ADVERTISEMENT

കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ നാടകീയമായി രാജി പ്രഖ്യാപിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ബിജെപി. ബിഹാറിൽ ഉപതിരഞ്ഞെടുപ്പിനുള്ള പ്രചരണ വിഷയങ്ങളിൽ മുഴുകിയിരിക്കെ, ബംഗാളിലും അസമിലും കേരളത്തിലുമടക്കം തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കവേയാണ് ബിജെപിക്ക്‌ പ്രഹരം ഏൽപ്പിച്ച് പ്രധാന സഖ്യകക്ഷികളിൽ ഒന്നായ ശിരോമണി അകാലിദൾ ഏറ്റുമുട്ടലിനൊരുങ്ങുന്നത്.

രാജി വച്ചെങ്കിലും മുന്നണിയിൽ തുടരുമെന്നാണ് അകാലിദൾ പ്രസിഡന്റും ഹർസിമ്രത്തിന്റെ ഭർത്താവുമായ സുഖ്ബീർ സിങ് ബാദൽ അറിയിച്ചതെങ്കിലും കാര്‍ഷിക മേഖലയില്‍ എടുത്ത തീരുമാനങ്ങള്‍ പുനഃപരിശോധിക്കേണ്ട അവസ്ഥയിലേക്കു മോദി സര്‍ക്കാര്‍ എത്തിപ്പെട്ടുവെന്നാണു രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കാര്‍ഷിക രംഗത്തെ അപ്പാടെ ബാധിക്കുന്ന വിഷയങ്ങളില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാടിനെതിരെ രൂക്ഷമായ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ സ്വന്തം പാളയത്തില്‍ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്നത് സര്‍ക്കാരിനും ബിജെപി കേന്ദ്രനേതൃത്വത്തിനും കടുത്ത തലവേദനയാകും.

മുന്നണിയേക്കാൾ വലുത് കർഷകരാണെന്നു പ്രഖ്യാപിച്ച് അകാലിദൾ നയം വ്യക്തമാക്കുമ്പോൾ ഒരു വർഷം മുമ്പ് മഹാരാഷ്ട്രയിൽ ശിവസേന നൽകിയ ഇരുട്ടടിയിൽ നിന്ന് കരകയറിവരുന്ന ബിജെപിക്ക് ഇരട്ടിപ്രഹരമാകുമോ ഇത് എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. 

കർഷക ബില്ലും രാജിയും

കർഷകരുമായി ബന്ധപ്പെടുത്തി മൂന്ന് പ്രധാന ബില്ലുകളാണ് സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്.– വിലസ്ഥിരതയും കൃഷിസേവനങ്ങളും സംബന്ധിച്ച കർഷകരുടെ (ശാക്തീകരണവും സംരക്ഷണവും)  കരാർ ബില്ല്,  കാർഷികോത്പന്നങ്ങളുടെ ഉത്‌പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബിൽ, അവശ്യ വസ്തുക്കളുടെ (ഭേദഗതി) ബിൽ എന്നിവ. കാർഷിക ഉൽപന്നങ്ങളുടെ വിൽപനയ്ക്കു മേലുള്ള നിയന്ത്രണങ്ങൾ നീക്കി, കർഷകർക്കു കൂടുതൽ വിപണന സാധ്യതകൾ ലഭ്യമാക്കുമെന്ന അവകാശവാദത്തോടെ കാർഷിക ഉൽപന്ന വ്യാപാര, വാണിജ്യ ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെയും സഖ്യ കക്ഷിയായ ശിരോമണി അകാലിദാളിന്റെയും ശക്തമായ എതിർപ്പിനെ അവഗണിച്ച് ബിൽ ലോക്സഭയിൽ പാസാക്കി. ഇത് ഇനി രാജ്യസഭയ്ക്കു മുന്നിൽ വയ്ക്കും. 

