ADVERTISEMENT

തിരുവനന്തപുരം∙ ആറന്മുളയിൽ കോവിഡ്‌ രോഗിയെ കനിവ് 108 ആംബുലൻസിനുള്ളിൽ പീഡിപ്പിച്ച സംഭവത്തിൽ ആംബുലൻസ്‌ പൈലറ്റ്  വി.നൗഫലിനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ നിർദേശത്തെ തുടർന്നാണ് നടപടി. സംഭവത്തിൽ 108 ആംബുലൻസ്‌ ദുരയുപയോഗം ചെയ്തതിനു നൗഫലിന് എതിരെ പൊലീസിന് പരാതി നൽകി. 

സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംത്തിട്ട ജില്ലാ പ്രോഗ്രാം മാനേജരെ ചുമതലപ്പെടുത്തി. പൊലീസ് ആവശ്യപ്പെട്ടത് അനുസരിച്ച് സംഭവ സമയത്തെ ആംബുലൻസിന്റെ ജിപിഎസ് വിവരങ്ങൾ കൈമാറി. അന്വേഷണത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് പൂർണ പിന്തുണ ഉണ്ടാകും.

കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് കനിവ് 108 ആംബുലൻസ്‌ ജീവനക്കാർ. നിലവിൽ സംസ്ഥാനത്തുടനീളം കനിവ് 108 ആംബുലൻസിന്റെ 293 ആംബുലൻസുകളും ആയിരത്തിലധികം ജീവനക്കാരുമാണ് കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായിരിക്കുന്നത്. ഇതുവരെ ഒന്നര ലക്ഷം കോവിഡ്‌ ട്രിപ്പുകൾ സംസ്ഥാനത്തുടനീളം കനിവ് 108 ആംബുലൻസുകൾ നടത്തി. എന്നാൽ ഇത്തരം സംഭവങ്ങൾ 108 ആംബുലൻസിനോടുള്ള ജനങ്ങളുടെ സമീപനത്തെ തന്നെ ബാധിക്കും. തുടർ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട  കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കനിവ് ആംബുലൻസ് അധികൃതർ പത്രകുറിപ്പിൽ അറിയിച്ചു.

എഴുത്തുപരീക്ഷ, ഡ്രൈവിങ് ടെസ്റ്റ്, അഭിമുഖം എന്നിവ നടത്തിയ ശേഷമാണ് ജീവനക്കാരെ ജോലിക്ക് എടുക്കുന്നത്. ജോലിയിൽ പ്രവേശിക്കുന്ന സമയം ജീവനക്കാർ മെഡിക്കൽ സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതുണ്ട്. ഈ സമയം ഹാജരാക്കാൻ കഴിയാത്തവരിൽനിന്ന് അത് ഉടൻ ഹാജരാക്കാമെന്ന് രേഖാമൂലം എഴുതി വാങ്ങിയാണ് ജോലിയിൽ പ്രവേശിപ്പിക്കുന്നത്. 

അത്തരത്തിൽ കായംകുളം പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് സഹിതം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉടൻ ഹാജരാക്കാം എന്ന് നൗഫൽ എഴുതി നൽകിയിരുന്നു. 2014-2015ൽ ആലപ്പുഴ ജില്ലയിൽ 108 ആംബുലൻസിൽ ജോലി ചെയ്ത മുൻപരിചയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉടൻ ഹാജരാക്കാം എന്ന ഉറപ്പിന്മേലാണ് കുറ്റാരോപിതനായ നൗഫലിനെ ജോലിയിൽ പ്രവേശിപ്പിച്ചതെന്നും കനിവ് അധികൃതർ അറിയിച്ചു.  

25 ഫെബ്രുവരിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാത്തവർ ഉടൻ ഹാജരാക്കണമെന്നും അല്ലാത്ത പക്ഷം കർശന നടപടി സ്വീകരിക്കുമെന്നും കാട്ടി കമ്പനി സർക്കുലർ ഇറക്കിയിരുന്നു. കോവിഡ്‌ 19 പശ്ചാത്തലത്തിൽ രേഖകൾ സമർപ്പിക്കാത്തവർക്കെതിരെയുള്ള നടപടി താൽകാലികമായി നിറുത്തിവെച്ചിരിക്കുന്നതിനിടയിലാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ നിലവിൽ കനിവ് 108 ആംബുലൻസ്‌ സർവീസിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരും ഉടനടി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

English Summary : Aranmula rape case : Ambulance driver expelled from job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com