ADVERTISEMENT

മുംബൈ ∙ 2021 പകുതിവരെ കോവിഡ് വാക്സീൻ പ്രചാരത്തിലാകുമെന്ന് കരുതുന്നില്ലെന്ന ലോകാരോഗ്യ സംഘടനയുടെ നിലപാടിനെ പിന്തുണച്ച് വിദഗ്ധർ. വ്യാപകമായ കോവിഡ്‌ വാക്സീൻ കുത്തിവയ്‌പ്‌ അടുത്ത വർഷം പകുതിയോടെ മാത്രമേ ആരംഭിക്കുകയുള്ളുവെന്ന്‌ ലോകാരോഗ്യ സംഘടന പ്രതിനിധി മാർഗരറ്റ്‌ ഹാരിസ്‌  നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കോവിഡ് വാക്സീൻ വികസിപ്പിച്ചാലും എല്ലാവരിലുമെത്താൻ പിന്നെയും 18 മുതൽ 24 മാസങ്ങൾ വരെയെടുക്കുമെന്നാണ് നിഗമനം. വാക്സീന്റെ സുരക്ഷയുറപ്പു വരുത്തുന്നതിന് ആവശ്യമായ കൃത്യമായ പരിശോധന നടത്തേണ്ടതുണ്ട്. കോവിഡ് വാക്സീൻ അടുത്തവർഷം ആദ്യ പാദത്തിൽത്തന്നെ ലഭ്യമാവുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്തി ഡോ. ഹർഷ് വർധൻ ഉൾപ്പെടെയുള്ളവർ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.

വ്യാപകമായ കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പ്‌ അടുത്ത മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്താൻ സാധിക്കുമെന്നായിരുന്നു കണക്ക് കൂട്ടൽ. നിലവിലെ സൂചനയനുസരിച്ച് നീളാനാണ് സാധ്യത. വാക്സീൻ സജ്ജമാകുന്ന കൃത്യമായ തീയതി പറയാൻ പ്രയാസമാണ്. മനുഷ്യരിൽ പരീക്ഷിക്കുന്നതിനാവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം. 

ഇന്ത്യയിലെ ജനങ്ങൾക്ക് വ്യാപകമായി വാക്സീൻ ലഭ്യമാകാൻ ഇനിയും ഒന്നര വർഷത്തിലേറെ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും എയിംസിലെ ഹൃദ്രോഗവിഭാഗം മുന്‍ തലവനുമായ പ്രഫസർ കെ. ശ്രീനാഥ് റെഡ്ഡി അഭിപ്രായപ്പെട്ടു. വാക്സീന് അനുമതി ലഭിച്ചാലും വ്യാപകമായി ലഭ്യമാകാൻ പിന്നെയും എട്ടുമാസത്തോളം എടുത്തേക്കാം– ശ്രീനാഥ് റെഡ്ഡി പറഞ്ഞു.

വാക്സീൻ പെട്ടെന്ന് ലഭ്യമാക്കാനായാലും ആരോഗ്യ പ്രവര്‍ത്തകർക്കായിരിക്കും ആദ്യം ലഭ്യമാക്കുക. തുടര്‍ന്ന് 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഹൃദ്രോഗം, കാന്‍സര്‍ പ്രമേഹം, അമിതവണ്ണം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവര്‍ക്കും. അങ്ങനെ നോക്കുകയാണെങ്കിൽ സാധാരണക്കാർ പിന്നെയും കാത്തിരിക്കണം– പ്രശസ്ത മൈക്രോ ബയോളജിസ്റ്റും ഐസിഎംആർ മുൻ ഡയറക്ടർ ജനറലുമായ ഡോക്ടർ എൻ.കെ. ഗാംഗുലി പറയുന്നു.

അടുത്തവർഷം പകുതി വരെ കോവിഡ് വാക്സീന്റെ വ്യാപകമായ ഉപയോഗം ഉണ്ടാകുമെന്ന് കരുതാനാകില്ലെന്ന് മാർഗരറ്റ്‌ ഹാരിസ്‌ യുഎന്നിൽ അറിയിച്ചിരുന്നു. പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ദൈർഘ്യമേറിയതായിരിക്കും. കാരണം വാക്സീൻ എത്രത്തോളം സുരക്ഷിതമാണെന്നും കണ്ടെത്തേണ്ടതുണ്ട് – ഹാരിസ് പറയുന്നു.   

ഇന്ത്യയിൽ പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഫലപ്രദമെന്നു കണ്ട 4 വാക്സീനുകൾ കൂടി മനുഷ്യരിൽ പരീക്ഷിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി തേടിയിരുന്നു. അനുമതി ലഭിച്ചാൽ, മനുഷ്യരിലെ പരീക്ഷണഘട്ടത്തിലെത്തുന്ന വാക്സീനുകളുടെ എണ്ണം 7 ആകും. ലോകത്താകെ 35 വാക്സീനുകളാണു മനുഷ്യരിൽ പരീക്ഷണത്തിലുള്ളത്. 145 എണ്ണം പ്രീ ക്ലിനിക്കൽ ട്രയലിലും. 

English Summary: Covid-19: Vaccine shots will reach most only in late 2021, says experts 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com