ADVERTISEMENT

സംഘർഷത്തിന്റെ സ്രോതസ്സുകളായി മൂന്നു കാര്യങ്ങളെയാണ് ശാസ്ത്രീയ ചരിത്രാന്വേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന തുസ്സിഡിഡീസ് ചൂണ്ടിക്കാട്ടുന്നത്; ഭയം, ബഹുമാനം, താൽപര്യം. രണ്ടു രാജ്യങ്ങളോ പ്രദേശങ്ങളോ തമ്മിലുള്ള സംഘർഷത്തിനു വഴിതെളിക്കുന്ന ഈ മൂന്നു സ്രോതസ്സുകളുടെയും അപൂർവമായ കൂടിച്ചേരൽ കാണാം, ചൈനയുടെയും തയ്‌വാന്റെയും ഇടയിൽ. 2023ൽ വീണ്ടും അധികാരം ഉറപ്പിക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ അദമ്യമായ ആഗ്രഹത്തിനു മുന്നിൽ തയ്‌വാന്റെ ‘തല’ ചൈനീസ് വ്യാളിയുടെ കൈക്കുള്ളിലാകുമോ?

തയ്‌വാനെ കൂട്ടിച്ചേർക്കാനുള്ള ഉദ്യമങ്ങൾ ഉച്ചസ്ഥായിയിലാണെന്നാണു നിഗമനം. യുഎസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ട് മാഗസിനിൽ യുഎസ് നേവി റിട്ട. അഡ്മിറൽ ജെയിംസ് എം.വിന്നെഫെൽഡ്, സിഐഎ മുൻ ഡപ്യൂട്ടി ഡയറക്ടർ മൈക്കിൾ ജെ.മോറൽ എന്നിവരുടേതായി പ്രസിദ്ധീകരിച്ച ലേഖനമാണു തയ്‍വാനിലെ ചൈനീസ് മോഹങ്ങളുടെയും തന്ത്രങ്ങളുടെയും ഉള്ളറകൾ പരിശോധിക്കുന്നത്. സ്വേച്ഛാധിപത്യ ശൈലിയിലുള്ള കമ്യൂണിസ്റ്റ് ഭരണകൂടമെന്ന നിലയിൽ ജനതയുടെ മേലുള്ള പിടി നഷ്ടപ്പെടുന്ന ആശങ്കയിലാണു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. ഭയം ഉപയോഗിച്ചു നിയന്ത്രിക്കുന്നുണ്ടെങ്കിലും മറികടക്കാൻ ജനം ഒരുങ്ങുന്നതാണു വെല്ലുവിളി.

∙ ഭയം, ബഹുമാനം, താൽപര്യം

കോവി‍ഡ് മഹാമാരി കവർന്നെടുത്ത 2020–ാം ആണ്ടിന്റെ രണ്ടാം പകുതിയിലേക്കു കടന്നിട്ടും രോഗഭീതിയിൽനിന്നു പുറത്തുകടക്കാനോ പൂർണതോതിൽ പഴയ പ്രതാപത്തിലേക്കു പോകാനോ ചൈനീസ് ഭരണകൂടത്തിനു സാധിച്ചിട്ടില്ല. കോവിഡ് വ്യാപനം മൂടിവച്ചെന്നു ലോകം ആരോപിക്കുമ്പോൾ, അതു ശരിവച്ച്, കമ്യൂണിസ്റ്റ് പാർട്ടിയുടെയും നേതാവ് ഷിയുടെയും കഴിവിനെക്കുറിച്ച് ചൈനക്കാരും സംശയാലുക്കളാണ്. ഹോങ്കോങ്ങിൽ അധീശത്വം നേടാനുള്ള നീക്കത്തിൽ പ്രതിഷേധം വ്യാപകമായതും തുടർന്നുള്ള യുഎസ് ഉപരോധങ്ങളും കോവിഡും ചൈനീസ് സമ്പദ്‌വ്യവസ്ഥയെ തരിപ്പണമാക്കി.

ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് (ഫയൽ ചിത്രം)
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്

തയ്‌വാനെ മെയിൻലാൻഡിന്റെ ഭാഗമായാണു ചൈന കാണുന്നത്. ഈ ഭാഗത്തെ കൂട്ടിച്ചേർക്കുന്നതു ബഹുമതിയായും ഭരണകൂടം വിലയിരുത്തുന്നു. തന്റെ ഭരണത്തിന്റെ തുടക്കത്തിൽ, ചൈനയുടെ പരമോന്നത നേതാവായിരുന്ന ഡെങ് സിയാവോപിങ് ഈ പുനഃസംഘടനാ വിഷയം രാഷ്ട്രീയ പ്രസംഗങ്ങളിൽ പതിവാക്കിയിരുന്നു. ഇപ്പോൾ, ചൈനയിലെ രാഷ്ട്രീയ ബലഹീനതയും താൻ അംഗമായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിക്കുള്ളിലെ സമ്മർദവും തിരിച്ചറിഞ്ഞു ഇതിനോടു പ്രതികരിക്കാൻ ഉറച്ചിരിക്കുകയാണ് റിപ്പബ്ലിക് ഓഫ് ചൈന എന്ന തയ്‍‌വാന്റെ പ്രസിഡന്റ് സായ് ഇങ് വെൻ.

പൂർണ സ്വാതന്ത്ര്യത്തിനായി ആഹ്വാനം ചെയ്തില്ലെങ്കിലും ‘ഹോങ്കോങ് മോഡൽ’ ദുർബലമായ പശ്ചാത്തലത്തിൽ, ഭാവിയിൽ എപ്പോൾ വേണമെങ്കിലും ഒരുമിക്കുകയെന്ന സാധ്യത ഇല്ലാതായെന്നു സായ് സൂചന നൽകി. കഴിഞ്ഞ മാസങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ, ചൈനയോട് ആർക്കാണു കാർക്കശ്യം കൂടുതലെന്ന ചോദ്യത്തിലാണു പ്രമുഖ നേതാക്കൾ തയ്‍വാനിൽ ഏറ്റുമുട്ടിയത്. ഈ വാഗ്വാദങ്ങളും ചൈനയുമാള്ള ബന്ധം വീണ്ടും വഷളാക്കി. സങ്കീർണവും മറ്റു രണ്ടു ഘടകങ്ങളുമായി ഇഴപിരിഞ്ഞതുമാണ് ‘താൽപര്യം’ എന്ന സ്രോതസ്സ്.

trump
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഹുവായ്‌ കമ്പനിക്കെതിരെ യുഎസ് സ്വീകരിച്ച നടപടികൾ ചൈനീസ് സാമ്പത്തിക താൽപര്യങ്ങൾക്കെതിരായ ആക്രമണമായിരുന്നു. കമ്പനിയുടെ ഡേറ്റ വഴി ചൈനയ്ക്കുണ്ടായിരുന്ന ഇന്റലിജൻസ് മേൽക്കൈ ഇതോടെ ഇല്ലാതായി. യു‌എസിലും തയ്‌വാനിലും നിർമിക്കുന്ന മൈക്രോചിപ്പുകളെ ആശ്രയിക്കുന്നതു ചൈനയെ സംബന്ധിച്ചിടത്തോളം വലിയ സുരക്ഷാ ആശങ്കയാണ്. സാമ്പത്തിക ചാരവൃത്തി ചൈന അവസാനിപ്പിക്കുംവരെ യുഎസ് നിർമിത മൈക്രോചിപ്പുകൾ ചൈനയ്ക്കു വിൽക്കേണ്ടെന്നും അമേരിക്ക വിലക്കി. ഒറ്റരാത്രി കൊണ്ടു തയ്‌വാൻ നിർമിത ചിപ്പുകളുടെ തന്ത്രപരമായ പ്രാധാന്യം ചൈന തിരിച്ചറിഞ്ഞു.

