ADVERTISEMENT

കായംകുളം∙ കൊല്ലം കൊട്ടിയത്ത് വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭച്ഛിദ്രം നടത്തി കാമുകന്‍ വഞ്ചിച്ചതില്‍ മനംനൊന്ത് റംസിയെന്ന പെണ്‍കുട്ടി ജീവനൊടുക്കിയതിനു പിന്നാലെ കായംകുളം ആറാട്ടുപുഴയിലും സമാനസംഭവം. വിവാഹ വാഗ്ദാനം നല്‍കി ഏഴു വര്‍ഷം പ്രണയിച്ച ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തില്‍നിന്നു പിന്‍മാറിയതോടെ യുവതി ആത്മഹത്യ ചെയ്തുവെന്നു കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെരുമ്പള്ളി മുരിക്കിന്‍വീട്ടില്‍ വിശ്വനാഥന്റെ മകളും ബിഎസ്‌സി നഴ്‌സിങ് അവസാന വർഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന(21) ആണ് മരിച്ചത്. യുവാവിന്റെ വീട്ടില്‍ മറ്റൊരു വിവാഹത്തിന്റെ നിശ്ചയ ചടങ്ങ് നടക്കുന്ന സമയത്തായിരുന്നു യുവതി വാട്‌സാപ്പില്‍ മരിക്കുകയാണെന്ന സന്ദേശം അയച്ചശേഷം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇന്നലെ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചതിനു പിന്നാലെയാണു സംഭവത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടി പ്രണയം സംബന്ധിച്ച് സുഹൃത്തിനോടു സംസാരിക്കുന്നതിന്റെ ഓഡിയോ സന്ദേശങ്ങളും പുറത്തു വന്നിട്ടുണ്ട്.

അര്‍ച്ചന സ്‌കൂളില്‍ പഠിക്കുമ്പോഴാണു സ്‌കൂളിനു സമീപത്തു തന്നെ താമസിച്ചിരുന്ന യുവാവുമായി പ്രണയത്തിലാകുന്നത്. പെണ്‍കുട്ടി പ്ലസ്ടു കഴിഞ്ഞപ്പോള്‍ യുവാവ് വിവാഹ അഭ്യര്‍ഥനയുമായി ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിപ്പിച്ചു നല്‍കാനാവില്ലെന്നും പെണ്‍കുട്ടിയെ പഠിപ്പിക്കണമെന്നും പറഞ്ഞു പിതാവ് മടക്കി അയച്ചു. ബിഎസ്‌സി നഴ്‌സിങ് പഠിക്കുന്ന കാലയളവിലും ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെ വിദേശത്തു പോയ യുവാവ് സാമ്പത്തികമായി ഉയര്‍ച്ച നേടിയിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ഒഴിവാക്കാനായി ശ്രമമെന്നു കുടുംബം ആരോപിക്കുന്നു.

പെണ്‍കുട്ടി വിവാഹക്കാര്യം പറഞ്ഞപ്പോള്‍ സ്ത്രീധനം എത്ര നല്‍കുമെന്നായിരുന്നു യുവാവിന്റെ ചോദ്യം. പിതാവുമായി സംസാരിച്ചപ്പോള്‍ 30 പവന്‍ സ്വര്‍ണം നല്‍കാമെന്ന് അറിയിച്ചു. കൂലിപ്പണിക്കാരനായ പിതാവിന് അധികം പണം നല്‍കി വിവാഹം കഴിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു എന്നു ബന്ധുക്കള്‍ പറയുന്നു. യുവാവിന്റെ മാതാപിതാക്കള്‍ കൂടുതല്‍ സ്ത്രീധനം വേണമെന്നു വാശിപിടിച്ചതാണ് യുവാവിന്റെ പിന്‍മാറ്റത്തിനു കാരണമെന്നും ഇവര്‍ പറയുന്നു. ഇദ്ദേഹത്തിന്റെ സഹോദരിക്ക് 101 പവന്‍ സ്വര്‍ണവും കാറും കൊടുത്താണു വിവാഹം കഴിപ്പിച്ചത്. അത്ര തന്നെ തനിക്കും വേണമെന്നും അല്ലെങ്കില്‍ വേറെ വിവാഹം കഴിക്കുമെന്നും അറിയിച്ചതോടെ പെണ്‍കുട്ടി നിരാശയിലാകുകയായിരുന്നു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവാഹം നടത്തുന്നതിന് തീരുമാനിച്ച് ഉറപ്പിച്ച ദിവസമാണ് ജീവനൊടുക്കാന്‍ അര്‍ച്ചന തിരഞ്ഞെടുത്തത്. ഇന്ന് യുവാവിന്റെ വിവാഹ നിശ്ചയ ചടങ്ങ് നടക്കാനിരിക്കെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നത്.

താന്‍ മരിക്കാന്‍ പോകുന്നതായി വെള്ളിയാഴ്ച യുവാവിനു പെണ്‍കുട്ടി വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. സന്ദേശം യുവാവ് കണ്ടെന്ന് ഉറപ്പു വരുത്തി മെസേജ് ഡലീറ്റ് ചെയ്തു. തുടര്‍ന്ന് ഒതളങ്ങ എന്ന വിഷക്കായ കഴിച്ചു. ഇതിനിടെ യുവാവ് തന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിവരം അറിയിച്ചു സ്ഥലത്തെത്തിയപ്പോഴേയ്ക്കു പെണ്‍കുട്ടി അവശ നിലയില്‍ ആയിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെണ്‍കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ യുവാവ് സ്ഥലത്തുനിന്ന് മുങ്ങിയിരിക്കുകയാണ്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary: Girl commits suicide after marriage proposal rejected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com