ADVERTISEMENT

തിർത്തിയിലെ സംഘർഷാവസ്ഥയ്ക്കു പിന്നാലെ സൈബർ ആക്രമണത്തിനും കോപ്പുകൂട്ടുകയാണു ചൈന. ചൈനീസ് സേനയും സിഐഎ ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ ഏജൻസികളും യുഎസ് കേന്ദ്രീകരിച്ചുള്ള ആഗോള ‌ടെക് ഭീമന്മാരും ഉപയോക്താക്കളുടെ രഹസ്യഡേറ്റകൾ ചോർത്തുന്നതായും വെളിപ്പെട്ടതാണ്. ഈ സന്ദർഭത്തിലാണു രാജ്യത്തെ ആശങ്കപ്പെടുത്തുന്ന തീരുമാനം ട്രായ് (ടെലികോ അതോറിറ്റി ഓഫ് ഇന്ത്യ) കൈകൊണ്ടിരിക്കുന്നത്. ഇന്ത്യയിലുള്ള ആഗോള ആശയവിനിമയ ആപ്ലിക്കേഷനുകൾക്കു യാതൊരു നിയന്ത്രണവും വേണ്ടെന്നാണു ട്രായ് പറയുന്നത്.

സൈബർ ആക്രമണങ്ങളും വ്യക്തിസുരക്ഷയും മുൻനിർത്തി രാജ്യം കൂടുതൽ നിയന്ത്രണങ്ങളിലേക്കു പോകുമെന്ന റിപ്പോർട്ടുകൾക്കിടെയാണു ട്രായ്‍യുടെ ശുപാർശ. വാ‌ട്സാപ്പ്, ഫെയ്സ്ബുക് മെസഞ്ചർ, ആപ്പിൾ ഫെയ്സ്‌ടൈം, ഗൂഗിൾ ചാറ്റ്, സ്കൈപ്പ്, ടെലിഗ്രാം, മൈക്രോസോഫ്റ്റ് ടീംസ്, സിസ്‌കോ വെബെക്‌സ്, സൂം തുടങ്ങിയവയുടെ സേവനങ്ങളിലൊന്നും നിയന്ത്രണം വേണ്ടെന്നാണു ട്രായ് പയുന്നത്. ഇപ്പോഴുള്ള നിയന്ത്രണം പോലും വേണ്ടെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു.

‌ഉപയോക്താക്കളുടെ കോളുകളും മെസേജുകളും തടസ്സപ്പെടുത്താൻ നിയമങ്ങൾ ഉണ്ടാകരുത്. ഇടപെടൽ നിർബന്ധമാക്കുന്നത് ഇത്തരം ആപ്പുകളെ ദുർബലപ്പെടുത്തുമെന്നും നിയമവിരുദ്ധർ രംഗം കയ്യടക്കാമെന്നും ട‌െലികോം റഗുലേറ്റർ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ നിയന്ത്രണത്തിനും സൂക്ഷ്മ പരിശോധനയ്ക്കും വേണ്ടി കഠിനമായി വാദിക്കുന്ന കേന്ദ്ര ടെലികോം–ഐടി മന്ത്രി രവിശങ്കർ പ്രസാദ് ഉൾപ്പെടെയുള്ളവരുടെ നിലപാടിനോടു വിരുദ്ധമാണു ട്രായ്‍യുടെ ശുപാർശകൾ എന്നതും ശ്രദ്ധേയമാണ്. 2018ൽ രാജ്യത്തുടനീളം ആൾക്കൂട്ട വിചാരണകൾ വ്യാപകമായ പശ്ചാത്തലത്തിൽ, നിയമവിരുദ്ധമായ സന്ദേശങ്ങളുടെ യഥാർഥ ഉറവിടം വെളിപ്പെടുത്താനും ഇത്തരം വ്യാജ സന്ദേശങ്ങൾ ആദ്യമായി അയച്ചവരെ കണ്ടെത്താൻ സഹായിക്കാനും രവിശങ്കർ പ്രസാദ് വാ‌ട്സാപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

