ADVERTISEMENT

മുംബൈ ∙ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ ബോളിവുഡ് അഭിനേതാക്കളായ ദീപിക പദുക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽപ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് (എൻസിബി) നോട്ടിസ് അയച്ചത്. വരുന്ന മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകണം എന്നാണ് അഭിനേതാക്കളോടു നോട്ടിസിൽ പറഞ്ഞിട്ടുള്ളത്.

ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ച് ദീപിക പദുക്കോണിനെ എൻസിബി ചോദ്യം ചെയ്യാൻ സാധ്യതയെന്നു റിപ്പോർട്ടുണ്ടായിരുന്നു. ടാലന്റ് മാനേജർ കരിഷ്മ പ്രകാശിനോടു ലഹരിമരുന്ന് ആവശ്യപ്പെട്ടു ദീപിക 2017 ൽ നടത്തിയ വാട്സാപ് ചാറ്റ് വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണിത്. നടി ദിയ മിർസയ്ക്കെതിരെയും ആരോപണമുയർന്നെങ്കിലും ജീവിതത്തിൽ ഇതുവരെ ലഹരിമരുന്ന് ഉപയോഗിച്ചില്ലെന്ന് അവർ പ്രതികരിച്ചു. 

കേസിൽ നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിനെയും ക്വാൻ എന്ന ടാലന്റ് മാനേജ്മെന്റ് കമ്പനിയുടെ മേധാവി ധ്രുവ് ചിത്ഗോപേക്കറെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്വാൻ ടാലന്റ് മാനേജ്മെന്റ് കമ്പനി ജീവനക്കാരിയാണ് കരിഷ്മ പ്രകാശ്. ഇതേ കമ്പനി വഴി സുശാന്ത് സിങ്ങിന്റെ ടാലന്റ് മാനേജരായ ജയ സഹയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിനു പിന്നാലെയാണ് ദീപിക ഉൾപ്പെടെയുള്ള പ്രമുഖരുടെ പേര് ഉയർന്നത്.

നേരത്തെ, റിയ ചക്രവർത്തിയും ജയ സഹയും തമ്മിലുള്ള വാട്സാപ് ചാറ്റിൽ ലഹരി ഇടപാട് സൂചനകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതിനെത്തുടർന്നാണ് സുശാന്ത് കേസിൽ എൻസിബി അന്വേഷണം ആരംഭിച്ചത്. 2017 ഒക്ടോബർ 28ന് നടി ദീപിക പദുക്കോൺ, മാനേജർ കരിഷ്മ പ്രകാശിനോട് ലഹരിമരുന്ന് ആവശ്യപ്പെട്ടു നടത്തിയ ചാറ്റിൽ മുംബൈ പരേലിലെ കോകോ എന്ന റസ്റ്ററന്റിന്റെ പേര് പരാമർശിക്കുന്നുണ്ട്.

ദീപിക പദുക്കോൺ, സുശാന്ത് സിങ് രാജ്‍പുത്
ദീപിക പദുക്കോൺ, സുശാന്ത് സിങ് രാജ്‍പുത്

അതേദിവസം ഇൗ റസ്റ്ററന്റിൽ നടന്ന നിശാപാർട്ടിയിൽ ദീപികയ്ക്കൊപ്പം പങ്കെടുത്ത താരങ്ങളും ഇതോടെ സംശയത്തിന്റെ നിഴലിലായി. അഭിനേതാക്കളായ സോനാക്ഷി സിൻഹ, സിദ്ധാർഥ് മൽഹോത്ര, ആദിത്യ റോയ് കപൂർ എന്നിവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഫാഷൻ ഡിസൈനർ സിമോൻ ഖംബാട്ടയെയും വിളിപ്പിച്ചിട്ടുണ്ട്.

English Summary: Deepika Padukone, Shraddha Kapoor, Sara Ali Khan Summoned In Drugs Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com