∙ ഓപ്പറേഷൻ റെഡ് പ്രൊവിൻസ്

അമേരിക്കയ്ക്കുള്ള മറുപടിക്കായി കാത്തിരുന്ന ചൈനയ്ക്കു മുന്നിൽ നവംബർ മാസം നടക്കാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പ് തെളിഞ്ഞുവന്നു. 2023ൽ ചൈനയിൽ നടക്കുന്ന തിരഞ്ഞെടുപ്പിനു മുമ്പായി സ്വന്തം രാഷ്ട്രീയ വിജയം ഷി ചിൻപിങ്ങിന് അനിവാര്യമായി. 2021ഓടെ യുഎസിൽ‌ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും ഇപ്പോഴത്തേക്കാൾ ദുർബലമായിരിക്കും സർക്കാരെന്നും ചൈന കണക്കുകൂട്ടുന്നു. ദീർഘകാല ലക്ഷ്യം കൈവരിക്കുന്നതിന് ഈ സമയം ഉപയോഗപ്പെടുത്തണമെന്ന് ഏഴംഗ പൊളിറ്റ്ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റിയിൽ (പിബിഎസ്‍സി) ഷി ആവശ്യപ്പെട്ടു.

ഇത്തരം അവസരം ഏതാനും ദശകങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെടുള്ളൂ എന്നും പരമോന്നത നേതാവായ ഷി പറഞ്ഞതു പിബിഎസ്‍സി ഉൾക്കൊണ്ടു. 2020 ഡിസംബർ മധ്യത്തോടെ തയ്‌വാനെ ചൈനയിലേക്കു തിരികെ ചേർക്കുന്ന ‘ഓപ്പറേഷൻ റെഡ് പ്രൊവിൻസ്’ നടപ്പാക്കാൻ അംഗീകാരവും നൽകി. തയ്‍‌വാനു വേണ്ടി അമേരിക്കയുമായുള്ള തുറന്ന പോരാട്ടം ഒഴിവാക്കാനും ലക്ഷ്യം പരാജയപ്പെടുകയാണെങ്കിൽ സംഘർഷം നിയന്ത്രിക്കാനും ചൈന തുടക്കം മുതൽ ശ്രദ്ധിച്ചിരുന്നു. ഇതാണ് ‘ഓപ്പറേഷൻ റെഡ് പ്രൊവിൻസ്’ ഇതുവരെ നടക്കാതിരുന്നതിനു കാരണം.

taiwan-president-Tsai-Ing-wen-image-784-410
തയ്‍‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ.

എന്നാൽ ആയുധമില്ലാത്ത ഒട്ടേറെ യുദ്ധ തന്ത്രങ്ങൾ ചൈന നടപ്പാക്കുന്നുണ്ട്. ചൈനയിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവർത്തനഫലമായി ദ്വീപിൽ സർക്കാരിനെതിരായ ശബ്ദങ്ങളുയർന്നു. പൂർണ സ്വാതന്ത്ര്യത്തിനായുള്ള ആഹ്വാനം, തയ്‍വാനിൽ നിയമപരമായ അവകാശവാദം ഉന്നയിക്കാനുള്ള അവസരമാണു ചൈനയ്ക്കു നൽകിയത്. 2020 ഡിസംബറോടെ ദ്വീപുമായുള്ള പിരിമുറുക്കം വർധിപ്പിച്ച്, ജനുവരി ആദ്യത്തോടെ കിഴക്കൻ തീരത്ത് വലിയ സൈനികാഭ്യാസം നടത്താനുള്ള പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണു വിവരം.

ഇതു രണ്ടും തയ്‌വാനുള്ള സൂചനയാണ്; അധികാരവും ശക്തിയും ആർക്കൊപ്പമാണെന്ന് എന്നതിന്റെ വ്യക്തമായ അടയാളപ്പെടുത്തൽ. യുഎസ് തിരഞ്ഞെടുപ്പും കോവിഡുമെല്ലാമായി പടിഞ്ഞാറൻ രാജ്യങ്ങൾ തിരക്കിലമരുന്ന വേളയിലാണു ഓപ്പറേഷൻ നടപ്പാക്കാൻ ചൈന നോക്കിവച്ചിരിക്കുന്ന സമയമെന്നാണു വിന്നെഫെൽഡും മോറലും പറയുന്നത്. ഇടയ്ക്കിടെയുള്ള ചെറിയ സൈനിക നടപടികളിലൂടെ, മറ്റൊരു രാജ്യത്തെയും തയ്‌വാനിൽ‌ ഇടപെടാൻ അനുവദിക്കില്ലെന്ന താക്കീത് ഇടയ്ക്കിടെ ചൈന കൈമാറും. ഓപ്പറേഷന്റെ ഭാഗമായുള്ള സൈബർ ആക്രമണങ്ങളും തുടരുകയാണ്.

ചൈനീസ് ഇൻഫർമേഷൻ യോദ്ധാക്കളുടെ സംഘം വലിയൊരു ആഗോള കാപെയ്ൻ നടത്തിയതും ശ്രദ്ധേയമാണ്. ‘ഈ പ്രതിസന്ധി അമേരിക്കക്കാർക്ക് എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു’?, ‘ഇടപെടാൻ യുഎസിന് അധികാരമില്ല’, ‘ചൈനയ്ക്കെതിരായ ഏതെങ്കിലും രാജ്യാന്തര ശാസനയിൽ പങ്കുചേരരുത്, അങ്ങനെയുണ്ടായാൽ ചൈനീസ് വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും കുറവിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരും’ തുടങ്ങിയ വിവിധതരം ഭീഷണികളും വിശകലനങ്ങളും അടങ്ങിയ സന്ദേശങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹമാധ്യമങ്ങിലൂടെയും മറ്റും പ്രചരിപ്പിച്ചത്.

ചൈനീസ് സേന

ചൈനീസ് ഭരണകൂടത്തിന്റെ താൽപര്യത്തിന് അനുസരിച്ചാണു അവിടത്തെ മാധ്യമങ്ങൾ അച്ചുനിരത്തിയതും. ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചു കപ്പലുകളെയും വ്യോമതാവളങ്ങളെയും ടാർഗറ്റ് ചെയ്യാനുള്ള പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പി‌എൽ‌എ) കഴിവിനെക്കുറിച്ചും പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ച് യു‌എസിന്റെ പടിഞ്ഞാറൻ തീരത്തെ ലക്ഷ്യമിടാമെന്ന മുന്നറിയിപ്പ് നൽകിയും ചൈനീസ് മാധ്യമങ്ങൾ ഓപ്പറേഷന് എണ്ണയൊഴിക്കുന്നു. ഓപ്പറേഷൻ ഏതാനും ദിവസത്തിനകം പൂർത്തിയാകുമെന്നാണു ലേഖനത്തിൽ പറയുന്നത്.

∙ മൂന്നു ദിവസത്തെ ഓപ്പറേഷൻ

സംഭവിച്ചേക്കാവുന്ന ഏറ്റവും മോശം സാഹചര്യത്തിൽ മൂന്നു ദിവസം കൊണ്ട് ചൈന ഓപ്പറേഷൻ നടത്തിയെടുക്കും എന്നാണു മോറലും വിന്നെഫെൽഡും സൂചിപ്പിക്കുന്നത്. യുഎസ് പ്രസിഡന്റ് സ്ഥാനാരോഹണം നടക്കുക ജനുവരി 18ന് ആണ്. അന്നു വൈകിട്ട് മുതൽ ഓപ്പറേഷന്റെ ഭാഗമായുള്ള നീക്കങ്ങൾക്കു വേഗം കൈവരും. ദേശീയ പവർ ഗ്രിഡും മറ്റും പ്രധാന സേവനങ്ങളും സൈബർ ആക്രമണത്തിലൂടെ ചൈന പ്രവർത്തനരഹിതമാക്കും. ഇതോടെ കടൽ, വായു മാർഗങ്ങളിൽ ഉപരോധമുണ്ടാകും. പി‌എൽ‌എയുടെ അന്തർവാഹിനികളും ജലയുദ്ധ സന്നാഹങ്ങളും ദൗത്യത്തിൽ പങ്കാളികളാകും.

