ADVERTISEMENT

ന്യൂഡല്‍ഹി∙ ചൈനീസ് സര്‍ക്കാരുമായും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള ഷെന്‍സെന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന സ്ഥാപനം ഇന്ത്യന്‍ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുള്‍പ്പെടെ ആയിരക്കണക്കിന് പ്രമുഖ വ്യക്തികളെ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണു വാര്‍ത്ത പുറത്തുവിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, വിവിധ കേന്ദ്രമന്ത്രിമാര്‍, സംയുക്ത സേനാ മേധാവിമാര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരും നീരീക്ഷിക്കപ്പെടുന്നുണ്ട്. 

രാജ്യത്താകെ എല്ലാ പാര്‍ട്ടിയിലുമുള്ള 1350 രാഷ്ട്രീയക്കാരുടെ വിവരങ്ങളാണ് ഓവര്‍സീസ് കീ ഇന്‍ഫര്‍മേഷന്‍ ഡാറ്റാബെയ്‌സില്‍ (ഒകെഐഡിബി) ഉള്ളത്. മന്ത്രിമാര്‍ മുതല്‍ മേയര്‍മാര്‍, സര്‍പഞ്ചുമാര്‍, എംപിമാര്‍ തുടങ്ങി പ്രമുഖ വ്യക്തികളുടെ വിവരങ്ങളാണ് ഇവര്‍ ശേഖരിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. വെറും രണ്ടും വര്‍ഷത്തിനുളളിലാണു നിര്‍മിതബുദ്ധി ഉപയോഗിച്ച് ഷെന്‍സെന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിവരശേഖരണം നടത്തിയിരിക്കുന്നത്. 

രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 700 രാഷ്ട്രീയക്കാരെക്കുറിച്ചു ചൈനീസ് കമ്പനിയുടെ വിവരശേഖരത്തില്‍ നേരിട്ടു പരാമര്‍ശമുണ്ട്. രാഷ്ട്രീയനേതാക്കളുടെ അടുത്ത ബന്ധുക്കളായ 460 പേരാണു പട്ടികയിലുള്ളത്. 100 രാഷ്ട്രീയപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. രാഷ്ട്രീയനേതാക്കളുടെ കുടുംബചരിത്രം തയാറാക്കുന്നതിന്റെ ഭാഗമാണിതെന്നു സംശയിക്കുന്നു. ഇപ്പോഴുള്ള എംപിമാരുടെയും മുന്‍ എംപിമാരുടെയും പട്ടികയില്‍ 350 പേരാണുള്ളത്. 

1200SoniaGandhi

ഒകെഐഡിബിയില്‍ 40 മുഖ്യമന്ത്രിമാരുടെയും മുന്‍മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിവരങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കു പുറമേ പ്രാദേശിക പാര്‍ട്ടികള്‍ക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള രാഷ്ട്രീയപ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ ഹേമന്ത് സോറന്‍, എഎപിയുടെ മനീഷ് സിസോദിയ, ബിജെഡിയിലെ നവീന്‍ പട്‌നായിക്, ടിഎംസിയലെ മമതാ ബാനര്‍ജി, ശിവസേനിയിലെ ഉദ്ധവ് താക്കറെ എന്നിവരും പട്ടികയിലുണ്ട്. പന്ത്രണ്ടോളം ഗവര്‍ണര്‍മാരുടെ വിവരങ്ങളും കമ്പനി ശേഖരത്തിലുണ്ട്. വിവിധ നഗരങ്ങളിലെ മേയര്‍മാരുടെ വിവരങ്ങളും ശേഖരിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍നിന്ന് ഇരുന്നൂറോളം പേരുടെ വിവരങ്ങളാണു ശേഖരിച്ചത്. സിപിഐ, സിപിഎം, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുടെ നേതാക്കളുടെ വിവരങ്ങളും പട്ടികയിലുണ്ട്. ഒരു ഇടതുപാര്‍ട്ടിയില്‍നിന്നുള്ള അറുപതോളം നേതാക്കളുടെ വിവരം ശേഖരിച്ചിട്ടുണ്ടെന്നാണു സൂചന. 

രാജീവ് ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും ഉള്‍പ്പെടെ നിരവധി കുടുംബങ്ങളാണു പട്ടികയിലുള്ളത്. പവാര്‍, സിന്ധ്യ, സങ്മ, ബാദല്‍ കുടുംബങ്ങളില്‍നിന്നുള്ളവരുടെ വിവരങ്ങളും ശേഖരിച്ചു. ഹേമമാലിനി, അനുപം ഖേര്‍, മുണ്‍മൂണ്‍ സെന്‍, പരേഷ് റാവല്‍, വിനോദ് ഖന്ന തുടങ്ങി രാഷ്ട്രീയത്തിലെത്തിയ സിനിമാ താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സമാഹരിച്ചിട്ടുണ്ട്.

IND23135B

മുന്‍രാഷ്ട്രപതിമാരായ പ്രണബ് കുമാര്‍ മുഖര്‍ജി, എ.പി.ജെ. അബ്ദുല്‍ കലാം, മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, പി.വി. നരസിംഹറാവു, എ.ബി. വാജ്‌പേയി, എച്ച്.ഡി. ദേവെഗൗഡ, ഡോ. മന്‍മോഹന്‍ സിങ് എന്നിവരെക്കുറിച്ചും അവരുടെ അടുപ്പക്കാരെക്കുറിച്ചുമുള്ള വിവരങ്ങളും ഒകെഐഡിബിയില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കമല്‍നാഥ്, ശങ്കര്‍സിങ് വഗേല, അശോക് ചവാന്‍, സിദ്ധരാമയ്യ, ബുദ്ധദേവ് ഭട്ടാചാര്യ, കിരണ്‍കുമാര്‍ റെഡ്ഡി, രമണ്‍ സിങ്, മനോഹര്‍ പരീക്കര്‍, ലാലുപ്രസാദ് യാദവ്, മുലായം സിങ് യാദവ്, എന്‍ ജനാര്‍ദന്‍ റെഡ്ഡി, എസ്.ആര്‍. ബൊമൈ, എം. കരുണാനിധി എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും ചൈനീസ് കമ്പനി നിരീക്ഷിച്ചിട്ടുണ്ട്. ശശി തരൂര്‍, മീനാക്ഷി ലേഖി, മമതയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജി, ദിവ്യ സ്പന്ദന എന്നിവരെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചുവെന്നാണു റിപ്പോര്‍ട്ട്. 

2018 ഏപ്രിലില്‍ തുടങ്ങിയ ഷെന്‍സെന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന സ്ഥാപനത്തില്‍ അമ്പതോളം പേരാണു ചൈനയില്‍ പ്രവര്‍ത്തിക്കുന്നത്. വിദേശരാജ്യങ്ങളില്‍ 20 ഡാറ്റാ പ്രൊസസിങ് സെന്ററുകളാണുള്ളത്. പ്രതിദിനം 150 ദശലക്ഷം വിവരങ്ങളാണു ചൈനീസ് കമ്പനി ശേഖരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ വിവരശേഖരണത്തിന്റെ വാര്‍ത്തയെക്കുറിച്ചു പ്രതികരിക്കാന്‍ കമ്പനി തയാറായിട്ടില്ല.

Englih Summary: China watching prominent Indian Leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com