ADVERTISEMENT

തിരുവനന്തപുരം∙ കെപിസിസി സെക്രട്ടറിമാരുടെ പുതിയ പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചു. നിർവാഹക സമിതി അംഗങ്ങളും സെക്രട്ടറിമാരും ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് പട്ടിക. 10 ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയെയും ഉൾപ്പെടുത്തി.  കെപിസിസി നിർവാഹക സമിതി അംഗങ്ങളുടെ പട്ടകയിൽ യുഡിഎഫ് കൺവീനർ ബെന്നി ബഹനാനെ ഒഴിവാക്കി. ഏഴ് എംപിമാരെയാണ് നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടറിമാരും നിർവാഹക സമിതി അംഗങ്ങളും ഉൾപ്പെടെ 96 പേരാണ് പട്ടികയിലുള്ളത്. 

പി.കെ. ജയലക്ഷ്മിക്കു പുറമേ മുന്‍ ഡിസിസി പ്രസിഡന്റുമാരായ വി.ജെ. പൗലോസ്, മുഹമ്മദ് കുഞ്ഞി, കെപിസിസി സെക്രട്ടറിമാരായിരുന്ന വിജയന്‍ തോമസ്, ദീപ്തി മേരി വര്‍ഗീസ്, കെഎസ്‍യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി, ഡി. ബാബു പ്രസാദ്, സോണി സെബാസ്റ്റ്യന്‍, വി.എ. നാരായണന്‍, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുള്ളത്.

നേരത്ത നല്‍കിയ പട്ടിക, എണ്ണം കൂടുതലാണെന്നും സംവരണതത്വങ്ങള്‍ പാലിച്ചില്ലെന്നും ആരോപിച്ച് തിരിച്ചയച്ചിരുന്നു. രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും ചര്‍ച്ച നടത്തിയാണ് കെപിസിസി പ്രസിഡന്റ് കഴിഞ്ഞദിവസം സെക്രട്ടറിമാരുടെ പട്ടിക പുതുക്കിയത്. എംപിമാര്‍ നിര്‍ദേശിച്ച പേരുകളില്‍, അനര്‍ഹരെന്ന് ആക്ഷേപമുള്ളവരെയെല്ലാം ഒഴിവാക്കി. വനിത, ദളിത് സംവരണം കൂടി ഉറപ്പുവരുത്തിയാണ് എണ്ണം നൂറ്റിപതിനഞ്ചില്‍ നിന്ന് തൊണ്ണൂറായി കുറച്ചത്. കഴിഞ്ഞ ജൂണിലാണ് കെപിസിസി ആദ്യം പട്ടിക നല്‍കിയത്. ഇതിന്മേല്‍ എംപിമാര്‍ സ്വന്തം നിലയ്ക്ക് പേരുകള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. എണ്ണം കൂടിയതോടെ ഹൈക്കമാന്‍ഡ് പട്ടിക തിരിച്ചയച്ചു.

English Summary : High Command accept new KPCC list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com