ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മാനസിക നില തെറ്റിയെന്നും, മാനസികാവസ്ഥ തെറ്റിയ ഒരാളെ പാർട്ടിയുടെ അധ്യക്ഷനായി ഇരുത്തേണ്ടി വരുന്നത് ആ പാർട്ടി ആലോചിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി. തന്റെ കുടുംബത്തിനുനേരെ കെ.സുരേന്ദ്രൻ ഉയർത്തിയ ആരോപണങ്ങൾക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

‘മാനസിക നില തെറ്റിയ ആൾ, സാധാരണ അന്തരീക്ഷത്തിലല്ലാതെ പ്രവർത്തിക്കുന്ന ആൾ, എന്തും വിളിച്ചു പറയുന്ന ആൾ, സാധാരണ മാനസിക നിലയിൽ അങ്ങനെ പറയില്ല. അങ്ങനെ ഒരാളെ അധ്യക്ഷനാക്കിയെങ്കിൽ ആ പാർട്ടിയാണ് അത് ചിന്തിക്കേണ്ടത്, ഞാനല്ല. തോന്നുന്ന കാര്യങ്ങൾ വിളിച്ചു പറയുന്നത് പ്രത്യേക മാനസിക അവസ്ഥയാണ്. അതിനു താനല്ല മറുപടി പറയേണ്ടത്’ – മുഖ്യമന്ത്രി പറഞ്ഞു.

വാർത്താ സമ്മേളനത്തിലൂടെ കൂടുതൽ കാര്യങ്ങൾ പറയാൻ ഇപ്പോൾ തയാറാകുന്നില്ല. സുരേന്ദ്രനോട് പറയേണ്ടതുണ്ട്, അത് ഇങ്ങനെ പറയേണ്ടതല്ല. സുരേന്ദ്രനല്ല പിണറായി വിജയനെന്ന് ഓർക്കണം. എന്തു നടപടി സ്വീകരിക്കുമെന്നു പിന്നീടു പറയാമെന്നും ഇതങ്ങനെ വിട്ടുപോകാൻ പാടുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യം സംസ്ഥാന അധ്യക്ഷൻ പറയുകയാണ്. അതിന്റെ മെഗാഫോണായി മാധ്യമങ്ങൾ മാറുന്നു.

മാനസികനില തെറ്റി എന്തും വിളിച്ചു പറയുന്ന നിലയെത്തിയിരിക്കുകയാണ്. അതാണോ രാഷ്ട്രീയത്തിൽ വേണ്ടതെന്നു മുഖ്യമന്ത്രി ചോദിച്ചു. സാധാരണ പാലിക്കേണ്ട മര്യാദയുണ്ട്. ഒരാളെക്കുറിച്ച് എന്തും വിളിച്ചു പറയാമെന്നു കരുതരുത്. ശുദ്ധ അപവാദം വിളിച്ചുപറയുമ്പോൾ അങ്ങനെ കാണാൻ സമൂഹത്തിനും മാധ്യമങ്ങൾക്കും കഴിയണം. അനാവശ്യ കാര്യങ്ങൾ വിവാദമാക്കുമ്പോൾ മാധ്യമങ്ങൾ അതിന്റെ ഭാഗമാകുന്നതെന്തിനാണെന്നു മുഖ്യമന്ത്രി ചോദിച്ചു. എന്തു ഗൗരവമായ ആക്ഷേപമാണ് സുരേന്ദ്രൻ ഉന്നയിച്ചതെന്നും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ ഗൗരവുമുള്ളതാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

English Summary: Chief Minister Pinarayi Vijayan against K. Surendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com