ADVERTISEMENT

കൊച്ചി∙ അൽ ഖായിദ ബന്ധം ആരോപിച്ച് മൂന്നു പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടിയത് കേരള പൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രം. എന്നാൽ ഇവർ ഉൾപ്പെടുന്ന സംഘം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് വിശദീകരിക്കുന്നു. തുടർഅന്വേഷണത്തിന് എല്ലാ സഹായവും നൽകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.

ഭീകരവിരുദ്ധ നടപടികളിൽ പൊലീസ് പരാജയമെന്നും മന്ത്രിസഭയിലും പൊലീസിലും ഭീകരവാദ സാന്നിധ്യമെന്നും ബിജെപി ആരോപിച്ചു. കേരളത്തിലടക്കം പരിശോധന നടക്കുമെന്ന മുന്നറിയിപ്പ് രാത്രി ഡിജിപിക്ക് ലഭിച്ചിരുന്നു. പ്രാദേശിക സഹായം ആവശ്യപ്പെട്ട് എൻഐഎ ഉദ്യോഗസ്ഥർ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിനെ ബന്ധപ്പെടുകയും ചെയ്തു. ഇതിനപ്പുറം അൽ ഖായിദ ബന്ധം ആരോപിച്ചുള്ള അറസ്റ്റാണന്ന വിവരം പൊലീസ് അറിയുന്നത് ശനിയാഴ്ച രാവിലെ എൻഐഎ ഡിജിപിയെ ഔദ്യോഗികമായി അറിയിക്കുമ്പോഴാണ്.

എന്നാൽ ഭീകരവാദ നിലപാടുള്ള വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ചില ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷണത്തിലാക്കിയിരുന്നെന്നും ആ സംഘത്തിൽപെട്ടവരാകാം ഇവരെന്നുമാണ് പൊലീസ് വിലയിരുത്തൽ. ഇവർ കുറ്റകൃത്യങ്ങളിൽ പങ്കെടുക്കുകയോ യോഗങ്ങൾ ചേരുകയോ ചെയ്തതായി വിവരമില്ലാത്തതിനാൽ കസ്റ്റഡിയോ സൂഷ്മ നിരീക്ഷണമൊ നടത്തിയില്ലെന്നും പറയുന്നു.

ഇനി എൻഐഎയിൽ നിന്നും അല്ലാതെയും വിവരം ശേഖരിച്ച് കൂടുതൽ സംഘത്തേക്കുറിച്ച് അന്വേഷിക്കാനുമാണ് തീരുമാനം. എന്നാൽ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും ഭീകര സാന്നിധ്യം പൊലീസ് കണ്ടെത്താതിരുന്നത് മനഃപൂർവം എന്ന ആരോപണമാണ് ബിജെപി ഉയർത്തുന്നത്. മന്ത്രി കെ.ടി. ജലീലിനെതിരെയാണ് ആക്ഷേപം. പച്ച വെളിച്ചമെന്ന പേരിൽ പൊലീസിൽ ഭീകരവാദ അനുകൂല സംഘമെന്നും വിമർശനമുണ്ട്.

English Summary: Kerala Police Came to know about the arrest of the terrorists after nia action

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com