‘മാനസികനില തെറ്റിയത് മുഖ്യമന്ത്രിക്ക്; ഭീഷണി പാര്‍ട്ടി ക്രിമിനലുകള്‍ക്കുള്ള സന്ദേശം’

k-surendran-new-1200
കെ.സുരേന്ദ്രൻ
SHARE

തിരുവനന്തപുരം∙ ബിജെപിക്കെതിരെ പരസ്യ വെല്ലുവിളി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി ക്രിമിനലുകൾക്കും സിപിഎമ്മിന്റെ പൊലീസിനും അക്രമം നടത്താനുള്ള സന്ദേശമാണ് നൽകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി അധ്യക്ഷനെ വേറെ കണ്ടോളാം എന്നു പറയുന്ന പിണറായിയുടെ ഉദ്ദേശ്യം വ്യക്തമാണ്. ചതിയും അക്രമവും നടത്തി സമരത്തെ നേരിടാനാണ് ഭാവമെങ്കിൽ ഞങ്ങളും തയ്യാറാണെന്ന് സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി ജലീലിന്റെയും രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിയുമായി ബന്ധപ്പെട്ടും രാഷ്ട്രീയമായുമുള്ള ആരോപണങ്ങളാണ് ബിജെപി ഉന്നയിച്ചിട്ടുള്ളത്. അതിനൊന്നും മറുപടി പറയാൻ പിണറായി തയ്യാറായിട്ടില്ല. മാനസിക നില തെറ്റിയത് പിണറായിക്കാണ്. ഭയമാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. സ്വന്തം നിഴലിനെ പോലും അദ്ദേഹം ഭയപ്പെടുന്നു. അന്വേഷണ ഏജൻസികൾ എപ്പോഴാണ് തന്നിലേക്ക് എത്തുന്നത് എന്ന ആശങ്കയിലാണ് അദ്ദേഹം.

പിണറായിയുടെ ഭീഷണി ബിജെപിക്ക് നേരെ വേണ്ട. ഭീഷണി കൊണ്ട് പിന്മാറുന്നവരല്ല ബിജെപിയെന്ന് പിണറായിക്ക് വ്യക്തമായി അറിയാം. മറ്റു തലത്തിൽ മറുപടി തരും എന്നാണ് ഭീഷണി. അതു ഞങ്ങൾ കാത്തിരിക്കുകയാണ്. വാടിക്കൽ രാമകൃഷ്ണൻ മുതൽ ആ മറുപടി ഞങ്ങൾ കണ്ടിട്ടുണ്ട്. അതിനെ നേരിട്ടിട്ടുമുണ്ട്. പിന്തിരിഞ്ഞോടുന്നവരല്ല ഞങ്ങൾ. നേർക്കുനേരെ നിന്ന് ശക്തമായി നേരിട്ടിട്ടുമുണ്ട്. പിണറായിക്ക് അതെല്ലാം ബോധ്യമുള്ളതുമാണ്. പിണറായി തന്റെ ചരിത്രം വിശദീകരിച്ചത് പരിഹാസ്യമായി. ബർളിൻ കുഞ്ഞനന്തൻ നായരുടെ പുസ്തകം വായിച്ചിട്ടുള്ളവർക്ക്  പിണറായി ആരെന്ന് വ്യക്തമാവും.

സ്വർണക്കള്ളക്കടത്തു കേസിലും മയക്കുമരുന്ന് കേസിലുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിനും മറ്റു മന്ത്രിമാർക്കും സിപിഎം നേതാക്കളുടെ മക്കൾക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയത് അന്വേഷണ ഏജൻസികളാണ്. അതൊന്നും പ്രതിപക്ഷം കെട്ടിച്ചമച്ചതല്ല. എന്നാൽ ആരോപണങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം നൽകാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

ലൈഫ് മിഷനിൽ കമ്മിഷൻ അടിച്ചതിനെ കുറിച്ചോ ഒരു മന്ത്രി ഖുറാന്റെ മറവിൽ സ്വർണം കടത്തിയതിനെ കുറിച്ചോ സെക്രട്ടേറിയറ്റിൽ തീ കത്തിയപ്പോൾ ഏതൊക്കെ ഫയലുകൾ കത്തിയെന്നതിനെ കുറിച്ചോ ഇതുവരെ വ്യക്തമായ ഉത്തരം മുഖ്യമന്ത്രി നൽകിയില്ല. നാലരകൊല്ലം മുൻപ് മറ്റൊരു മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ പിണറായി സ്വീകരിച്ച നിലപാട് കുറ്റാരോപിതർ അധികാരത്തിൽ നിന്ന് മാറണം എന്നായിരുന്നു. ഇപ്പോൾ അത് ബാധകമാകില്ലെ എന്നും സുരേന്ദ്രൻ ചോദിച്ചു.

ലൈഫ് മിഷൻ തട്ടിപ്പിൽ കമ്മിഷന്റെ മുഖ്യ പങ്ക് മന്ത്രി പുത്രനിലേക്കാണ് പോയിട്ടുള്ളത്. പേരക്കുട്ടിയുടെ മാലയെടുക്കാനാണ് ലോക്കർ തുറന്നതെന്നാണ് പറയുന്നത്. ഒരു പവന്റെ മാല ലോക്കറിൽ വച്ചു എന്ന് പറയുന്നത് അവിശ്വസനീയമാണ്.

അഴിമതി പണത്തിന്റെ വലിയ ഭാഗം പിണറായി വിജയനിലേക്കാണ് പോയതെന്ന ആരോപണം സുരേന്ദ്രൻ ആവർത്തിച്ചു. കൂടുതൽ മന്ത്രിമാരിലേക്ക് അന്വേഷണം എത്തും. രണ്ടു ദിവസങ്ങളായി തിരുവനന്തപുരത്തെ ഒരു മന്ത്രിയെ കാണാനില്ല. നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ബിജെപി സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഒറ്റ അഴിമതിക്കാരനും രക്ഷപ്പെടാൻ അനുവദിക്കില്ല.

രാഷ്ട്രീയമായ ആരോപണങ്ങൾക്ക് അത്തരത്തിലുള്ള മറുപടിയാണ് വേണ്ടത്. ഭീഷണിപ്പെടുത്തി സമരത്തെ അടച്ചമർത്താമെന്നത് വ്യാമോഹമാണ്. പൊലീസിനൊപ്പം ഡിവൈഎഫ്‌ഐ ക്രിമിനലുകളും ബിജെപിയെ നേരിടാൻ രംഗത്തു വന്നിട്ടുണ്ട്. ഡിവൈഎഫ്‌ഐ അതേ നാണയത്തിൽ നേരിടാൻ ഞങ്ങൾ തയ്യാറാണ്. ബിജെപിയുടെ പെൺപുലികൾ മാത്രം മതി അതിന്. തങ്ങളെ വകവരുത്തിയാലും ഈ സമരവുമായി മുന്നോട്ടു പോകും. ഈ പാപക്കറയിൽ നിന്ന് കൈകഴുകാൻ പണറായിക്ക് കഴിയില്ലന്നും സുരേന്ദ്രൻ പറഞ്ഞു.

കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് സെക്രട്ടേറിയറ്റ് മാർച്ച് ആരംഭിച്ചത്. മുതിർന്ന നേതാക്കളായ ഒ.രാജഗോപാലും കുമ്മനം രാജശേഖരനും ജില്ലാ അധ്യക്ഷൻ വി.വി. രാജേഷും മുന്നിൽ നിന്ന് നയിച്ചു. ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, വി.വി.രാജേഷ് എന്നിവരും സംസാരിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽകൃഷ്ണ, ഒബിസി മോർച്ച സംസ്ഥാന അധ്യക്ഷൻ എൻ.പി. രാധാകൃഷ്ണൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.ടി.രമ, സംസ്ഥാന ട്രഷറർ ജെ.ആർ. പദ്മകുമാർ, സംസ്ഥാന സെക്രട്ടറിമാരായ സി.ശിവൻകുട്ടി , കരമനജയൻ, എസ്.സുരേഷ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

English Summary: K Surendran against CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA