കൊണ്ടാണോ സാധാരണ മണ്ണിടിച്ചിൽ മാത്രമാണോ എന്ന് പരിശോധിക്കും. സാധാരണ മണ്ണിടിച്ചിലാണെങ്കിൽ അവ ഉടൻ പരിഹരിക്കാനും അല്ലാത്തവയാണെങ്കിൽ ദീർഘകാലത്തിലേക്കുള്ള പരിഹാര നടപടികളുമാണ് ആലോചിക്കുന്നതെന്നും കലക്ടർ വ്യക്തമാക്കി.

പത്തനംതിട്ട ജില്ലാ കലക്ടറുടെ അപേക്ഷ ലഭിച്ചാലുടൻ ഇതു സംബന്ധിച്ചു പഠനം നടത്താമെന്ന് തിരുവനന്തപുരം നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഡയറക്ടർ ഇൻ ചാർജ് ഡോ. വി. നന്ദകുമാർ പറഞ്ഞു. കൊറോണമൂലം വേണ്ടത്ര വിദഗ്ധരുടെ കുറവുണ്ടെങ്കിലും കത്ത് ലഭിച്ചാൽ നടപടി എടുക്കാനാവും.

Content Highlights: Rain Havoc, Landslide, Earthquake, Heavy Rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com