അർച്ചനയുടെ മരണം: ഓഡിയോ ‘കേള്‍ക്കാതെ’ പൊലീസ്; പരാതി പിൻവലിപ്പിക്കാനും ശ്രമം

archana-death-protest
അർച്ചന (ഇടത്), ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം(വലത്)
SHARE

ആലപ്പുഴ ∙ പ്രണയ നൈരാശ്യത്തിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള യുവാവിനെതിരെ പൊലീസ് കേസ് എടുക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. നഴ്സിങ് വിദ്യാർഥിനിയായിരുന്ന യുവതി ആത്മഹത്യ ചെയ്തതിനു പിന്നാലെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. എന്നാൽ പെൺകുട്ടിയുടെ മരണത്തിനിടയാക്കിയെന്ന് ഓഡിയോ സന്ദേശങ്ങളിൽ വ്യക്തമായി പരാമർശിച്ചിട്ടുള്ള യുവാവിനെതിരെ കേസെടുക്കാൻ തയാറാകുന്നില്ല എന്നാണ് ബന്ധുക്കളുടെ ആക്ഷേപം.

ഇക്കാര്യം കാണിച്ച് യുവതിയുടെ മാതാപിതാക്കൾ ‍ഡിവൈഎസ്പി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകി. തൃക്കുന്നപ്പുഴ പൊലീസിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തി. പരാതിയുമായി സ്റ്റേഷനിലെത്തിയ ബന്ധുക്കളെ പൊലീസ് ആക്ഷേപിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇവരെ മണിക്കൂറുകളോളം സ്റ്റേഷനിൽ പിടിച്ചിരുത്തി പരാതി പിൻവലിപ്പിക്കാനായിരുന്നത്രെ ശ്രമം.

ആറാട്ടുപുഴ പെരുമ്പള്ളില്‍ മുരിക്കില്‍ ഹൗസില്‍ വിശ്വനാഥന്റെയും ഗീതയുടെയും മകള്‍ അര്‍ച്ചനയെ (21) കഴിഞ്ഞ 11നാണ് വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. വിഷക്കായ കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി താൻ ആത്മഹത്യ ചെയ്യുകയാണെന്ന് കാമുകനായിരുന്ന യുവാവിന് സന്ദേശം അയച്ച ശേഷം ഡിലീറ്റ് ചെയ്തിരുന്നു. ഇദ്ദേഹം സുഹൃത്തിനെ സ്ഥലത്തേയ്ക്ക് പറഞ്ഞയച്ചെങ്കിലും വീട്ടിലെത്തിയപ്പോഴേയ്ക്ക് ഗുരുതരാവസ്ഥയിലായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരിച്ചു.

archana-death-protest-1
ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം

പട്ടോളി മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന യുവാവുമായി വർഷങ്ങളായി യുവതി പ്രണയത്തിലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. പ്ലസ്‌ടു കഴിഞ്ഞ സമയത്ത് യുവാവ് വീട്ടിൽവന്ന് വിവാഹാലോചന നടത്തി. വീട്ടുകാർ പെൺകുട്ടിയെ പഠിപ്പിക്കണമെന്നും ഇപ്പോൾ വിവാഹം നടത്താനാവില്ലെന്നും പറഞ്ഞുവിട്ടു. പെൺകുട്ടി ബിഎസ്‍സി നഴ്സിങ് അവസാനവർഷം പഠിക്കുന്നതിനിടെ വീണ്ടും വിവാഹാലോചന നടത്തി. പഠനം കഴിഞ്ഞ് വിവാഹം നടത്താമെന്ന് ബന്ധുക്കൾ നിലപാടെടുത്തു.

ഇതിനിടെ ഉയർന്ന സ്ത്രീധനം വേണമെന്ന് യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ ആരോപിക്കുന്നു. 30 പവൻ സ്വർണവും പണവും നൽകാമെന്നു പറഞ്ഞെങ്കിലും യുവാവ് വേറെ വിവാഹത്തിന് ശ്രമിക്കുകയായിരുന്നത്രെ. വിവാഹം കഴിക്കാമെന്ന് വർഷങ്ങളോളം പറഞ്ഞ് ആശിപ്പിച്ചശേഷം പിന്മാറിയതിൽ മാനസിക വിഷമത്തിലായ യുവതി ആത്മഹത്യ ചെയ്യുമെന്നു സുഹൃത്തുക്കളോടും യുവാവിനോടും പറ‍ഞ്ഞിരുന്നു.

archana-death-protest-2
ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിലെ പ്ലക്കാർഡുകൾ

പിന്നാലെയാണു യുവതിയെ വിഷക്കായ കഴിച്ചനിലയിൽ കണ്ടെത്തിയത്. മറ്റൊരു യുവതിയുമായി യുവാവിന്റെ വിവാഹം നിശ്ചയിക്കുന്നതിന് ബന്ധുക്കൾ ഒത്തുചേർന്ന ദിവസമായിരുന്നു യുവതിയുടെ ആത്മഹത്യ എന്നും ബന്ധുക്കൾ പറയുന്നു. യുവാവുമായുള്ള ബന്ധത്തെക്കുറിച്ച് പരാമർശിക്കുന്ന ഓഡിയോ പുറത്തു വന്നതോടെ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുകയായിരുന്നു.

യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ സമരം എഐടിയുസി സംസ്ഥാന സെക്രട്ടറി ആര്‍.പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.ബെന്നി അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് എം.ലിജു, ജില്ലാ പഞ്ചായത്തംഗം ബബിത ജയന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.ശ്യാംകുമാര്‍, എസ്.സദാശിവൻ തുടങ്ങിയവര്‍ പ്രസംഗിച്ചു. അടുത്ത ദിവസം പൊലീസ് സ്‌റ്റേഷന് മുന്‍പിലേക്കു പ്രതിഷേധ മാർച്ച് നടത്തുമെന്ന് ബന്ധുക്കൾ മനോരമ ഓൺലൈനോടു പറഞ്ഞു.

English Summary: Archana Death Case: Family Complaints Against Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA