ADVERTISEMENT

നൃത്തമായിരുന്നു എനിക്കെല്ലാം.. നൃത്തം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ഒരു കുട്ടി.. എന്നാല്‍ ഒരു ആണ്‍കുട്ടി ആണെന്ന കാരണത്താല്‍ എന്റെ പ്രിയപ്പെട്ട വിനോദം നല്‍കിയ അപമാനങ്ങളും വേദനകളും വളരെയേറെയാണ്. നൃത്തത്തെ സ്‌നേഹിച്ചതിന്റെ പേരില്‍ ആണായ തനിക്ക് സഹിക്കേണ്ടി വന്ന അപമാനങ്ങളെക്കുറിച്ചും ലൈംഗിക അതിക്രമത്തെ കുറിച്ചും ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന സമൂഹമാധ്യമ പേജില്‍ യുവാവ് പങ്കുവച്ച അനുഭവം ചർച്ചയാകുന്നു.

കുറിപ്പ് ഇങ്ങനെ:

എന്റെ പതിമൂന്നാം വയസ്സിലാണ് രാധയെപ്പോലെ അണിയിച്ചൊരുക്കി അമ്മ ഒരു ബന്ധുവിന്റെ കല്യാണത്തിന് കൊണ്ടുപോയത്. അവിടെ അന്ന് വൈകിട്ടു മുഴുവന്‍ ഞാന്‍ നൃത്തം ചെയ്തു. ഒരു ബന്ധുവൊഴികെ മറ്റെല്ലാവരും എന്നെ അനുമോദിച്ചു. അയാള്‍ എന്റെ പുറകില്‍ തട്ടിയിട്ടു പറഞ്ഞു ഡാന്‍സൊക്കെ നിര്‍ത്തിക്കോ അല്ലെങ്കില്‍ നീ ആണും പെണ്ണും കെട്ടവനായിപ്പോകുമെന്ന്. അന്ന് അയാള്‍ എന്നെ അനുമോദിച്ചതാണ് എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ നന്ദിയും പറഞ്ഞ് നടന്നകന്നു. 

പതിയെ പതിയെ ക്ലാസിക്കല്‍ നൃത്തത്തോടുള്ള എന്റെ അഭിനിവേശവും വളര്‍ന്നു. എവിടെയെങ്കിലും ഒരു താളം കേട്ടാല്‍ എന്റെ കാലുകള്‍ അറിയാതെ ചലിക്കാന്‍ തുടങ്ങുമെന്ന അവസ്ഥയായി, എവിടെയാണെന്നു പോലും നോക്കാതെ. അമ്മ എന്നെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയും കഥക് ക്ലാസില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ ഞാന്‍ മാത്രമാണ് ആണ്‍കുട്ടിയായി ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ പെണ്‍കുട്ടികള്‍ 'നിനക്കിതൊന്നും ചേരില്ല' എന്ന് പറഞ്ഞു കളിയാക്കാനും ചിരിക്കാനും തുടങ്ങി. എന്നാല്‍ ഇതൊന്നും എന്നെ ബാധിച്ചിരുന്നില്ല. എല്ലാം മറന്ന് ഞാന്‍ നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 

എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. ഒരു നൃത്ത പരിപാടി കഴിഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു അത് സംഭവിച്ചത്. ഒരാള്‍ എന്നെ വലിച്ച് ഒരു മൂലയിലേക്കു കൊണ്ടുപോയി. എന്റെ അരയില്‍ ബലമായി പിടിച്ചു. 'അങ്കിള്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്? എനിക്ക് മനസ്സിലാകുന്നില്ല' എന്ന് അലറിവിളിച്ച് അയാളുടെ കൈ തട്ടി മാറ്റാന്‍ നോക്കി. എന്നാല്‍ അയാളുടെ ബലിഷ്ഠമായ കൈകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ പ്രയാസപ്പെട്ടു. എങ്ങനെയൊക്കെയോ അയാളെ തട്ടിമാറ്റി ഞാന്‍ രക്ഷപ്പെട്ട് വീട്ടിലേക്ക് ഓടി. എന്താണ് സംഭവിച്ചതെന്ന് എന്റെ മാതാപിതാക്കളോട് പറയാനുള്ള ധൈര്യം എനിക്ക് അന്ന് ഉണ്ടായിരുന്നില്ല. 

dancer-with-mother

ഞാന്‍ ആകെ ഭയന്നു വിറച്ചു, കരച്ചില്‍ നിര്‍ത്താന്‍ സാധിച്ചില്ല. ഒരു നൂറായിരം ചോദ്യങ്ങള്‍ എന്റെ തലയില്‍ നിറഞ്ഞു-' ഇനി അയാളെ കണ്ടാല്‍ ഞാനെന്തു ചെയ്യും? എന്റെ മാതാപിതാക്കളെ നാണം കെടുത്തുമോ? - ഇതൊക്കെ ഓര്‍ത്ത് തല കറങ്ങുന്നത് പോലെ അനുഭവപ്പെട്ടു. അതെന്നെ വല്ലാതെ ബാധിച്ചു, ഒടുവില്‍ നൃത്തം അവസാനിപ്പിക്കാം എന്ന തീരുമാനം എടുക്കുന്നത്രത്തോളം അതെന്ന് കൊണ്ടെത്തിച്ചു. എന്താണ് സംഭവിച്ചത് എന്ന് അമ്മ ഒരുപാട് ചോദിച്ചു, എന്നാല്‍ പഠനത്തില്‍ ശ്രദ്ധിക്കണമെന്ന് മാത്രമേ ഞാന്‍ മറുപടി നല്‍കിയുള്ളൂ.

