ADVERTISEMENT

തൃശൂർ∙ കൊടകര ഉളുമ്പത്തുകുന്നില്‍ കടമുറിയുടെ വരാന്തയില്‍ ചോര തളംകെട്ടിയിട്ടുണ്ട്. ഭിത്തിയിലാകെ ചോരപ്പാടുകള്‍. വിവരമറിഞ്ഞ ഉടനെ കൊടകര ഇന്‍സ്പെക്ടര്‍ ജി.അരുണും സംഘവും സ്ഥലത്തേക്ക് കുതിച്ചു. എന്തോ അപായം സംഭവിച്ചിരിക്കുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മനസ്സ് പറഞ്ഞു. മേലുദ്യോഗസ്ഥരെ വിവരമറിയിച്ചു. ചാലക്കുടി ഡിവൈഎസ്പി സി.ആര്‍.സന്തോഷും സ്ഥലത്തെത്തി. തൃശൂര്‍ റൂറല്‍ എസ്പി ആര്‍.വിശ്വനാഥ് നേരിട്ടു വിളിച്ച് കാര്യങ്ങള്‍ ആരാഞ്ഞു. ‘ഗൗരവമായി അന്വേഷിക്കണം’. എസ്പിയുടെ നിര്‍ദ്ദേശം എത്തിയതോടെ പൊലീസ് സംഘങ്ങള്‍ ഉണര്‍ന്നു. 

മനുഷ്യരക്തം തന്നെയോ?

വരാന്തയില്‍ രക്തം തളംകെട്ടി കിടക്കുന്നത് കണ്ടപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു സംശയം കൂടി തോന്നി. ഇനി വല്ല മൃഗങ്ങളുടേയും രക്തമാകുമോ?. പരിസരത്തൊന്നും അപകടം നടന്നതിന്റെ ലക്ഷണമില്ല. മനുഷ്യ രക്തമാണോയെന്ന് ആദ്യം സ്ഥിരീകരിക്കണം. ഫൊറന്‍സിക് വിദഗ്ധരെ കൊണ്ടുവന്ന് രക്ത സാംപിള്‍ ശേഖരിച്ചു. ഉടനെ പരിശോധനയ്ക്കായി അയച്ചു. പക്ഷേ, ഫലം അറിയാന്‍ രണ്ടു ദിവസം കാത്തിരിക്കണം. അതുവരെ കാത്തിരുന്നാല്‍ വിലപ്പെട്ട സമയമാകും നഷ്ടപ്പെടുക. ഇനി ആരെയെങ്കിലും അപായപ്പെടുത്തി കുഴിച്ചിട്ടതാകുമോ?. 

അങ്ങനെയെങ്കില്‍ കാത്തിരിക്കുന്നത് അപകടമാകും. ഗോള്‍ഡന്‍ അവേഴ്സ് എന്ന് പൊലീസ് ഭാഷയില്‍ പറയും. അതുകൊണ്ട് തന്നെ മനുഷ്യ രക്തമാണെന്ന് കരുതി തന്നെ അന്വേഷണം തുടര്‍ന്നു. 

ആശുപത്രികളിൽ  പരതി

വണ്ടി തട്ടിയ ഉടനെ പരുക്കേറ്റപ്പോള്‍ വരാന്തയില്‍ കിടത്തിയതായിരിക്കുമോ?. പിന്നീട് ആശുപത്രിയിലേക്കായിരിക്കും കൊണ്ടുപോയിട്ടുണ്ടാകുക. എന്നാല്‍ പിന്ന ആശുപത്രികള്‍ തിരയാം. പൊലീസ് സംഘം പലയിടത്തായി അന്വേഷണം നടത്തി. ജില്ലയിലെ എല്ലാ ആശുപത്രികളിലേക്കും വിളിച്ചു. ഗുരുതരമായി പരുക്കേറ്റ ആരെങ്കിലും വന്നിരുന്നോ?. അതായത് ചോരയില്‍ മുങ്ങി ആരെയെങ്കിലും ആശുപത്രിയില്‍ എത്തിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു. പക്ഷേ, അങ്ങനെയാരും വന്നിട്ടുമില്ല. കൂടുതല്‍ ടെന്‍ഷനിലേക്ക് കാര്യങ്ങള്‍ പോയി തുടങ്ങി. തലയ്ക്കടിച്ചോ മറ്റോ കൊലപ്പെടുത്തി മൃതദേഹം എവിടെയെങ്കിലും ഒളിപ്പിച്ചതാകുമോ എന്നായി പൊലീസിന്റെ അടുത്ത സംശയം. 