വിലസ്ഥിരതയും കൃഷിസേവനങ്ങളും സംബന്ധിച്ച കർഷകരുടെ (ശാക്തീകരണവും സംരക്ഷണവും)  കരാർ ബില്ലിലൂടെ അഗ്രി ബിസിനസ്സ്, ഇറക്കുമതി, ചെറുകിട വ്യാപാരികൾ എന്നിവരുമായി ഒരു ശൃംഖല രൂപീകരിച്ച് കർഷകരെ ശാക്തീകരിക്കുന്നതിനായി കാർഷിക കരാറുകൾക്കായി ഒരു ദേശീയ ചട്ടക്കൂട് വികസിപ്പിക്കാൻ ശ്രമിക്കുന്നതാണെന്നാണ് സർക്കാർ പറയുന്നത്. ഈ ബില്ലു പ്രകാരം ഒരു നിശ്ചിത വിലയിൽ കാർഷികോൽപ്പന്നങ്ങൾ വിൽക്കുന്നതിനായി കർഷകർ കരാറുകളിൽ ഏർപ്പെടും. ഉൽപ്പന്നത്തിന്റെ വിലയും അതിന് ഉറപ്പു നൽകുന്ന തുകയ്ക്കു മുകളിലുള്ള മറ്റൊരു വിലയും ഇതിൽ രേഖപ്പെടുത്തണം.

കാർഷികോൽപ്പന്നങ്ങളുടെ ഉത്‌പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബിൽ രാജ്യത്ത് എവിടെയും തങ്ങളുടെ ഉൽ‌പ്പന്നങ്ങൾ മത്സര വിലയ്ക്ക് വിൽക്കാൻ കർഷകർക്ക് അവസരം നൽകുന്നു. ഉൽപ്പന്നങ്ങളുടെ വിൽപ്പനയും വ്യാപാരവും സംബന്ധിച്ച് ഒരു തിരഞ്ഞെടുക്കൽ സ്വാതന്ത്രത്തിന്റെ അന്തരീക്ഷം കർ‍ഷകർക്കും വ്യാപാരികൾക്കും ഒരുക്കുക എന്നതാണ് ഈ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. മത്സരാന്തരീക്ഷം ഒരുക്കുന്നതിലൂടെ മികച്ചതും സുതാര്യവുമായ വിൽപ്പന കാഴ്ചവയ്ക്കാനും കൂടുതൽ ലാഭം ഉണ്ടാക്കാനാകുമെന്നുമാണ് സർക്കാർ കണക്കാക്കുന്നത്. 

എന്നാൽ ‘കർഷക വിരുദ്ധ’മെന്നാണ് ബില്ലിനെതിരെ പ്രതിപക്ഷ ആരോപണം. ഉൽപ്പന്നങ്ങൾക്കു താങ്ങുവില പോലും ലഭിക്കില്ലെന്നും കമ്മിഷൻ ഏജന്റുമാർ നേട്ടം കൊയ്യുമെന്നും ഭയപ്പെട്ടാണ് കർഷകർ ഇതിനെ എതിർക്കുന്നത്. കാർഷിക മേഖല കോർപ്പറേറ്റുകളുടെ കയ്യിൽ അകപ്പെടുമെന്നും ഭയപ്പെടുന്നു. രാജ്യത്ത് എവിടെയും ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയും എന്ന അവസ്ഥ വന്നാൽ ‘മാൻഡി ഫീസ്’ ശേഖരിക്കാൻ കഴിയില്ലെന്നും അത് സംസ്ഥാനത്തിന്റെ വരുമാനത്തെ ബാധിക്കുമെന്നതിനാലുമാണ് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ ബില്ലിനെ എതിർക്കുന്നത്.

ചെറുകിട കർഷകരെ സഹായിക്കാനാണ് ബില്ലെന്നാണ് സർക്കാർ വാദം. എന്നാൽ കാർഷികവൃത്തിയെ ആശ്രയിച്ചു കഴിയുന്ന സംസ്ഥാനങ്ങളെല്ലാം ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് വ്യാഴാഴ്ച ബിൽ ലോക്സഭയിൽ വച്ചത്. ബില്ലുകൾ കർഷക വിരുദ്ധമാണെന്നു ചർച്ചയിൽ അകാലിദൾ പ്രസിഡന്റും ഹർസിമ്രത്തിന്റെ ഭർത്താവുമായ സുഖ്ബീർ സിങ് ബാദൽ ആരോപിച്ചു. മന്ത്രിസഭയിൽ നിന്നു ഹർസിമ്രത് രാജിവയ്ക്കുകയാണെന്നു പ്രസംഗത്തിനിടെ പ്രഖ്യാപിച്ച അദ്ദേഹം, തന്റെ പാർട്ടി കേന്ദ്രസർക്കാരിനു പുറത്തു നിന്നു പിന്തുണ നൽകുമെന്നും അറിയിച്ചു. തൊട്ടുപിന്നാലെ താൻ രാജിവയ്ക്കുകയാണെന്നു ഹർസിമ്രത് ട്വിറ്ററിൽ കുറിച്ചു.  രാജിയുടെ കാരണങ്ങൾ നിരത്തിയ കത്ത് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയക്കുകയും ചെയ്തു. ഇന്ന് പ്രസിഡന്റ് റാം നാഥ് കോവിന്ദ്‌ ഹർസിമ്രത്തിന്റെ രാജി സ്വികരിച്ച് നരേന്ദ്ര ടോമറിന് വകുപ്പിന്റെ അധിക ചുമതലയും നൽകിയതോടെ സർക്കാർ ബില്ലുമായി മുന്നോട്ടു പോകുകയാണെന്ന് തീർച്ചയായി. 

തിരിച്ചു പോകില്ലെന്ന് അകാലിദൾ, ഹരിയാനയിൽ പ്രതിസന്ധി

‘മന്ത്രിസഭയിൽ ഓർഡിനൻസ് കൊണ്ടുവന്ന ആദ്യ ദിനം മുതൽ ഹർസിമ്രത്ത് ഇതിനെ എതിർക്കുകയും പഞ്ചാബിലെ ജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവയ്ക്കുകയും ചെയ്തതാണ്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ അവർ ബില്ല് പാസാക്കി. ഒരു ചെറിയ മാറ്റം പോലും വകവയ്ക്കാതെ ഈ ബില്ല് സർക്കാർ പാസാക്കി എന്നതിൽ വളരെയധികം ദുഃഖമുണ്ട്. കർഷകരുടെ അവകാശങ്ങൾക്ക് വില നൽകാത്ത ഒരു സർക്കാരിനൊപ്പം നിൽക്കാൻ ബുദ്ധിമുട്ടുണ്ട്. സർക്കാരിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഞങ്ങൾ രണ്ടു മാസത്തോളം ശ്രമിച്ചു. എന്നാൽ ഇപ്പോൾ ബില്ല് പാസാക്കി കഴിഞ്ഞു, ഇനി പുറകോട്ട് പോകാൻ ഞങ്ങൾക്കാകില്ല’– ബില്ല് പാസ്സായതിനു പിന്നാലെ അകാലിദൾ പ്രസിഡന്റ് സുഖ്ബീൽ സിങ് നടത്തിയ പ്രതികരണമാണിത്. മുന്നണിയിൽ തുടരണോ എന്നത് പാർട്ടിയുടെ കോർ കമ്മറ്റിയുടെ തീരുമാനം പോലെയിരിക്കുമെന്നും സുഖ്ബീൽ വ്യക്തമാക്കി. 

