‘25 ആഴ്ച കൊണ്ട് ലോകത്തിന് 25 വർഷത്തെ തിരിച്ചടി; മഹാമാരിയിലും അദ്ഭുതമായി ഇന്ത്യ’

Bill-Gates-Narendra-Modi
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ഗ്ലോബൽ ഗോൾകീപ്പർ’ അവാർഡ്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് സ്ഥാപകൻ ബിൽ ഗേറ്റ്സ് കൈമാറിയപ്പോൾ. സ്വഛ് ഭാരത് അഭിയാനിലൂടെ നടത്തിയ ശുചിത്വ പ്രചാരണത്തിനാണു പുരസ്കാരം ( ഫയൽ ചിത്രം)
SHARE

ലോകമാകെ മാരകമായി പടരുന്ന, ഇനിയും നിയന്ത്രണ വിധേയമായിട്ടില്ലാത്ത കോവിഡ് 37 ദശലക്ഷം ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്നും കഴിഞ്ഞ ദശകങ്ങളിൽ ആരോഗ്യമേഖലയിൽ കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിച്ചെന്നും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ റിപ്പോർട്ട്. രോഗത്തിന്റെ യഥാർഥ വ്യാപനത്തോടൊപ്പം ഓരോ രാജ്യത്തെയും ബാധിച്ച ഏറ്റവും വലിയ ദുരന്തം സാമ്പത്തികമാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ കടുത്ത ദാരിദ്ര്യം 7 ശതമാനം വർധിച്ചു. 20 വർഷത്തെ പുരോഗതി തടസ്സപ്പെട്ടെന്നും റിപ്പോർട്ട് അടിവരയിടുന്നു.

ലോകമെമ്പാടുമുള്ള വളർച്ചയെ ഉത്തേജിപ്പിക്കാൻ 18 ട്രില്യൻ യുഎസ് ഡോളർ ചെലവഴിച്ചെങ്കിലും 2021 അവസാനത്തോടെ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് 12 ട്രില്യൻ ഡോളറോ കൂടുതലോ നഷ്ടപ്പെടും. ദാരിദ്ര്യം ലഘൂകരിക്കുന്നതിനും ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്ഡിജി) പുരോഗതിയാണു ഫൗണ്ടേഷൻ വിശകലനം ചെയ്തത്. കോവിഡ് പ്രതിസന്ധിക്കിടയിലും 200 ദശലക്ഷം സ്ത്രീകൾക്ക് പണം കൈമാറാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.

ഇത് ഇന്ത്യയിൽ പട്ടിണിയുടെയും പകർച്ചവ്യാധിയുടെയും ആഘാതം കുറയ്ക്കുക മാത്രമല്ല, സ്ത്രീ ശാക്തീകരണം എന്ന ദീർഘകാല ലക്ഷ്യത്തെ മുന്നോട്ട് നയിക്കുകയും ചെയ്തു. ഇന്ത്യയിലെ ആധാർ ഡിജിറ്റൽ ധനകാര്യ സംവിധാനം വീണ്ടും വലിയ നേട്ടമാണെന്നു തെളിയിക്കപ്പെ‌ട്ടു. ഡിജിറ്റൽ പണകൈമാറ്റത്തിലൂടെ പേയ്‌മെന്റുകൾ ലഭിക്കുന്നത് അദ്ഭുതകരമായ കാര്യമാണ്. മറ്റൊരു രാജ്യത്തിനും സാധിക്കാത്ത തരത്തിലാണു ഇന്ത്യയിതു ചെയ്തത്. ‘ഈ പ്രതിസന്ധി 20 വർഷത്തെ വളർച്ചയ്ക്കുശേഷം 37 ദശലക്ഷം ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടു. നേടിയ പുരോഗതി എത്ര ദുർബലമാണെന്നും ഇത് വെളിപ്പെടുത്തി’– ഫൗണ്ടേഷൻ പറഞ്ഞു.

1200-covid-vaccine-world

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണു കോവിഡിന്റെ തിക്തഫലം അനുഭവിക്കുന്നത്. സ്ത്രീകൾ മുമ്പത്തേക്കാൾ അധികം കഷ്ടപ്പെടാനും മരിക്കാനും ഇതിടയാക്കും. ഗർഭകാലവും പ്രസവാനന്തര ശുശ്രൂഷയും മഹാമാരിയിൽ തടസ്സപ്പെട്ടു. പകർച്ചവ്യാധിയിൽ പതിവ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ മുടങ്ങി. വാക്സിനേഷൻ എടുക്കുന്നത് 1990ൽ കണ്ട നിലവാരത്തിലേക്കു താഴുകയാണ്. വെറും 25 ആഴ്ചകൾ കൊണ്ട് 25 വർഷത്തെ തിരിച്ചടിയാണു നമ്മൾ നേരിടുന്നത്– റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

