പോപ്പുലര്‍: അന്വേഷണം സിബിഐയിലേക്ക്; എല്ലാ ശാഖകളും പൂട്ടി സ്വര്‍ണം കണ്ടുകെട്ടണം

1200-popular-thomas-daniel
SHARE

കൊച്ചി∙ നിക്ഷേപം സ്വീകരിച്ച് കോടികൾ തട്ടിയ പോപ്പുലർ ഫിനാൻസിനെതിരായ അന്വേഷണം സിബിഐക്കു കൈമാറുന്ന നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി. നിക്ഷേപകർ സമർപ്പിച്ച ഹർജിയിലാണ് തീരുമാനം. 

എല്ലാ ബ്രാഞ്ചുകളും അടച്ചു പൂട്ടി സ്വർണവും പണവും കണ്ടു കെട്ടണം. പരാതികൾ പ്രത്യേക കേസുകളായി രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. നേരത്തെ സർക്കാർ പരാതികളെല്ലാം ഒറ്റക്കേസാക്കി അന്വേഷിക്കുന്നതിന് ഇറക്കിയ സർക്കുലർ റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിർദേശം. ജസ്റ്റിസ് വി.ജി. അരുൺ ആണ് കേസ് പരിഗണിച്ചത്. 

കേസ് അന്വേഷണം സിബിഐക്ക് കൈമാറാൻ തയാറാണെന്ന് കഴിഞ്ഞ ദിവസം സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിന് കത്തു നൽകിയ വിവരവും കോടതിക്കു കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം വേഗത്തിലാക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത്.

അതേ സമയം കേസ് അന്വേഷണത്തിന് സർക്കാരിന്റെ പൂർണ സഹകരണം ആവശ്യമാണെന്ന് സിബിഐ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. അന്വേഷണം സിബിഐയെ ഏൽപിക്കുകയാണെങ്കിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേക സംഘം രൂപീകരിക്കാൻ നിർദേശിക്കണമെന്നും സിബിഐ അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചു. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്.  

തട്ടിപ്പ് സംബന്ധിച്ച് ഇതുവരെ മൂവായിരത്തിലേറെ പരാതികൾ ലഭിച്ചെന്നും അന്വേഷണം ഇഴയുന്നെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്നും പത്തനംതിട്ട പൊലീസ് മേധാവി കെ.ജി സൈമൺ ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകിയിരുന്നു. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലായി 238 ശാഖകളാണു പോപ്പുലർ ഫിനാൻസ് ലിമിറ്റഡിനുള്ളത്. നിക്ഷേപകരുടെ എണ്ണം ഏകദേശം ഇരുപതിനായിരത്തിലേറെയാണ്. 1600 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണു പ്രാഥമിക കണക്കെടുപ്പിൽ നിന്നു മനസ്സിലാകുന്നത്.

ഒരു കമ്പനിയുടെ പേരിൽ പണം വാങ്ങി മറ്റു കമ്പനികളിലേക്ക് വകമാറ്റിയ ഗുരുതര സാമ്പത്തിക കുറ്റകൃത്യമാണ് പോപ്പുലർ ഫിനാൻസ് ഉടമകൾ ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തൽ. പോപ്പുലർ ഫിനാൻസ് എന്ന സ്ഥാപനത്തെ മുൻനിർത്തിയായിരുന്നു ഇടപാടുകൾ. ശാഖയിൽ സ്വീകരിക്കുന്ന പണം 21 വ്യത്യസ്ത കമ്പനികളിലേക്ക് നിക്ഷേപകരറിയാതെ വകമാറ്റുകയാണ് ഉടമകൾ ചെയ്തിരുന്നതെന്നും പൊലീസ് കണ്ടെത്തി.

2014ൽ പോപ്പുലർ ഫിനാൻസിനെതിരെ കേരളത്തിൽ ക്രൈം ബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്തിരുന്നു. നിക്ഷേപം സ്വീകരിക്കൽ, വായ്പ നൽകൽ ഉൾപ്പെടെ ധനമിടപാടുമായി ബന്ധപ്പെട്ടായിരുന്നു കേസ്. എന്നാൽ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി സ്ഥാപനം മുന്നോട്ടുപോയി. പോപ്പുലർ ഫിനാൻസ്, പോപ്പുലർ എക്സ്പോർട്സ്, പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ മിനി ഫിനാൻസ്, പോപ്പുലർ പ്രിന്റേഴ്സ് തുടങ്ങിയ കമ്പനികളാക്കി അതിലേക്കാണ് നിക്ഷേപങ്ങൾ വകമാറ്റിയിരുന്നത്. 200 പേരിൽ കൂടുതൽ നിക്ഷേപം സ്വീകരിക്കാൻ കഴിയാത്ത സ്ഥാപനത്തിന് 250 ശാഖകളിൽ ആയിരക്കണക്കിന് നിക്ഷേപകരും രണ്ടായിരത്തോളം കോടി രൂപ നിക്ഷേപവും ഉണ്ടെന്നു പൊലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് റോയ് ഡാനിയൽ, ഭാര്യ പ്രഭ ഡാനിയൽ, മക്കളായ റിനു മറിയം തോമസ് (ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ), റീബ മറിയം തോമസ് (ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. 

English Summary: Popular finance fraud case investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA