ADVERTISEMENT

ന്യൂഡൽഹി ∙ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സ്വന്തം നാടുകളിലേക്കു മടങ്ങുന്നതിനിടെ ഇതരസംസ്ഥാനത്തൊഴിലാളികളിൽ എത്ര പേരാണു മരിച്ചതെന്നു കൃത്യമായ കണക്കില്ലെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം. അതിനാൽ നഷ്ടപരിഹാരത്തെക്കുറിച്ചുള്ള ചോദ്യം ഉയരുന്നില്ലെന്നും പാർലമെന്റിൽ ഇതു സംബന്ധിച്ചുള്ള ചോദ്യത്തിനു മറുപടിയായി തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാങ്‌വർ പറഞ്ഞു. കോവിഡിനെ തുടർന്ന് രാജ്യം അടിയന്തര ലോക്ഡൗണിലേക്ക് കടന്നതോടെ പല സംസ്ഥാനങ്ങളിൽനിന്നും ഒട്ടേറെ തൊഴിലാളികൾ കാൽനടയായി സ്വന്തം നാടുകളിലേക്കു മടങ്ങിയിരുന്നു. ഇവരിൽ പലർക്കും പോകുന്ന വഴിയിൽ ജീവൻ നഷ്ടമാകുകയും ചെയ്തു.

തൊഴിൽ മന്ത്രാലയത്തിന്റെ ഈ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം അടക്കം വിമർശനമുയർത്തുന്നുണ്ട്. ഒരു കോടിയിലധികം ഇതരസംസ്ഥാന തൊഴിലാളികളാണ് ലോക്ഡൗണിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നാടുകളിലേക്കു മടങ്ങിയതെന്നു മന്ത്രാലയം സമ്മതിക്കുന്നു.

സ്വന്തം നാട്ടിലേക്കു മടങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം, അതിൽ യാത്രയ്ക്കിടെ മരിച്ചവരുടെ എണ്ണമോ വിവരങ്ങളോ ഉണ്ടോ, അവർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം നൽകിയിരുന്നോ എന്നായിരുന്നു തൊഴിൽ മന്ത്രാലയത്തിനുള്ള ചോദ്യം.

ലോക്ഡൗണിൽ എത്ര പേർക്ക് ജോലി നഷ്ടപ്പെട്ടെന്നോ എത്ര ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചുവെന്നോ മോദി സർക്കാരിന് അറിയില്ലെന്നു കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. നിങ്ങൾ എണ്ണമെടുത്തിട്ടില്ലെങ്കിൽ ആ മരണങ്ങൾ നടന്നിട്ടില്ലെന്നാണോ? ആ മരണങ്ങൾക്ക് സർക്കാരിൽ യാതൊരു ചലനവും ഉണ്ടാക്കാനായില്ലെന്നത് സങ്കടകരമാണ്.ലോകം മുഴുവനും ആ മരണങ്ങൾ കണ്ടു. എന്നാൽ മോദി സർക്കാരിന് അതേക്കുറിച്ച് ഒരറിവുമില്ല – രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ഇതരസംസ്ഥാന തൊഴിലാളികളുടെ മരണത്തിന്റെ കണക്കില്ലെന്നും അതിനാൽ നഷ്ടപരിഹാരത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നുമുള്ള തൊഴിൽ മന്ത്രാലയത്തിന്റെ മറുപടി ഞെട്ടിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞു. കഠിനഹൃദയത്വമെന്നാണ് മന്ത്രാലത്തിന്റെ മറുപടിയെപ്പറ്റി കേരള ധനകാര്യമന്ത്രി തോമസ് ഐസക് ട്വീറ്റ് ചെയ്തത്.

English Summary: No Data On Migrant Deaths, So No Compensation: Government To Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com