ചൈനീസ് വ്യോമസേനയുടെ ജെ–11 യുദ്ധവിമാനങ്ങൾ (ഫയൽ ചിത്രം)
തയ്‌വാൻ അതിർത്തിയിൽ കഴിഞ്ഞദിവസം ചൈന പറത്തിയ ഫൈറ്റർ വിമാനങ്ങൾ

യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, തയ്‌വാനുമായി അടുപ്പമുള്ള മറ്റു രാജ്യങ്ങൾ എന്നിവർക്ക് ഇടപെടരുതെന്ന കർശന മുന്നറിയിപ്പ് നൽ‌കും. സൈനിക നടപടികൾക്കു ശേഷമുള്ള രണ്ടാം ദിവസം, ആഗോള ഓഹരി വിപണികൾ തകർന്നടിയും. ആക്രമണത്തെ അപലപിച്ചുള്ള പ്രസ്താവനകളോടെ ലോക നേതാക്കളുടെ പ്രതിഷേധം ഒതുങ്ങും. പല പ്രശ്‌നങ്ങളാൽ വലയുന്ന വാഷിങ്ടനു പ്രതികരിക്കാനും കഴിയില്ല. മൂന്നാം ദിവസമാകുമ്പോഴേക്കും യുഎസിനു തിരിച്ചുപിടിക്കാൻ പറ്റാത്തവിധമാകും കാര്യങ്ങൾ. ആക്രമണത്തെ വെള്ളപൂശി ഷി ചിൻപിങ് വിളംബരം ചെയ്യും: ‘ചൈനയുടെ സ്വപ്നം യാഥാർഥ്യമായി, തയ്‌വാൻ ജനതയ്ക്കു വീട്ടിലേക്കു സ്വാഗതം.’

∙ ചൈന– യുഎസ് പോര് മുറുകും

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണ നേരിട്ടറിയിക്കാനാണു യുഎസ് ആരോഗ്യ സെക്രട്ടറി അലക്സ് അസർ കഴിഞ്ഞദിവസങ്ങളിൽ തയ്‌വാൻ സന്ദർശിച്ചത്. ഇതിലൂടെ യുഎസ് പ്രതീക്ഷിച്ചതു തന്നെ നടന്നു. സന്ദേശം കൈമാറിയതു തയ്‌വാനായിരുന്നെങ്കിലും വായിച്ചു പ്രതികരിച്ചത് ചൈനീസ് ഭരണകൂടമായിരുന്നു. തയ്‌വാൻ തലസ്ഥാനമായ തായ്‌പേയിൽ അസർ പര്യടനം നടത്തുന്നതിനിടയിൽ, നിരവധി ചൈനീസ് യുദ്ധവിമാനങ്ങൾ സമുദ്രാതിർത്തിയിലൂടെ ഇരമ്പിയെത്തി മുന്നറിയിപ്പ് നൽകി.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്
ഡോണൾഡ് ട്രംപും ഷി ചിൻപിങ്ങും

1949ൽ രക്തരൂഷിത ആഭ്യന്തരയുദ്ധം അവസാനിച്ച് തയ്‍‌വാൻ ചൈനയിൽനിന്ന് പിരിഞ്ഞശേഷം അവരുമായി അടുത്ത ബന്ധമാണു യുഎസ് പുലർത്തുന്നത്. എന്നാൽ ബെയ്ജിങ്ങിനെ പിണക്കാതിരിക്കുന്നതിന്റെ ഭാഗമായി വലിയ സൗഹൃദ പ്രകടനങ്ങൾ ഒഴിവാക്കിയിരുന്നു. കുറച്ചുനാളുകളായി സാമ്പത്തിക മേഖലകളിലുൾപ്പെടെ ചൈനയുമായി ഇടഞ്ഞുനിൽപ്പാണു യുഎസ്. തയ്‍വാനിലൂടെയും ചൈനയ്ക്കെതിരായ നീക്കമാണു യുഎസ് ഉന്നമിടുന്നത്. 1979ന് ശേഷം തയ്‌വാൻ സന്ദർശിച്ച ഏറ്റവുമുയർന്ന ഉദ്യോഗസ്ഥനായ അസറിലൂടെ ദ്വീപുരാജ്യത്തെ അടുപ്പിക്കാനാണു ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്.

