ADVERTISEMENT

ലുബ്‌ലിയാന∙ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി സ്വന്തം കൈ മുറിച്ചെടുത്ത യുവതിയെ രണ്ടു വർഷം തടവിനു ശിക്ഷിച്ചു. 22കാരിയായ ജൂലിജ അഡ്‌ലെസിക് എന്ന സ്ലോവേനിയൻ യുവതിയെ ലുബ്‌ലിയാന കോടതിയാണ് ശിക്ഷിച്ചത്. സംഭവത്തിന് കൂട്ടുനിന്ന യുവതിയുടെ കാമുകന് മൂന്നു വർഷം തടവും ശിക്ഷ വിധിച്ചു. 

2019ലാണ് കൈത്തണ്ടയ്ക്ക് മുകളിലെ കൈ അറ്റുപോയെന്നു പറഞ്ഞ് യുവതി ആശുപത്രിയിൽ എത്തുന്നത്. മരം മുറിക്കുന്നതിനിടെ അപകടം സംഭവിച്ചെന്നാണ് യുവതി പറഞ്ഞത്. എന്നാൽ അറ്റുപോയ ഭാഗം ആശുപത്രിയിലേക്കു കൊണ്ടുവരാൻ ഇവർ തയാറായുമില്ല. വൈകല്യം സ്ഥിരമായി നിലനിൽക്കാനാണ് ഇവർ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. 

പൊലീസ് നടത്തിയ തിരച്ചിലിലാണ് അറ്റുപോയ ഭാഗം കണ്ടെത്തിയതും ആശുപത്രിയിൽ എത്തിച്ച് തുന്നിച്ചർത്തതും. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി പുറത്തായത്. സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പ് യുവതി അഞ്ച് ഇൻഷുറൻസ് പോളിസികൾ എടുത്തിരുന്നു. ഒരു മില്യൻ യൂറോ മൂല്യമുള്ള ഇൻഷുറൻസ് പോളിസികളായിരുന്നു അവ. അപകടമാണെന്ന് കാട്ടി ഈ തുക തട്ടിയെടുക്കുകയായിരുന്നു യുവതിയുടെയും കാമുകന്റെയും ലക്ഷ്യം. ക്ലെയിം ലഭിച്ചിരുന്നെങ്കിൽ പകുതി തുക ഉടനെയും ബാക്കി മാസത്തവണകളായും ലഭിക്കുമായിരുന്നു. 

ഇതിനായി  ഇരുവരും മാസങ്ങളായി തയാറെടുപ്പുകൾ നടത്തുകയായിരുന്നെന്നാണ് വിവരം. യുവതിയുടെ കാമുകൻ കൃത്രിമ കൈകളെ കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞതിനും തെളിവുകൾ ലഭിച്ചു. സംഭവുമായി ബന്ധപ്പെട്ട് യുവതിയേയും കാമുകനെയും കാമുകന്റെ പിതാവിനെയും 2019ൽ അറസ്റ്റു ചെയ്തിരുന്നു. 

എന്നാൽ താൻ നിരപരാധിയാണെന്നാണ് യുവതി കോടതിയിൽ പറഞ്ഞത്. സ്വയം വികലാംഗയാവണമെന്ന് ആരും ആഗ്രഹിക്കില്ലെന്നും അറിഞ്ഞുകൊണ്ട് കൈ വെട്ടിമാറ്റിയതല്ലെന്നുമാണ് യുവതി പറഞ്ഞത്. ‘ഇരുപതുകളിൽ എന്റെ കൈ നഷ്ടപ്പെട്ടു. എന്റെ യൗവനകാലം നഷ്ടമായി. എനിക്കു മാത്രമേ അറിയൂ എന്താണ് സംഭവിച്ചതെന്ന്’– യുവതി വിചാരണവേളയിൽ പറഞ്ഞു. 

English Summary :   Slovenian woman cut off her hand for insurance payout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com