ADVERTISEMENT

ശ്രീനഗർ∙ ലഡാക്കിലെ പാങ്ഗോങ് സോ തടാകത്തിന്റെ തെക്കുഭാഗത്തു ചൈനീസ് സൈന്യം ഒപ്ടിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുകയാണെന്ന് വെളിപ്പെടുത്തൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥയ്ക്ക് അയവു വരുത്തുന്നതിന് ഉന്നതതല ചർച്ചകൾ നടക്കുന്നതിനിടെയാണ് ചൈനീസ് നടപടി. താവളങ്ങൾ തമ്മിൽ സുരക്ഷിതമായ ആശയവിനിമയം നടത്താൻ സൈനികരെ സഹായിക്കുന്ന ഒപ്ടിക്കൽ ഫൈബർ കേബിളുകൾ അടുത്തിടെ ലഡാക്കിലെ പാങ്ഗോങ് സോ തടാകത്തിന്റെ തെക്ക് ഭാഗത്തായി കണ്ടെത്തിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

എന്നാൽ ഇതുസംബന്ധിച്ച് പ്രതികരിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയം തയാറായില്ലെന്നും പ്രതിരോധവൃത്തങ്ങളെ ബന്ധപ്പെടാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തടാകത്തിന്റെ തെക്ക് ഭാഗത്തായി 70 കിലോമീറ്ററോളം പ്രദേശത്ത് ആയിരക്കണക്കിന് ഇന്ത്യൻ, ചൈനീസ് സൈനികരാണ് നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും ചൈനീസ് സൈന്യം ഇതുവരെയും പിന്മാറിയിട്ടില്ലെന്ന് ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു. നേരത്തെയുള്ള സംഘർഷാവസ്ഥ അതേപടി നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഒപ്ടിക്കൽ ഫൈബർ കേബിളുൾ സ്ഥാപിക്കുന്ന നടപടികൾ അതിവേഗമാണ് ചൈന നടത്തുന്നത്. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഇതേക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. പാങ്ഗോങ് സോയുടെ തെക്ക് ഭാഗത്തിന്റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളിൽ അസാധാരണമായ ചില വരകൾ കണ്ടതിനു പിന്നാലെയാണ് ഇതേക്കുറിച്ച് ആദ്യം സൂചന നൽകിയത്.

ചിത്രങ്ങളും രേഖകളും അടക്കമുള്ളവ ഉന്നത തലങ്ങളിലേക്ക് കൈമാറാനാവും ഇവ സ്ഥാപിക്കുന്നതെന്നാണ് നിഗമനം. റേഡിയോ വഴിയുള്ള ആശയവിനിമയവും ഇതുവഴി ചോർത്താനാകും. ഇന്ത്യന്‍ സൈന്യവും റേഡിയോ സംവിധാനത്തിലൂടെയുള്ള ആശയ വിനിമയത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എങ്കിലും എൻ‌ക്രിപ്റ്റ് ചെയ്ത രീതിയിലാണ് സന്ദേശങ്ങൾ കൈമാറുന്നതെന്ന് മുൻ രഹാസ്യാന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

English Summary: China Laying Cables To Boost Communications At Ladakh Flashpoint: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com