1200-tiktok

ഫെയ്സ്ബുക്കിന്റെ സഹകമ്പനിയായ വാട്സാപ്പ് ഇതിനോടു ശക്തമായി വിസമ്മതിച്ചു. പ്ലാറ്റ്ഫോമിലെ എല്ലാ ആശയവിനിമയങ്ങളും എൻ‌ക്രിപ്റ്റഡ് ആണെന്നായിരുന്നു വാദം. ടെലികോം സെക്രട്ടറി അൻഷു പ്രകാശിനു ട്രായ് സമർപ്പിച്ച ‘റെഗുലേറ്ററി ഫ്രെയിംവർക്ക് ഫോർ ഒടിടി കമ്യൂണിക്കേഷൻ സർവീസസ്’ സംബന്ധിച്ച ശുപാർശകളിൽ വാട‌്സാപ്പ് ഉൾപ്പെടെ ഒരു സ്ഥാപനത്തെയും ഉൾപ്പെടുത്തിയിട്ടില്ല. മൊബൈൽ ഓപ്പറേറ്റർമാരുടെ സംഘടന സിഒഎഐ (സെല്ലുലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ) തീരുമാനത്തെ വിമർശിച്ചു രംഗത്തെത്തി. ഇത്തരം സൂക്ഷ്മ പരിശോധനയുടെ അഭാവത്തിൽ ഒടിടി (ഓവർ ദ് ടോപ്) സേവനം നൽകുന്നവർ ‘ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി തുടരും’ എന്നു സിഒഎഐ ആരോപിച്ചു.

∙ ‘ഉചിതമായ സമയം ഇതല്ല’

ട്രായ് ശുപാർശകളെക്കുറിച്ച് കേന്ദ്രസർക്കാരാണു അന്തിമ തീരുമാനമെടുക്കുക. ഒ‌ടി‌ടി ആശയവിനിമയ സേവനങ്ങൾ‌ അടിസ്ഥാനപരമായി മൊബൈൽ‌ നെറ്റ്‍വർക്ക് ഓപ്പറേറ്റർ‌മാരുടെ ശൃംഖലയിലുള്ളതാണ്. എന്നാൽ ഇവ ശബ്‌ദവും സന്ദേശവും കൈമാറാനുള്ള ആശയവിനിമയോപാധി ആകുമ്പോൾ ടെലികോം കമ്പനികൾക്കു വെല്ലുവിളിയാകും. ‘ഒടിടി സേവനങ്ങൾ എന്ന് വിളിക്കപ്പെടുന്ന സേവനങ്ങളുടെ വിവിധ വശങ്ങൾക്കായി സമഗ്രമായ ഒരു നിയന്ത്രണ ചട്ടക്കൂട് ശുപാർശ ചെയ്യുന്നതിന് ഉചിതമായ സമയമല്ല ഇത്. രാജ്യാന്തര അധികാരപരിധിയിൽ കൂടുതൽ വ്യക്തത വരുമ്പോൾ ഇക്കാര്യം പുതുതായി പരിശോധിക്കാം’– ട്രായ് വ്യക്തമാക്കി.

സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച വിഷയത്തിൽ, ഇപ്പോൾ നിയന്ത്രണപരമായ ഇടപെടലുകൾ ആവശ്യമില്ലെന്നും ട്രായ് ചൂണ്ടിക്കാട്ടുന്നു. ഒടിടി ആശയവിനിമയ സേവനങ്ങളുടെ രൂപം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഉപയോക്താക്കളെ സംബന്ധിച്ചും കൂടുതൽ രൂപമാകുന്നതേയുള്ളൂ. ഇടനിലക്കാരു‌‌ടെ ഇടപെടൽ തടയുന്ന രീതിയിൽ എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. ആശയവിനിമയത്തിന്റെ വിശദാംശങ്ങൾ‌ മറ്റുള്ളവർക്കു മനസ്സിലാക്കാവുന്ന രൂപത്തിലോ വ്യക്തമായ വാചകത്തിലോ ലഭിക്കുന്നതിനു നിയമം നടപ്പാക്കുന്നത് ഒ‌ടി‌ടി സേവനങ്ങളുടെ മുഴുവൻ രൂപഘടനയിലും മാറ്റം വരുത്താൻ ഇടയാക്കും.

അങ്ങനെ സംഭവിച്ചാൽ ഇന്നു വാഗ്ദാനം ചെയ്യുന്ന അതേ നിലവാരത്തിലുള്ള പരിരക്ഷ നൽകില്ല.– ട്രായ് വ്യക്തമാക്കുന്നു. ‘ടെലികോം കമ്പനികൾ‌ കർശനമായ റെഗുലേറ്ററി, ലൈസൻ‌സിങ് ചട്ടക്കൂട് പാലിക്കേണ്ടതുണ്ട്. എന്നാൽ ഒ‌ടി‌ടി സേവനം നൽകുന്നവർക്ക് ഈ ചട്ടക്കൂടുകളൊന്നും ബാധകമല്ല. ടെലികോം സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾക്ക് പകരമായി ഈ ഒടിടി സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനാൽ രണ്ടും തമ്മിൽ പൊരുത്തമില്ലാത്ത ഒരവസ്ഥ നിലനിൽക്കുന്നുണ്ടെന്നും സി‌ഒഎഐ ഡിജി എസ്.പി.കോച്ചാർ പറഞ്ഞു.

∙  മോദി ഉൾപ്പെടെ നിരീക്ഷണത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പതിനായിരത്തിലധികം ഇന്ത്യൻ വ്യക്തികളെയും സംഘടനകളെയും ഒരു ചൈനീസ് കമ്പനി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണു ട്രായ് ശുപർശയെന്നത് ഗൗരവമായി കാണേണ്ടതാണ്. ഇതേ ചൈനീസ് കമ്പനി 35,000 ൽ അധികം ഓസ്‌ട്രേലിയക്കാരുടെയും 50,000 അമേരിക്കക്കാരുടെയും വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചു. ചൈനീസ് സർക്കാരുമായും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായും ബന്ധമുള്ള ഷെൻ‌ഹുവ ഡേറ്റ ഇൻഫർമേഷൻ ടെക്നോളജി കമ്പനി ലിമിറ്റഡ് ആണ് വിദേശ വ്യക്തികളെയും സംഘടനകളെയും നിരീക്ഷിക്കുന്നതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

facebook-messenger

വാഷിങ്ടൻ പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, യുഎസ് നേവിയിലെ ഉദ്യോഗസ്ഥരും മറ്റ് സൈനിക സ്ഥാപനങ്ങളും വിദേശ നേതാക്കളുടെ പ്രൊഫൈലുകളും കുടുംബങ്ങളും എല്ലാം കമ്പനിയുടെ റഡാറിനു കീഴിലാണ്. ഓസ്ട്രേലിയയിൽ ശേഖരിച്ച വിവരങ്ങളിൽ ജനനത്തീയതി, വിലാസം, വിവാഹം, ഫോട്ടോകൾ, രാഷ്ട്രീയ സംഘടനകൾ, ബന്ധുക്കൾ, സോഷ്യൽമീഡിയ ഐഡികൾ എന്നിവ ഉൾപ്പെടുന്നു. പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, അറ്റ്ലാസിയൻ സഹസ്ഥാപകരായ മൈക്ക് കാനൻ-ബ്രൂക്ക്സ്, സ്കോട്ട് ഫാർക്വാർ എന്നിവരു‌േതടക്കം 35,558 പേരുടെ വിവരങ്ങളാണു ശേഖരിച്ചത്.

ഷെൻ‌ഹുവ കൂടാതെ ഡേവിഡ് ഗോൺ‌സ്കി, ജെന്നിഫർ വെസ്റ്റകോട്ട് എന്നിവരും വിവരങ്ങൾ ശേഖരിക്കാനും ക്രമപ്പെടുത്താനും സഹായിച്ചു. വെബ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള വിവരങ്ങൾ കൈക്കലാക്കുക, ഗവേഷണ പ്രബന്ധങ്ങൾ ട്രാക്ക് ചെയ്യുക, ലേഖനങ്ങൾ, പേറ്റന്റുകൾ, റിക്രൂട്ട്‌മെന്റ് സ്ഥാനങ്ങൾ തുടങ്ങി, ബന്ധങ്ങൾ തുടങ്ങി വ്യക്തിയും സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാം ഷെൻ‌ഹുവ ഖനനം ചെയ്യുന്നു. രാഷ്‌ട്രീയക്കാരും ഔദ്യോഗികവുമായ സ്ഥാപനങ്ങളിൽ സ്വാധീനമുള്ള വ്യക്തികളും മാത്രമല്ല ഇന്ത്യയിൽ നിരീക്ഷിക്കപ്പെടുന്നത് എന്നാണു റിപ്പോർട്ട്.