‘യുഎസ് പരസ്യമായി പറയുന്നു, തയ്‌വാനുമായുള്ള ബന്ധം മറ്റാരുമായുള്ള ബന്ധത്തേക്കാൾ വ്യത്യസ്തമാണെന്ന്. ഞങ്ങൾക്ക് എല്ലായ്പ്പോഴും ചൈനീസ് ഭീഷണിയുണ്ട്. തയ്‌വാനും യുഎസും തമ്മിലുള്ള ബന്ധം നല്ലതാണോ ചീത്തയാണോ എന്നതു പ്രശ്നമല്ല, അത് എല്ലായ്പ്പോഴും ഉണ്ട്.’– തയ്‌വാൻ വിദേശകാര്യ മന്ത്രി ജോസഫ് വു പറഞ്ഞു. യുഎസ് തയ്‌വാനുമായി കൂടുതൽ അടുക്കുന്നതും വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പും അമേരിക്ക - ചൈന ബന്ധത്തെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്നു സെറ്റൺ ഹാൾ യൂണിവേഴ്‌സിറ്റിയിൽ ചൈനീസ് നിയമ വിദഗ്ധനായ മാഗി ലൂയിസ് പറഞ്ഞു.

‘തയ്‌വാൻ ആവശ്യപ്പെടുന്നത് ശക്തമായ സുസ്ഥിര ദാമ്പത്യമാണ്, ആവേശകരമായ പ്രണയമല്ല’– ലൂയിസ് പറഞ്ഞു. ഇന്ന്, 15 രാജ്യങ്ങൾ മാത്രമാണ് തയ്‌വാനുമായി ഔദ്യോഗിക നയതന്ത്ര ബന്ധം പുലർത്തുന്നത്, കൂടുതലും ചെറിയ ദ്വീപ് രാജ്യങ്ങൾ. ഇവയുടെ എണ്ണം വർഷം തോറും കുറയുകയുമാണ്. ‘ഒറ്റ ചൈന’ നയത്തെ വാഷിങ്ടൻ പരസ്യമായി അംഗീകരിക്കുന്നുണ്ടെങ്കിലും ദ്വീപിനു വേണ്ടിയുള്ള അവകാശവാദങ്ങളെ അംഗീകരിക്കുന്നില്ല. സൈനിക ഹാർഡ്‌വെയറിന്റെ വലിയ വിൽപ്പന ഉൾപ്പെടെ തായ്‌പേയ്‌ക്ക് പതിവായി യുഎസ് പിന്തുണയും നൽകുന്നു.

peoples-liberation-army-pla
ചൈനീസ് സേന.

തായ്‌പേയിയെ എപ്പോഴെങ്കിലും ബെയ്ജിങ് സൈനികപരമായി ഭീഷണിപ്പെടുത്തിയാൽ പ്രതിരോധിക്കുമെന്നു 1979ൽ യുഎസ് പാസാക്കിയ തയ്‌വാൻ റിലേഷൻസ് ആക്ടിൽ നിർദേശമുണ്ട്. തയ്‍വാൻ പ്രസിഡന്റ് സായിയും സർക്കാരും യുഎസിനെ സ്വീകരിക്കാൻ തിടുക്കം കാട്ടിയിട്ടില്ലെന്നും രണ്ടു വൻ ശക്തികൾക്കിടയിലെ സംഘർഷങ്ങളിൽ അകപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തുന്നതായും നയതന്ത്ര വിദഗ്ധർ നിരീക്ഷിക്കുന്നു. തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചാലും ഇല്ലെങ്കിലും ബെയ്ജിങ്ങിനോടുള്ള കടുത്ത നിലപാട് തുടരുമെന്നതിൽ ഉറപ്പില്ല. യുഎസും ചൈനയും തമ്മിൽ ദീർഘകാലം വൈരാഗ്യം ഉണ്ടായേക്കില്ലെന്നതു കൂടി തയ്‌വാൻ പരിഗണിക്കണമെന്നാണു വിദഗ്ധരുടെ ഉപദേശം.

English Summary: Taiwan risks being caught up in the power struggle between the United States and China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com