ഓട്ടോക്കാരന്റെ മൊഴി

‘സാര്‍ ചോരയൊലിപ്പിച്ച് ഒരാള്‍ കൊടകരയില്‍ നിന്ന് ഓട്ടം വിളിച്ചിരുന്നു. ചാലക്കുടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് വിട്ടത്’. പൊലീസ് സംഘം ചാലക്കുടിയിലേക്ക് കുതിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരെ കണ്ടു കാര്യങ്ങള്‍ തിരക്കി. ‘തലയില്‍ മുറിവുമായി ഒരാള്‍ തൃശൂരിലേക്ക് വണ്ടിക്കയറിയിരുന്നു’. കെഎസ്ആര്‍ടിസി കണ്ടക്ടറുടെ മൊഴി കേട്ട ഉടനെ പൊലീസ് സംഘം തൃശൂര്‍ സ്റ്റാന്‍ഡിലേക്ക് വിട്ടു. ഇതിനിടെ, പല സ്ഥലങ്ങളിലെ സിസിടിവി ക്യാമറകൾ പൊലീസ് സംഘം പരിശോധിച്ചു. ഒരു സ്ഥലത്തെ ക്യാമറയിൽ ഒരാള്‍ നെറ്റിയില്‍ കൈവച്ചു കൊണ്ട് നടന്നുപോകുന്നതായി കണ്ടു. ഇയാളുടെ മുഖം പൊലീസിന്റെ എല്ലാ വാട്സാപ്പ് ഗ്രൂപ്പുകളിലും ഇട്ടു. 

മാളയില്‍ നിന്ന് വിളിയെത്തി

മാളയിലെ പൊലീസിന് ഒരു വിവരം കിട്ടി. ചിത്രത്തില്‍ കാണുന്നയാള്‍ മാള സ്വദേശിയാണ്. വീടിരിക്കുന്ന സ്ഥലവും തിരിച്ചറിഞ്ഞു. കൊടകര പൊലീസ് സംഘം അവിടേക്ക് കുതിച്ചു. വീട്ടിലുണ്ടായിരുന്ന മകളോട് കാര്യങ്ങള്‍ തിരക്കി. ‘അച്ഛന്റെ നെറ്റി പൊട്ടിയിരുന്നു. വീണ് പൊട്ടിയെന്നാണ് പറഞ്ഞത്. കരള്‍ രോഗം മൂര്‍ച്ഛിച്ചതോടെ ചികില്‍സയ്ക്കായി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയിരിക്കുകയാണ്.’ ഇതു കേട്ട ഉടനെ പൊലീസ് സംഘം ചാലക്കുടിയിലേക്ക് കുതിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ആളെ നേരില്‍ കണ്ടു.

സ്ഥിരമായി മദ്യപിക്കുന്നയാള്‍

ഭാര്യ മരിച്ച ശേഷം മാനസികമായി വിഷമത്തിലായ അന്‍പത്തിയാറുകാരനായിരുന്നു ആശുപത്രിയില്‍. മദ്യപിച്ച് ലക്കുകെട്ട് നിലത്തു വീണു. പിന്നെ കട വരാന്ത കണ്ടപ്പോള്‍ കയറി കിടന്നു. ഓര്‍മ വന്നപ്പോള്‍ നടന്ന് കൊടകരയില്‍ എത്തി ഓട്ടോ വിളിച്ചതും പിന്നീട് നടന്ന കാര്യവും പറഞ്ഞു. പൊലീസ് നാടിളക്കി പരക്കം പാഞ്ഞ് നടക്കുമ്പോള്‍ ഇദ്ദേഹം മാളയിലെ വീട്ടില്‍ എത്തി ഉറങ്ങുകയായിരുന്നു. വേറെ കുഴപ്പങ്ങളൊന്നുമില്ലെന്ന് വ്യക്തമായതോടെ പൊലീസ് സംഘം മടങ്ങി.