US-IT-ZOOM

പ്രധാന സ്ഥാനങ്ങളിലുള്ള ബ്യൂറോക്രാറ്റുകൾ, ന്യായാധിപന്മാർ, ശാസ്ത്രജ്ഞരും അക്കാദമിക്കുകളും, പത്രപ്രവർത്തകർ, അഭിനേതാക്കൾ, കായികതാരങ്ങൾ, മതപ്രഭാഷകർ, ആക്ടിവിസ്റ്റുകൾ എന്നിവർ നിരീക്ഷണ വലയത്തിലാണ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ, അഴിമതി, ഭീകരവാദം, മയക്കുമരുന്ന്, സ്വർണം, ആയുധങ്ങൾ, വന്യജീവികൾ എന്നിവയുടെ കള്ളക്കടത്തും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നു എന്നതാണു ഞെട്ടിപ്പിക്കുന്ന വസ്തുത.

ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ ചൈന കൂടുതൽ ശക്തമായി നിലകൊള്ളുകയും മേഖലയിലും അതിനുമപ്പുറത്തും അയൽരാജ്യങ്ങൾക്കെതിരെ മുന്നേറുകയും ചെയ്യുമ്പോൾ ഈ വെളിപ്പെടുത്തലിനു പ്രാധാന്യം ഏറെയാണ്. ചൈനീസ് രഹസ്യാന്വേഷണ വിഭാഗം, സൈനിക, സുരക്ഷാ ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ടാണു പ്രവർത്തിക്കുന്നതെന്നു ഷെൻഹുവ അവകാശപ്പെടുന്നുമുണ്ട്. കഴിഞ്ഞ വർഷം രാജ്യത്തു വാട്സാപ്പിൽനിന്നു വ്യാപകമായ തോതിൽ വിവരചോർച്ചയുണ്ടായതിന്റെ കൂ‌‌ടി പശ്ചാത്തലത്തിൽ ഇവയ്ക്കു നിയന്ത്രണം ഉണ്ടാകേണ്ടതാണ്ടെന്നും ഒരു വിഭാഗം വാദിക്കുന്നു.

∙ പെഗാസസും ഇസ്രയേലും വാട്സാപ്പും

2019ൽ വാട്സാപ്പിൽനിന്ന് ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന വാർത്തകൾ വലിയ വിവാദമായിരുന്നു. വിവരചോർച്ചയെക്കുറിച്ച് 2018 മേയിൽ തന്നെ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു എന്നായിരുന്നു വാട്സാപ്പിന്റെ വിശദീകരണം. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമാണ് കമ്പനി മുൻഗണന നൽകുന്നതെന്നു വാട്സാപ് വ്യക്തമാക്കി. പെഗാസസിനു പിന്നിലുള്ള ഇസ്രയേൽ സൈബർ കമ്പനി എൻഎസ്ഒ ഗ്രൂപ്പിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. 

representative image
representative image

സുരക്ഷ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഹാക്കർമാരിൽ നിന്നു ഉപയോക്താക്കളെ സംരക്ഷിക്കേണ്ടതുണ്ടെന്ന ഇന്ത്യൻ സർക്കാരിന്റെ നിലപാടിനെ അംഗീകരിക്കുന്നു. എല്ലാ സന്ദേശങ്ങളുടെയും സംരക്ഷണത്തിനു വാട്സാപ് പ്രതിജ്ഞാബന്ധമാണെന്നും കമ്പനി വിശദീകരിച്ചു. അതേസമയം, മേയിൽ വാട്സാപ് നൽകിയ റിപ്പോർട്ടിൽ ചോർച്ചയുടെ വിശദാംശങ്ങളില്ലെന്നാണ് കേന്ദ്രസർക്കാർ നൽകിയ വിശദീകരണം. പെഗാസസ്, എൻഎസ്ഒ ഗ്രൂപ്പ് എന്നിവയെക്കുറിച്ചും പരാമർശമുണ്ടായില്ലെന്നും സർക്കാർ പറഞ്ഞു.

∙ ഒളിയാക്രമണം ചൈനയുടെ പതിവുമുറ

അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരവേ, രാജ്യത്തു സൈബർ ആക്രമണ ഭീഷണി വർധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ കരസേന കഴിഞ്ഞ വർഷം 23 തവണ സൈബർ ആക്രമണത്തിനു വിധേയമായെന്നു കേന്ദ്രസർക്കാർ തന്നെ പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു. കൂടംകുളം ആണവ നിലയത്തിലെ ന്യൂക്ലിയർ പവർ കോർപറേഷനിൽ 2019 നവംബറിൽ സൈബർ ആക്രമണം ഉണ്ടായി. 2019ൽ കേന്ദ്ര സർക്കാരിന്റെ 24 മന്ത്രാലയങ്ങളിൽ സൈബർ ആക്രമണം നടന്നു.

1200-Chinese-Army-PLA

ഇന്ത്യയിൽ സൈബർ ആക്രമണത്തിനു സാധ്യതയുണ്ടെന്നും ചൈനയിൽ സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. ആധുനിക യുദ്ധമുറകളുടെ ഭാഗമായി മാറിയിരിക്കുന്നു സൈബർ ആക്രമണങ്ങൾ. സമൂഹമാധ്യമങ്ങളും വാട്സാപ്പ് പോലുള്ള ആപ്പുകളും ഇതിനായി ഉപയോഗപ്പെടുത്തുന്നു. രാജ്യത്തെ മിക്ക പ്രവർത്തന മേഖലകളെയും സ്തംഭിപ്പിക്കാൻ സൈബർ ആക്രമണങ്ങൾക്കു കഴിയും. ആണവ കേന്ദ്രങ്ങൾ, വൈദ്യുതി വിതരണം, വ്യോമയാനം, ഓഫിസുകൾ, പ്രതിരോധ സേനകൾ, ആരോഗ്യ മേഖല, ബാങ്കിങ്, ശാസ്ത്ര ഗവേഷണം തുടങ്ങി ഏതുരംഗത്തും ആക്രമണം ഉണ്ടാകാം.

‌∙ ആപ്പ് വിലക്കിനു മറുപടി

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ വിലക്കിയ ഇന്ത്യയുടെ നടപടിയെ തുടക്കം തൊട്ടേ ചൈന വിമർശിക്കുന്നുണ്ട്. ചൈനീസ് നിക്ഷപകരുടെയും സർവീസ് പ്രൊവൈഡർമാരുടെയും താൽപര്യങ്ങളിൽനിന്ന് വ്യതിചലിക്കുന്ന നടപടിയാണ് ഇന്ത്യയുടേതെന്നാണു നിലപാട്. ടെന്‍സെന്റ് ഹോൾഡിങ്സിന്റെ വിഡിയോ ഗെയിം പബ്ജി, ടിക്ടോക് അട‌ക്കം നൂറിലേറെ ആപ്പുകളുടെ പ്രവർത്തനമാണ് ഇന്ത്യയിൽ വിലക്കിയിരിക്കുന്നത്. ഡേറ്റാ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ നടപടി. ആപ്പ് വിലക്കിനു നിയമാനുസൃതമല്ലാത്ത വഴികളിലൂടെ ചൈന മറുപടി നൽകുമെന്ന വാദവും ശക്തമാണ്.

whatsapp

ബെയ്ദു, ഷഓമിയുടെ ഷെയർസേവ് തുടങ്ങിയവയ്ക്കും ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു. ഈ ആപ്പുകൾ സ്വകാര്യവിവരങ്ങൾ ശേഖരിക്കുകയും അതു രാജ്യസുരക്ഷയ്ക്കെതിരായി ഉപയോഗിക്കുകയും ചെയ്യുമെന്ന് കേന്ദ്രം പറയുന്നു. ആപ് നിരോധനത്തിൽ ഏറ്റവും വലിയ ആഘാതം പബ്ജി മൊബൈൽ ഡവലപ്പറായ ചൈനീസ് കമ്പനി ടെൻസെന്റിനാണ്. പബ്ജിക്കു പുറമേ, ടെൻസെന്റ് ഗെയിംസിന്റെ ലുഡോ വേൾഡ്, എരീന ഓഫ് വലോർ, ചെസ് റഷ് എന്നീ ഗെയിമുകളും വൂവ് മീറ്റിങ്, ഐപിക്ക്, ടെൻസെന്റ് വെയ്ഉൻ, പിതു തുടങ്ങിയ ആപ്പുകളും നിരോധിക്കപ്പെട്ടു. ഇവയിൽ പലതും ചൈനീസ് പേരുകളിലാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായിരുന്നത്.

English Summary: No regulation needed for communication apps: Trai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com