∙ വാക്സീൻ നിർണായകം, ഇന്ത്യയ്ക്കു മുഖ്യപങ്ക്

കോവിഡ് മഹാമാരി തടയുന്നതിൽ വാക്സീൻ കണ്ടുപിടിത്തം നിർണായകമാണെന്നും ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് ഇതിൽ മുഖ്യപങ്ക് വഹിക്കാൻ സാധിക്കുമെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. ഉയർന്ന നിലവാരമുള്ള വാക്സീനുകൾ മിതമായ നിരക്കിൽ നിർമിക്കാനുള്ള ഇന്ത്യൻ കമ്പനികളുടെ കഴിവ് പ്രാധാന്യമർഹിക്കുന്നതാണെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് രോഗത്തിനെതിരായ വാക്സീനുകളുടെ സംരക്ഷണം എത്രത്തോളം നിലനിൽക്കുമെന്നതിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ഇപ്പോൾ നടത്താറായിട്ടില്ല. പരീക്ഷണത്തിലുള്ള വിവിധ വാക്സീനുകളുടെ ആന്റിബോഡിയുടെയും ടി-സെൽ പ്രതികരണത്തിന്റെയും ദൈർഘ്യത്തെക്കുറിച്ചുള്ള മതിയായ ഡേറ്റ കയ്യിലില്ല. പരീക്ഷണങ്ങളുടെ ഫലപ്രാപ്തി റിപ്പോർട്ട് വരുന്ന മാസങ്ങളിൽ ലഭിച്ചു തുടങ്ങും. നിർണായക ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ ഡേറ്റയിൽ ലഭ്യമാകും. വലിയ തോതിൽ വാക്സീൻ പരീക്ഷണങ്ങൾ നടക്കുന്നുണ്ട് എന്നതു ശുഭവാർത്തയാണ്.‌

അവയ്ക്ക് ഓരോന്നിനും വ്യത്യസ്ത സമീപനമാണുള്ളത്. അതിനാൽ ഏറ്റവും ഫലപ്രദമായ വാക്സീൻ വികസിപ്പിക്കാനുള്ള സാഹചര്യമുണ്ട്. കോവിഡ് തടയുന്നതിൽ ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ, വാക്സീൻ നിർമാതാക്കൾക്കു പ്രധാന പങ്ക് വഹിക്കാൻ കഴിയും. ഉന്നത നിലവാരമുള്ള വാക്സീനുകൾ താങ്ങാവുന്ന വിലയ്ക്കു വലിയ അളവിൽ നിർമിക്കാനുള്ള കഴിവുണ്ട്. ലോകത്തിലെ മറ്റേതൊരു കമ്പനിയേക്കാളും കൂടുതൽ വാക്സീനുകൾ നിർമിക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മികച്ച ഉദാഹരണമാണ്.

ഞങ്ങളുടെ ഫൗണ്ടേഷനും ഗാവി ദ് വാക്സിൻ അലയൻസും സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശേഷി കൂട്ടുന്നതിനു ധനസഹായം പ്രഖ്യാപിച്ചിരുന്നു. 2021ൽ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ഡോസ് കോവിഡ് വാക്സീൻ ഉൽപാദിപ്പിക്കാൻ ഇവിടെ സാധിക്കും. ഡോസിന് 3 ഡോളറിൽ കൂടുതൽ വില ഈടാക്കില്ലെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് സമ്മതിച്ചിട്ടുമുണ്ട്.

Covid

കോവിഡ് പ്രതിരോധത്തെ പിന്തുണയ്ക്കാൻ കഴിയുന്ന ഈ മേഖലയിലെ ഒരു കമ്പനി മാത്രമാണ് സീറം. കോവിഡിനു മുമ്പ്, ഫലപ്രദവുമായ വാക്സീനുകൾ വികസിപ്പിച്ചു വിതരണം ചെയ്യുന്നതിനു ഭാരത് ബയോടെക്, ബയോഇ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികളുമായി ചേർന്നും ഫൗണ്ടേഷൻ പ്രവർത്തിച്ചിട്ടുണ്ട്. വാക്സീൻ ഇല്ലാതെ കോവിഡ് അവസാനിപ്പിക്കാൻ കഴിയുമോ, ആർജിത പ്രതിരോധശേഷി പ്രതിവിധിയാണോ എന്ന ചോദ്യങ്ങളോടും ഗേറ്റ്സ് പ്രതികരിച്ചു.