മഴയും വില്ലനായി

നല്ല മഴയായിരുന്നു അന്ന് രാത്രി. ഇദ്ദേഹം കടവരാന്തയില്‍ മുറിവുമായി കിടന്നപ്പോള്‍ നല്ല മഴ പെയ്തിരുന്നു. മഴവെള്ളവും ചോരയും കൂടി കലര്‍ന്നതോടെ വരാന്തയില്‍ ചോരപ്പുഴയായി മാറി. എണീക്കുന്നതിനിടെ കൈ ഭിത്തിയില്‍ അമര്‍ത്തിയിരുന്നു. അങ്ങനെയാണ് ചോരക്കറ ഭിത്തിയില്‍ വന്നത്. പ്ലാസ്റ്റിക് കവറു കൊണ്ട് നെറ്റി കെട്ടാന്‍ ശ്രമിച്ചിരുന്നു. ആ കവറാണ് കടവരാന്തയില്‍ ചോരയില്‍ മുങ്ങി കിടന്നിരുന്നത്. വന്‍തോതില്‍ ചോര കണ്ടെത്തിയിട്ടും എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ പിന്നീട് പൊലീസ് തന്നെ പ്രതിക്കൂട്ടിലാകുമായിരുന്നു. അതൊഴിവാക്കാനാണ് രണ്ടു ദിവസം ഉറക്കം കളഞ്ഞ് രാവുപകലും പൊലീസ് അന്വേഷിച്ചത്. 

വെള്ളം പണി തന്നു

‘വെള്ളമാണ് പണി പറ്റിച്ചത്. വീണയാളുടെ അകത്ത് ‘നല്ല വെള്ളമായിരുന്നു’. പുറത്താണെങ്കില്‍ മഴ പെയ്ത് നല്ല വെള്ളവും. വെള്ളമാണ് സാറുമാരെ പറ്റിച്ചത്’. പൊലീസിനെ സഹായിക്കാന്‍ പലപ്പോഴായി കൂട്ടുനിന്ന നാട്ടുകാര്‍ പറഞ്ഞു. ചോരക്കറയുടെ യഥാര്‍ഥ വസ്തുത തെളിയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കൊടകര പൊലീസ്. ഇന്‍സ്പെക്ടര്‍ ജി.അരുണും സംഘവും നടത്തിയ ആത്മാര്‍ഥമായ പരിശ്രമമാണ് സത്യം തെളിയിക്കാന്‍ കഴിഞ്ഞത്. ഇല്ലെങ്കില്‍ , ചോരക്കറയും ചോരപ്പുഴയും ദുരൂഹമായി ഇന്നും അവശേഷിക്കുമായിരുന്നു. എസ്ഐമാരായ എ.കെ.സോജനും സാജനും, ഉദ്യോഗസ്ഥരായ അജിത്, തോമസ്, ഷിജോ, റെജിമോന്‍ തുടങ്ങി സ്റ്റേഷനിലെ മൊത്തം ആളുകള്‍ ഒറ്റക്കെട്ടായി ഈ സംഭവത്തിന്റെ സത്യമറിയാന്‍ ഉറക്കമൊഴിച്ചു. ആളെ കണ്ടെത്തിയതറിഞ്ഞ ഉടന്‍ മേലുദ്യോഗസ്ഥരുടെ അഭിനന്ദനവും തേടിയെത്തി.

English Summary: Blood stained walls in Thrissur shop, and the real fact behind it 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com