ADVERTISEMENT

കോഴിക്കോട് ∙ വിചിത്രമായ കാരണം നിരത്തി പൊലീസുകാരനെ സസ്പെൻഡ് ചെയ്ത സംഭവത്തിലും സസ്പെൻഷൻ ഓർഡറിൽ കമ്മിഷണർ തന്നെ മോശമായി ചിത്രീകരിച്ചെന്ന ഗായികയുടെ പരാതിയിലും ഐജി തലത്തിൽ അന്വേഷണത്തിന് തുടക്കമായി. അതേസമയം മാധ്യമങ്ങളോട് പ്രശ്നം പങ്കുവച്ചതിനെതിരെ പൊലീസുകാരന് വീണ്ടും കാരണംകാണിക്കൽ നോട്ടിസ് നൽകുമെന്നാണ് സൂചന.

പൂർവവൈരാഗ്യം തീർക്കാൻ സദാചാര പൊലീസിങ്ങ് നടത്തി പൊലീസുകാരൻ ഉമേഷ് വള്ളിക്കുന്നിനെ സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തെന്ന ആരോപണമാണ് ഉത്തരമേഖലാ ഐജി അശോക് യാദവ് അന്വേഷിക്കുന്നത്. ഐജി തലത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഉത്തരവിട്ടത്.

സസ്പെൻഷൻ ഓർഡറിൽ തന്റെ പേരുൾപ്പെടെ മോശമായ രീതിയിൽ കമ്മിഷണർ രേഖപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലും കമ്മിഷണർക്കെതിരെ അന്വേഷണം നടക്കും. ഉമേഷ് ഗായികയായ യുവതിയെ ഫ്ലാറ്റ് എടുത്ത് താമസിപ്പിക്കുകയും വീട്ടിൽ നിത്യസന്ദർശനം നടത്തുകയും ചെയ്യുന്നത് പൊലീസ് സേനയുടെ അച്ചടക്കത്തിന് അപകീർത്തിയുണ്ടാക്കുന്നെന്നാണ് സസ്പെൻഷൻ ഓർഡറിൽ രേഖപ്പെടുത്തിയത്.

വിചിത്ര കാരണം പറഞ്ഞ് സസ്പെൻ‍ഷൻ ഓർഡർ നൽകിയതിനു തൊട്ടടുത്ത ദിവസം സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിൽ നടപടിയെടുക്കുമെന്നു കാണിച്ച് കമ്മിഷണർ വീണ്ടും ഉമേഷിന് മെമ്മോ നൽകി. ഉമേഷിനെതിരെ രണ്ട് നടപടിക്കും കാരണമായ അന്വേഷണ റിപ്പോർട്ടുകളും നൽകിയത് ഒരേ അസി. കമ്മിഷണറാണ്. മൊഴിയെടുക്കാൻ ഫ്ലാറ്റിലെത്തിയ അസി. കമ്മിഷണറും കൂടെയുള്ള പൊലീസുകാരനും മോശമായി സംസാരിച്ചെന്നു കാണിച്ച് യുവതി മറ്റൊരു പരാതിയും ഉത്തരമേഖലാ ഐജിക്ക് നൽകിയിരുന്നു.  

കമ്മിഷണറുടെ സദാചാര പൊലീസിങ്ങിനെതിരെ വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ സാമൂഹ്യപ്രവർത്തകർ സംയുക്ത പ്രസ്താവന പുറത്തിറക്കി. ജനാധിപത്യ സമൂഹത്തിന്റെ കാവലാളാവേണ്ട പൊലീസ് ‘നാടുവാഴിത്ത മൂല്യങ്ങളുടെ ഖാപ് പഞ്ചായത്ത് ആവരുതെന്ന്’ ആവശ്യപ്പെട്ടാണ് ഓൺലൈൻ വഴി ഒപ്പുശേഖരണം നടക്കുന്നത്. ഇതിനിടെയാണ് മാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തിയതിന് വീണ്ടും പൊലീസുകാരന് മെമ്മോ നൽകാനുള്ള നീക്കം.

English Summary: IG level investigation in suspension against policeman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com