∙ ആർജിത പ്രതിരോധശേഷി വാദം അപകടം

മഹാമാരി കൈകാര്യം ചെയ്യുന്നതിനായി ചിലർ ആർജിത പ്രതിരോധശേഷി തന്ത്രത്തെ പരാമർശിക്കുന്നുണ്ട്. അവർ അഭിസംബോധന ചെയ്യാത്ത രണ്ടു പ്രശ്‌നങ്ങളുണ്ട്. ഒന്നാമത്തേത്, മിക്കവരും പ്രതിരോധശേഷി ഉള്ളവരാകുകയും രോഗം എളുപ്പത്തിൽ പടരാതിരിക്കുകയും ചെയ്യുന്നതുവരെ ആളുകളെ രോഗികളാക്കാൻ അനുവദിക്കുന്നത് ദശലക്ഷക്കണക്കിന് മരണങ്ങൾക്ക് കാരണമാകുമെന്നതാണ്. രണ്ടാമത്തേത്, ആർജിത പ്രതിരോധശേഷി എല്ലായ്പ്പോഴും താൽക്കാലികമാണ്. കാരണം കുട്ടികൾ രോഗപ്രതിരോധ ശേഷിയില്ലാതെയാണു ജനിക്കുന്നത്. രോഗം പടരാൻ സാധ്യതയുള്ള ആളുകൾ വീണ്ടുമുണ്ടാകും.

ഈ രണ്ടു കാരണങ്ങളാൽ, വാക്സീൻ നിർണായകമാണ്. അത് ഇപ്പോൾ ജീവൻ രക്ഷിക്കുകയും ഭാവിതലമുറയെ ഈ മഹാമാരി വരാതെ സംരക്ഷിക്കുകയും ചെയ്യും. ഇതിനിടെ, നിരവധി സമ്പന്ന രാജ്യങ്ങൾ ദശലക്ഷക്കണക്കിന് ഡോസ് വാക്സീനുകൾ മുൻകൂട്ടി ഓർഡർ ചെയ്തതായി റിപ്പോർ‌ട്ടുണ്ട്. ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകൾക്ക് അവസാനമേ  വാക്സിനേഷൻ ലഭിക്കൂ എന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നു. അങ്ങനെ സംഭവിക്കാതിരിക്കാൻ ഞങ്ങൾ നിരവധി പങ്കാളികളുമായി വിവിധ തലങ്ങളിൽ പ്രവർത്തിക്കുകയാണ്.

covid-mask-trivandrum-neet-exam

പ്രധാന പങ്കാളികളിലൊരാളായ ഗാവി വാക്സീൻ അലയൻസ്, സീറം ഇൻസ്റ്റിറ്റ്യൂട്ടിനെ പിന്തുണയ്ക്കുന്നു. ഗാവി, കോവാക്സ് സംരംഭത്തിലെ പ്രധാന പങ്കാളികളിൽ ഒരാളാണ്. വാക്സീനുകൾ വികസിപ്പിക്കുന്നതിലും ഉൽ‌പാദിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും തുല്യത ഉറപ്പുവരുത്തി നിക്ഷേപം നടത്തുന്നതിന് രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു. ഇതുവരെ 80 ഓളം രാജ്യങ്ങൾ കോവാക്സിൽ ധാരണയായിട്ടുണ്ട്. കൂടുതൽ തുക പറയുന്ന രാജ്യത്തേക്കു വാക്സീനുകൾ പോകില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ പണം സ്വരൂപിക്കാൻ സഹായിക്കുകയെന്നതും ഞങ്ങളുടെ മുൻഗണനകളിലൊന്നാണ്.

കോവിഡ് പ്രതിസന്ധി ചരിത്രത്തിലെ വലിയ പരീക്ഷണങ്ങളിലൊന്നാണ്. നേരിടാൻ സഹകരണത്തിന്റെ പുതിയ മാതൃകകളാണ് ആവശ്യം. അതിർത്തികൾ തിരിച്ചറിയാത്ത ഒരു വൈറസാണ് ഇതിനെല്ലാം കാരണം. പരിഹാരത്തിനായി എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഓരോ രാജ്യത്തിനും പ്രയോജനം കിട്ടും. ഈ പോരാട്ടത്തിൽ ഡേറ്റയ്ക്കു വലിയ പ്രാധാന്യമുണ്ട്. കോൺടാക്ട് ട്രേസിങ്, ക്വാറന്റീൻ തുടങ്ങിയവ വിലയിരുത്തി രോഗം എങ്ങനെ, എത്രത്തോളം പടരുന്നു എന്നെല്ലാം കൃത്യമായി അറിയാനാകും. കേസ് നമ്പറുകൾ കുറയ്ക്കുന്നതിന് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഡേറ്റ നിർണായകമാണ്.– ഗേറ്റ്സ് വിശദീകരിച്ചു.

English Summary: Herd immunity can’t end the pandemic; Coronavirus pandemic pushed 37 million into extreme poverty: Bill Gates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA