ADVERTISEMENT

ലണ്ടൻ ∙ ഗാന്ധിജിയുടെ നൂറു വർഷത്തിലേറെ പഴക്കമുള്ള കണ്ണട ബ്രിട്ടനിൽ ലേലത്തിൽ വിറ്റത് രണ്ടര കോടി രൂപയ്ക്ക്. ഇന്നലെയാണ് ബ്രിസ്റ്റോളിലെ ഓക്‌ഷൻ ഹൗസിൽനിന്നും അമേരിക്കക്കാരനായ ഒരാൾ ഗാന്ധിജിയുടെ സ്വർണനിറമുള്ള കണ്ണട ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കിയത്. 2.60 ലക്ഷം പൗണ്ടാണ് അമേരിക്കക്കാരനായ ഇയാൾ ഓൺലൈൻ ബിഡ്ഡിങ്ങിൽ കണ്ണടയ്ക്കു വിലയിട്ടത്. ഇന്നത്തെ വിനിമയ നിരക്കിൽ 2.5 കോടിക്കു തുല്യമായ തുകയാണിത്. 

ബ്രിസ്റ്റോൾ ഓക്‌ഷൻ ഹൗസിൽ ഇതുവരെയുള്ള റെക്കോർഡ് തുകയാണു ഗാന്ധിജിയുടെ വട്ടക്കണ്ണടയ്ക്കു ലഭിച്ചതെന്ന് ഓക്‌ഷണിയർ ആൻഡ്രൂ സ്റ്റോവ് വ്യക്തമാക്കി. തുകയേക്കാളുപരി ഈ ലേലം ചരിത്രപ്രാധാന്യം ഏറിയതായതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കേവലം 15,000 പൗണ്ടായിരുന്നു ഓഗസ്റ്റ് ഒൻപതിന് ഓക്‌ഷൻ ഹൗസിന്റെ ലെറ്റർ ബോക്സിൽ ലഭിച്ച കണ്ണടയ്ക്ക് അടിസ്ഥാനവില ഇട്ടിരുന്നത്. 

ബ്രിസ്റ്റോൾ മാംഗോട്സ് ഫീൽഡിലെ വൃദ്ധനായ ഒരാളായിരുന്നു കണ്ണടയുടെ ഉടമ. ലേലത്തിൽ കിട്ടിയ വൻ തുക മകൾക്കൊപ്പം വീതിച്ചെടുക്കാനാണു തീരുമാനം. ഇദ്ദേഹത്തിന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചിരുന്നതാണ് ഗാന്ധിജിയിൽനിന്നും സമ്മാനമായി ലഭിച്ച ഈ കണ്ണട. കുടുബത്തിലെ ഒരാൾ 1920ൽ സൗത്ത് ആഫ്രിക്കയിൽവച്ച് ഗാന്ധിജിയെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് സമ്മാനമായി നൽകിയതാണ് ഈ കണ്ണട എന്നാണ് അറിവ്. എന്നാൽ ഇത് ആരാണെന്ന് ഉടമയ്ക്കു വ്യക്തമായി അറിയില്ല. 

ഈമാസം ഒൻപതിന് ഈസ്റ്റ് ബ്രിസ്റ്റോളിലെ ഓക്‌ഷൻ സെന്ററിന്റെ ലെറ്റർ ബോക്സിൽ വെളുത്ത ഒരു കവറിലാക്കിയാണ് ഉടമ  കണ്ണട നിക്ഷേപിച്ചിരുന്നത്. ഇത് ഗാന്ധിജിയുടേതാണ്, എന്നെ വിളിക്കുക എന്നൊരു കുറിപ്പുമുണ്ടായിരുന്നു. വെള്ളിയാഴ്ച നിക്ഷേപിച്ച കണ്ണട തിങ്കളാഴ്ചയാണു ശ്രദ്ധയിൽ പെട്ടത്. അന്നുതന്നെ ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വലിയ വാർത്തയായി. ചരിത്രരേഖകളിൽ ഗാന്ധിജി കണ്ണട ധരിച്ചു തുടങ്ങിയ വർഷം പരിശോധിക്കുമ്പോൾ ഇത് അദ്ദേഹത്തിന്റെ ആദ്യകാല കണ്ണടകളിൽ ഒന്നായിരിക്കും എന്നാണ് ഓക്‌ഷൻ ഹൗസ് അവകാശപ്പെടുന്നത്.

English Summary: Mahatma Gandhi's gold-plated glasses e-auctioned in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com