ADVERTISEMENT

ഹൈദരാബാദ് ∙ കോവിഡ് മഹാമാരി ലോകത്തെ മാരകമായി ആക്രമിക്കുമ്പോൾ ഏക ആശ്രയമായി ഏവരും ഉറ്റുനോക്കുന്നത് വാക്സീനിലേക്കാണ്. ലോകത്തെ വാക്സീനുകളുടെ 60 ശതമാനവും ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലേക്കാണു രാജ്യങ്ങളെല്ലാം കണ്ണുനട്ടിരിക്കുന്നത് എന്നതാണു ശ്രദ്ധേയം. ഇന്ത്യയിൽ വാക്സീന്റെ കേന്ദ്രമാണു ‘ലോകത്തിന്റെ വാക്സീൻ തലസ്ഥാനം’ എന്നറിയപ്പെടുന്ന ഹൈദരാബാദ്. കോവിഡ് വാക്സീൻ പരീക്ഷണങ്ങൾ അവിശ്രമം മുന്നേറുന്നതിനിടെ ഹൈദരാബാദും വാർത്താ തലക്കെട്ടിൽ നിറയുന്നു.

ആഗോള വാക്സീൻ വിതരണത്തിന്റെ മൂന്നിലൊന്ന് സംഭാവന ചെയ്താണു ഹൈദരാബാദ് തലയെടുപ്പോടെ നിൽക്കുന്നത്. ഇന്ത്യയുടെ തദ്ദേശീയ കോവിഡ് സാധ്യതാ വാക്സീൻ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് 5, ജോൺസൺ ആൻഡ് ജോൺസന്റെ Ad26.Cov2.S, ഫ്ലൂജെന്നിന്റെ കോറോഫ്ലു, സനോഫിയുടെ പരീക്ഷണ വാക്സീൻ തുടങ്ങിയവയ്ക്കെല്ലാം ഹൈദരാബാദ് ബന്ധമുണ്ട്. ഹൈദരാബാദിലെ വാക്സീൻ പരീക്ഷണം വിജയിച്ചാലും ഇല്ലെങ്കിലും ലോകത്തിന് വാക്സീൻ ഉത്പാദിപ്പിക്കാൻ ഈ നഗരം തന്നെ വേണമെന്നു ശാന്ത ബയോടെക്നിക്സ് ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ ഡോ. വരപ്രസാദ് റെഡ്ഡി പറഞ്ഞു.

ഹൈദരാബാദിലെ എല്ലാ വാക്സീൻ കമ്പനികൾക്കും മികച്ച നിർമാണ സാങ്കേതികവിദ്യയുണ്ടെന്നും നല്ല നിലവാരത്തിൽ ദശലക്ഷക്കണക്കിനു ഡോസുകൾ നിർമിക്കാൻ ശേഷിയുണ്ടെന്നും ഡോ. വരപ്രസാദ് റെഡ്ഡി വ്യക്തമാക്കി. സനോഫിയുടെ വാക്സീൻ 2021 പകുതിയോടെ യാഥാർഥ്യമാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. ശാന്ത ബയോടെക്നിക്സ് 2009ൽ സനോഫി ഏറ്റെടുത്തിരുന്നു. അക്കാദമിക് ലബോറട്ടറികളിലും വാക്സിനേതര കമ്പനികളിലുമാണു നിലവിൽ കോവിഡ് വാക്സീൻ പരീക്ഷണം നടക്കുന്നത്.

corona-2

ഇവിടങ്ങളിൽ ഉത്പാദനത്തിനു മതിയായ സൗകര്യങ്ങളില്ല. അവർക്കെല്ലാം പൊതുജന ഉപയോഗത്തിനു വാക്സീൻ ലഭ്യമാക്കാൻ ഇന്ത്യയിലെയോ ചൈനയിലെയോ കമ്പനികളുമായി കൈകോർക്കണം– ഡവലപ്പിങ് കൺട്രീസ് വാക്സീൻ മാനുഫാക്ചേഴ്സ് നെറ്റ്‌വർക്ക് പ്രസിഡന്റ് മഹിമ ഡാറ്റ്‌ല പറഞ്ഞു. വാക്സീൻ പരീക്ഷണം നടത്തുന്നവരെല്ലാം ഹൈദരാബാദിലെ ഒട്ടുമിക്ക നിർമാണ കമ്പനികളുമായും അനൗപചാരിക ചർച്ചകൾ നടത്തിയിട്ടുണ്ട്. ആരുടെ വാക്സീൻ വിജയിച്ചാലും ഉത്പാദനം ഈ നഗരത്തിൽ തന്നെയാകുമെന്നും മഹിമ ഡാറ്റ്‌ല ചൂണ്ടിക്കാട്ടി. 170 ഓളം സാധ്യതാ വാക്സീനുകളാണു പല രാജ്യങ്ങളിലായി വിവിധ ഘട്ടങ്ങളിലുള്ളത്. ഇതിൽ 26 എണ്ണം മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലാണ്.

English Summary: Why Hyderabad is the world’s vaccine capital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com