നെട്ടൂരിനെ ഞെട്ടിച്ച് 'ലഹരിക്കൊല'; വടിവാള്‍ ആക്രമണം ഒത്തുതീര്‍പ്പിനിടെ, ദാരുണാന്ത്യം

1200-kochi-attack
ഫഹദ് ഹുസൈൻ
SHARE

കൊച്ചി∙ നെട്ടൂരിൽ യുവാവ് ലഹരി സംഘങ്ങളുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ പുറത്തു വരുന്നത് ഭീതിപ്പെടുത്തുന്ന വിവരങ്ങൾ. സംഘം തിരിഞ്ഞുള്ള യുവാക്കളുടെ ലഹരി ഇടപാടുകളും അതിനെ തുടർന്നുള്ള തർക്കങ്ങളുമാണ് കഴിഞ്ഞ ദിവസത്തെ കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് നാട്ടുകാരിൽ നിന്നു ലഭിക്കുന്ന വിവരം. ലഹരി സംഘങ്ങൾക്കിടയിലെ തർക്കം പരിഹരിക്കുന്നതിനു വേണ്ടി വിളിച്ച ഒത്തുതീർപ്പ് ചർച്ചയ്ക്കിടയിൽ സംഘാംഗങ്ങളിൽ ഒരാൾ വടിവാൾ എടുത്തു വീശിയതാണ് അക്രമങ്ങൾക്കു തുടക്കമായത്. ഇതോടെ ഒരു വിഭാഗം ചിതറി ഓടുകയും കയ്യിൽ കിട്ടിയവരെ മറു വിഭാഗം കൈകാര്യം ചെയ്യുകയുമായിരുന്നു എന്നാണ് വിവരം. 

ഐഎൻടിയുസി ജംങ്ഷനു സമീപത്തെ ബൈപ്പാസ് ഓവർ ബ്രിഡ്ജിനു കീഴിലാണ് സംഘാംഗങ്ങളുടെ സ്ഥിരം ഇടപാട് താവളം. ഇവിടെ പരസ്യമായി ലഹരി ഉപയോഗിക്കുന്നത് പതിവാണെന്നും പൊലീസ് പട്രോളിങ് കാര്യമായി നടക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. പൊലീസുകാർക്കിടയിലും ലഹരി സംഘത്തെ പിന്തുണയ്ക്കുന്നവർ ഉണ്ടെന്ന് നാട്ടുകാർ സംശയം ഉയർത്തുന്നുണ്ട്. അതുകൊണ്ടു തന്നെ പൊലീസുകാരോട് വിളിച്ചു പറയാനും പ്രദേശവാസികൾ പേടിക്കുന്നതായാണ് വെളിപ്പെടുത്തൽ.

ഇവിടെ സംഘങ്ങൾക്കിടയിൽ ലഹരി മരുന്നു വിൽപനയുമായി ബന്ധപ്പെട്ട തർക്കം തുടങ്ങിയിട്ട് മാസങ്ങളായി. യുവാക്കൾക്ക് ലഹരി മരുന്ന് എത്തിച്ചു നൽകിയിരുന്ന ഒരു വനിതയുടെ സംഘമാണ് എതിർ സംഘത്തിൽ പെട്ട സംഘത്തിനു നേരെ വടിവാൾ പ്രയോഗം നടത്തിയത്. നേരത്തെ ലഹരിക്കടത്തിന്റെ പേരിൽ ഇവർ അറസ്റ്റിലായി റിമാൻഡിലായിരുന്നു. ഇതിനിടെ ഇവരെ പുറത്തു കൊണ്ടുവരാൻ ഒരു സംഘം മുൻകൈ എടുത്തിരുന്നു. ഇവരിൽ നിന്നു വാങ്ങുന്ന കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ പ്രാദേശികമായി വിറ്റഴിക്കുന്നത് ഈ സംഘമായിരുന്നെന്നു പറയുന്നു. ഇതിനിടെ മറ്റൊരു മൊത്ത വിൽപനക്കാരിൽ നിന്ന് എതിർ സംഘം കഞ്ചാവ് വാങ്ങിയതിന്റെ പേരിൽ തുടങ്ങിയ തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. 