അകാലിദളിന്റെ തീരുമാനത്തിൽ വെട്ടിലായിരിക്കുന്നത് എന്‍ഡിഎയിലെ മറ്റൊരു സഖ്യകക്ഷിയും ഒരു വർഷം മാത്രമായ ഉപമുഖ്യമന്ത്രി സ്ഥാനവുമാണ്. അത് മറ്റാരുമല്ല ഹരിയാനയിൽ ബിജെപിയുടെ സഖ്യകക്ഷിയായ ജെജെപിയും ഉപമുഖ്യമന്ത്രി ദുഷ്യന്ത് സിങ് ചൗട്ടാലുമാണ്. പഞ്ചാബിൽ കർഷകരുടെ വികാരം മനസ്സിലാക്കി എൻഡിഎയുടെ സ്ഥാപക പാർട്ടികളിൽ ഒന്നായ അകാലിദളിന്റെ മന്ത്രി രാജിവച്ച് നയം വ്യക്തമാക്കിയതോടെ ജെജെപിയ്ക്ക് ഒരു തീരുമാനം കൈക്കൊണ്ടേ മതിയാകൂ. അതു മാത്രമല്ല ഹർസിമ്രത് രാജിവച്ചതിനു പിന്നാലെ ദുഷ്യന്തിന്റെ രാജിക്കുള്ള ആവശ്യവും വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുവരുന്നുണ്ട്.

‘ദുഷ്യന്ത് ജി, ഹർസിമ്രത് കൗർ ബാദൽ രാജിവച്ച സ്ഥിതിക്ക് നിങ്ങൾ ഉപമുഖ്യമന്ത്രി സ്ഥാനം എങ്കിലും രാജിവയ്ക്കണം. നിങ്ങൾ സ്ഥാനമാനങ്ങളേക്കാൾ കർഷകരോടാണ് ചേർന്നുനിൽക്കുന്നത്’ എന്ന് എരിതീയിൽ എണ്ണയോഴിച്ച് കോൺഗ്രസ് വക്തവ് രൺദീപ് സിങ് സുർജേവാല പ്രസ്താവനയും നടത്തി. ഇതോടെ ദുഷ്യന്ത് ആകെ സമ്മർദത്തിലായി. 

പിന്നാലെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായി ദുഷ്യന്ത് കൂടിക്കാഴ്ച നടത്തി. സംഭവത്തിൽ പാർട്ടിയുടെ ഉന്നത വൃത്തങ്ങളെ സമീപിക്കാനൊരുങ്ങുകയാണ് ദുഷ്യന്ത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം കർഷകരെ വഴിതെറ്റിക്കുകയാണെന്ന് ആദ്യം പറഞ്ഞ ജെജെപി പിന്നീട് കർഷക രോഷത്തെ തുടർന്ന് അകാലദളിന് സമാനമായി ചില അഭിപ്രായങ്ങൾ ഉയർത്തിയിരുന്നു.

പഞ്ചാബിലെ കർഷകർ സമ്മർദ്ദം ചെലുത്തുന്നതുവരെ അകാലിദളും ബിജെപിയോട് എതിർപ്പുകളോന്നും കാണിച്ചിരുന്നില്ല. നിലവിൽ അകാലിദൾ കർഷകർക്കൊപ്പമെന്ന് പ്രഖ്യാപിച്ച് മന്ത്രിസ്ഥാനവും വലിച്ചെറിഞ്ഞതോടെ ജെജപിക്ക് തങ്ങളുടെ ശക്തികേന്ദ്രങ്ങളെ തൃപ്തിപ്പെടുത്തേണ്ടതായി വരും. ബില്ലിനെതിരെ സെപ്റ്റംബർ 10ന് കർഷകർ നടത്തിയ റാലി പൊലീസ് അടിച്ചമർത്തിയതോടെ സർക്കാർ വിരുദ്ധത ഹരിയാനയിൽ ഉയർന്നിരുന്നു. ഇപ്പോൾ ആകാലിദൾ പിന്നോട്ടില്ലെന്ന് ഉറച്ച നിൽക്കുകയും ജെജെപി അനിശ്ചിതത്വത്തിലായി. ഒരു മഹാരാഷ്ട്ര ആവർത്തിച്ചില്ലെങ്കിലും ഹരിയാനയിലും ചില കോളിളക്കങ്ങൾ ഉണ്ടാകുമെന്ന സൂചനകൾ തള്ളിക്കളയാനാകില്ലെന്നു തന്നെയാണ് നിലവിലെ സ്ഥിതി വ്യക്തമാക്കുന്നത്. 

English Summary : How Harsimrat Kaur Badal’s resignation affect BJP? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com