അടുത്ത ആറു വര്‍ഷത്തേക്ക് നൃത്തമെന്ന എന്റെ ജീവിതാഭിലാഷത്തെ തന്നെ ഒഴിവാക്കി നിര്‍ത്തി. എന്നാല്‍ അത് കൂടുതല്‍ വേദന മാത്രമാണ് സമ്മാനിച്ചത്. എന്നിലേക്കും എന്റെ മുറിയിലേക്കും മാത്രം ഒതുങ്ങി കഴിഞ്ഞു. ആരോടും സംസാരിക്കാതെയായി. ഒടുവില്‍ എന്റെ മാറ്റം കണ്ട് അമ്മ എന്നെ വീണ്ടും ഉണര്‍ത്താന്‍ തീരുമാനിച്ചു. 'തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി എന്തും ചെയ്യുന്ന ആ ചുണക്കുട്ടി എവിടെ' എന്ന് ചോദിച്ച് അമ്മ വീണ്ടും എന്നെ ഇഷ്ടപാതയിലേക്ക് തിരികെയെത്തിക്കാന്‍ ശ്രമിച്ചു. നൃത്തം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച നിരവധി പ്രശസ്ത നര്‍ത്തകരുടെ കഥകള്‍ പറഞ്ഞു തന്നു. അങ്ങനെ കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി ഭയത്തെ മറികടക്കാന്‍ ഒറ്റ വഴിയേ ഉള്ളൂവെന്ന്, അതിനെ അഭിമുഖീകരിക്കുക.

അങ്ങനെ എന്റെ 21ാം വയസ്സില്‍ ഞാന്‍ ഒഡീസി പഠിക്കാന്‍ തീരുമാനിച്ചു. അതിനുശേഷം കളിയാക്കലുകളും ഭീഷണികളും ശല്യപ്പെടുത്തലുകളും ഒക്കെ ജീവിതത്തില്‍ നിത്യ സംഭവങ്ങള്‍ തന്നെയായി. ഒരു ദിവസം ഡാന്‍സ് ക്ലാസില്‍നിന്നു തിരികെ വരും വഴി കുറച്ച് ആണ്‍കുട്ടികള്‍ ചേര്‍ന്ന് എന്നെ തടഞ്ഞുനിര്‍ത്തി 'ഇനിയും നീ നൃത്തം ചെയ്താല്‍ ഞങ്ങള്‍ നിന്നെ അടിക്കു'മെന്ന് ഭീഷണിപ്പെടുത്തി. അന്ന് ഞാന്‍ വളരെയധികം ഭയപ്പെട്ടു. മറ്റൊരു ദിവസം മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ എന്റെ കൈയ്യില്‍ കയറി പിടിച്ച് ' ഒരു രാത്രിക്ക് എത്രയാ റേറ്റ്?' എന്ന് ചോദിച്ചു. അയാളെ തള്ളിമാറ്റി ഞാന്‍ മെട്രോയില്‍ നിന്ന് ഇറങ്ങി. 

ഏറ്റുമുട്ടല്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല, അതിനാല്‍ ഞാന്‍ സാധാരണഗതിയില്‍ എല്ലാവരില്‍ നിന്നും അകന്നുപോകും, പക്ഷേ ഇതേ അനുഭവം എന്റെ ഇളയ സഹോദരന് സംഭവിച്ചപ്പോള്‍ ഞാന്‍ വെറുതെയിരുന്നില്ല. ഒരു നൃത്ത പരിപാടിക്ക് നൃത്തം അവതരിപ്പിക്കാന്‍ അവന് സാരി ധരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഒരു ബന്ധു പറഞ്ഞു 'വേണ്ട നീയും നിന്റെ ചേട്ടനെ പോലെയാകും' എന്ന്. അത് കേട്ട് ഞാന്‍ അയാളോട് വായടയ്ക്കാന്‍ ആവശ്യപ്പെട്ടു, അയാളെ നന്നായി ചീത്ത പറയുകയും ചെയ്തു. 

ഒരു 'പുരുഷന്‍' എന്താണ് എന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിന് മാറ്റം വരുത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നൃത്തം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ഥിയാണ് ഞാന്‍. അതുകൊണ്ട് ഞാനൊരു ആണല്ലാതാകുമോ? എന്തായാലും നൃത്തം ചെയ്ത് ലഭിച്ച പണം കൊണ്ട് അമ്മയ്ക്ക് ഞാനൊരു സ്വര്‍ണ മോതിരം വാങ്ങി നല്‍കി! ഞാന്‍ സന്തോഷവാനാണ്, എന്റെ കുടുംബവും-  പിന്നെ എന്തുകൊണ്ട് ഞങ്ങള്‍ക്ക് ജീവിച്ചുകൂടാ?

English Summary : Facebook post of a man who face threats and harassment of being a male dancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com