ഈ പ്രശ്നം പറഞ്ഞ് പരിഹരിച്ച് ഒത്തുതീർപ്പിലെത്തണം എന്നു പറഞ്ഞാണ് ഇരു സംഘവും കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് സംഘടിച്ചത്. ഒരു സംഘത്തിലെ 15ൽ അധികം ആളുകളും മറു വിഭാഗത്തിലെ എട്ടിൽ അധികം പേരുമാണ് ഒത്തുതീർപ്പ് ചർച്ചയ്ക്കെത്തിയത്. ഇരു വിഭാഗവും കത്തി, വടിവാൾ തുടങ്ങി മാരക ആയുധങ്ങളുമായിട്ടായിരുന്നു എത്തിയത്. പലരും ലഹരി ഉപയോഗിച്ച നിലയിലും. 

ചർച്ച അലസിയതോടെ ഇരു സംഘവും ഏറ്റുമുട്ടലിന്റെ വക്കിലായി. ഇതിനിടെ ഒരാൾ വടിവാൾ വീശിയതോടെ മറു വിഭാഗം ചിതറി ഓടി. കയ്യിൽ കിട്ടിയ യുവാവിനു നേരെ സംഘാംഗങ്ങൾ അക്രമം നടത്തുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ നെട്ടൂർ വെളിപറമ്പിൽ ഹുസൈന്റെ മകൻ ഫഹദിന് വെട്ടേറ്റു. ഇരുമ്പു വടികൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. ഇതിനിടെ ബൈപ്പാസ് റോഡിലേയ്ക്ക് ഓടിക്കയറിയ ഇദ്ദേഹം റോഡിൽ കുഴഞ്ഞു വീണു. ഗുണ്ടാ സംഘങ്ങളുടെ ആക്രമണത്തിൽ ഭയന്ന നാട്ടുകാർ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനും വൈകി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും 20 മണിക്കൂറിനു ശേഷം മരിച്ചു. 

സംഭവത്തിലെ പ്രതികളെ എല്ലാവരെയും കണ്ടെത്തുന്നതിനുള്ള പരക്കം പാച്ചിലിലാണ് പൊലീസ്. ഇതിനിടെ മൂന്നു പേർ കസ്റ്റഡിയിൽ ആയിട്ടുണ്ടെങ്കിലും വിശദ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. തൃക്കാക്കര എസിപി ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി അന്വേഷണ നടപടികൾ വിലയിരുത്തുന്നുണ്ട്. പ്രദേശത്ത് വ്യാപകമാകുന്ന ലഹരി ഇടപാടുകളിലും ഉപയോഗത്തിനും എതിരെ കാര്യമായ പൊലീസ് ഇടപെടൽ ഇല്ലാത്തതിൽ നാട്ടുകാരും പ്രതിഷേധത്തിലാണ്. ആളൊഴിഞ്ഞ പ്രദേശങ്ങളിൽ പൊലീസ് സാന്നിധ്യം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പരാതി. 

കഴിഞ്ഞ ഫെബ്രുവരിയിൽ ചമ്പക്കര കനാലിനോട് ചേർന്നുള്ള റോഡിൽ ലഹരി മരുന്നു സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. സംഭവത്തിൽ ഒരു യുവതിക്ക് പരുക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടുത്തെ ലഹരി ഇടപാട് ചോദ്യം ചെയ്ത യുവാവിന്റെ വീട് ആക്രമിച്ച സംഭവമുണ്ടായത് കഴിഞ്ഞ മാസമാണ്. അന്ന് യുവാവിനും യുവാവിന്റെ മാതാവിനും പരുക്കേറ്റിരുന്നു. ഈ സംഭവങ്ങളിലെല്ലാം പൊലീസിൽ പരാതിയുണ്ടായിരുന്നെങ്കിലും കാര്യമായ നടപടികളുണ്ടായിട്ടില്ലെന്ന ആരോപണം ശക്തമാണ്.

English Summary : Young man killed in Kochi in a conflict between ganja gang

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA