ADVERTISEMENT

തിരുവനന്തപുരം∙സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് പൊളിറ്റിക്കൽ വിഭാഗം ഓഫിസിൽ തീപിടിത്തം. പൊതുഭരണ പൊളിറ്റിക്കൽ ഓഫിസിലെ റൂം ബുക്കിങ് ഫയലുകൾ സൂക്ഷിച്ചിരിക്കുന്ന റാക്കിലാണ് തീപിടിച്ചത്. ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഏതാനും ഫയലുകൾ മാത്രമാണ് കത്തിയതെന്നു പൊതുഭരണ വകുപ്പ് അറിയിച്ചു. ചെങ്കൽചൂളയിൽനിന്ന് അഗ്നിശമനസേനയെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ അടക്കമുള്ള ഏജൻസികൾ അന്വേഷിക്കുന്ന ഫയലുകൾ സൂക്ഷിക്കുന്ന സ്ഥലത്ത് തീപിടിത്തമുണ്ടായതിനു പിന്നിൽ ദുരൂഹതയുണ്ടെന്നു കോൺഗ്രസും ബിജെപിയും ആരോപിച്ചു. സെക്രട്ടേറിയറ്റിനുള്ളിൽ പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെയും സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകരെയും ചീഫ് സെക്രട്ടറി നേരിട്ടെത്തി പുറത്താക്കി. പ്രതിഷേധിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദൻ അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും എൻഐഎ അന്വേഷിക്കണമെന്നും സ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോൺഗ്രസ് എംഎൽഎമാരെ സെക്രട്ടേറിയറ്റിനകത്തേക്ക് കടത്താത്തതിൽ പ്രതിഷേധമുണ്ടായി.

ചീഫ് സെക്രട്ടറിയുടെ ഓഫിസിനു മുകളിലുള്ള നിലയിലെ പൊതുഭരണവകുപ്പ് പൊളിറ്റിക്കൽ ഓഫിസിൽ വൈകിട്ട് 4.45ഓടെയാണ് തീപിടിത്തമുണ്ടായത്. സർക്കാർ ഗസ്റ്റ്ഹൗസുകളിൽ മുറി ബുക്കുചെയ്യുന്നതുമായി ബന്ധപ്പെട്ട് തീർപ്പാക്കിയ ഫയലുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായതെന്നും പ്രധാന ഫയലുകൾ ഇവിടെ സൂക്ഷിക്കാറില്ലെന്നും അവ സുരക്ഷിതമാണെന്നും സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് അധികൃതർ അറിയിച്ചു.

ഇലക്ട്രിക് വയറിലുണ്ടായ തീപ്പൊരിയെ തുടർന്നു സമീപ റാക്കിലെ ഫയലുകളിലേക്ക് തീപടർന്നു എന്നാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനമെന്നു സ്റ്റേഷൻ ഓഫിസർ സി. പ്രവീൺ പറഞ്ഞു. 5 ബണ്ടിൽ ഫയലുകളും ഉപകരണങ്ങളും കത്തി നശിച്ചു.  മറ്റു സെക്‌ഷനുകളിലേക്ക് തീ പടരും മുൻപ് അഗ്നിശമനസേന തീയണച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com