ADVERTISEMENT

ന്യൂഡല്‍ഹി∙ അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച ഇന്ത്യയെ പ്രകീര്‍ത്തിച്ച് വിദേശ നയതന്ത്ര പ്രതിനിധികള്‍. കോവിഡ് മഹാമാരി ചെറുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കിഴക്കന്‍ അതിര്‍ത്തിയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ചൈനയെ ചെറുത്തതോടെ 'കരുത്തുറ്റ രാജ്യം' എന്ന പ്രതിഛായ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യക്കുണ്ടായെന്ന് വിവിധ വിദേശ രാജ്യങ്ങളുടെ പ്രതിനിധികളായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ ഇന്ത്യ സൈനികമായും സാമ്പത്തികമായും ദുര്‍ബലരായ പാക്കിസ്ഥാനുമായി മാത്രമേ എതിരിട്ടിട്ടുള്ളു. എന്നാല്‍ അതിശക്തരായ ചൈനയ്‌ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയതോടെ ഇന്ത്യ തങ്ങളുടെ കരുത്തും നയതന്ത്രജ്ഞതയും സൈനികശേഷിയും തെളിയിച്ചിരിക്കുകയാണെന്ന് വിവിധ വിദേശപ്രതിനിധികള്‍ പറഞ്ഞു. 

ഗല്‍വാനില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ ഏതുവിധേനയും സംഘര്‍ഷം ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നാണ് വിദേശനയതന്ത്ര പ്രതിനിധികള്‍ അവരവരുടെ രാജ്യങ്ങളെ അറിയിച്ചത്. എന്നാല്‍ പിന്നീട് ചൈനയുടെ ഓരോ നീക്കത്തിനും കനത്ത തിരിച്ചടി നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനം അദ്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ജൂണില്‍ പ്രശ്‌നം അവസാനിച്ചില്ലെങ്കില്‍ ഇന്ത്യ പിന്നോട്ടു ചുവടുവയ്‌ക്കേണ്ടിവരുമെന്നാണ് വിദേശ രഹസ്യാന്വേഷണ ഏജന്‍സികളും കരുതിയിരുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ നടന്നതു മറിച്ചായിരുന്നുവെന്നും വിദേശനയതന്ത്ര പ്രതിനിധകള്‍ വ്യക്തമാക്കുന്നു. 

ഏഷ്യയെ തങ്ങളുടെ അധീനതിയിലുള്ള ഒറ്റ പ്രദേശമാക്കാനുള്ള ചൈനീസ് നീക്കത്തിനു തടയിടുകയാണ് ഇന്ത്യ ചെയ്തത്. ചൈനയെ ഇത്തരത്തില്‍ കൈകാര്യം ചെയ്തതോടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്വീകാര്യത വര്‍ധിച്ചുവെന്നും നയതന്ത്രപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. 

ചൈനീസ് ആപ്പ് നിരോധിച്ചത് ചൈനയെ സാമ്പത്തികമായി വലിയതോതില്‍ ബാധിക്കില്ലെങ്കിലും അവരുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണെന്ന് യൂറോപ്യന്‍ രാജ്യത്തുനിന്നുള്ള പ്രതിരോധ അറ്റാഷെ പറഞ്ഞു. ഭാവിയില്‍ സമാനനടപടി സ്വീകരിക്കാന്‍ മറ്റു രാജ്യങ്ങള്‍ക്ക് പ്രചോദനമാണ് ഇന്ത്യയുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ടിബറ്റ് വംശജരെ ഉള്‍പ്പെടുത്തി രൂപീകരിച്ച സ്‌പെഷല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സിനെ സൈനിക നീക്കത്തിനു കളത്തിലിറക്കിയ ഇന്ത്യയുടെ നടപടി ചൈനയെ ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്നും അദ്ദേഹം വിലയിരുത്തുന്നു. 

English Summary: Foreign diplomats praise India’s strong stand against China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com