ADVERTISEMENT

കൊച്ചി ∙ എറണാകുളം നഗരത്തിന്റെ ഗതാഗതക്കുരുക്കിനു പരിഹാരമായി നിർമിക്കുന്ന വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ ഡിസംബറിൽ ഗതാഗതത്തിനു തുറന്നു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 113 കോടി രൂപ ചെലവിലാണു വൈറ്റില മേൽപാലം പൂർത്തിയാകുന്നതെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞെങ്കിലും 78.37 കോടി രൂപ കിഫ്ബി ഫണ്ട് വിനിയോഗിച്ചാണു നിർമാണം. 86.34 കോടി രൂപയായിരുന്നു ആറുവരിപ്പാതയുള്ള മേൽപാലത്തിന്റെ എസ്റ്റിമേറ്റ് തുക.

അതേസമയം 2017 –18ലെ മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിൽ വൈറ്റിലയിൽ മേൽപാല നിർമാണത്തിനായി 113 കോടി ചെലവഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ പ്രഖ്യാപനമാണ് വരുന്ന ഡിസംബറോടെ സാക്ഷാത്കരിക്കപ്പെടുന്നത്. ഗുണമേന്മ ഉറപ്പു വരുത്തി, പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി, അഴിമതിരഹിതമായാണ് ഈ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. 2017 ഡിസംബർ 11ന് നിർമാണം ആരംഭിച്ച വൈറ്റില മേൽപാലത്തിന് 702.41 മീറ്ററാണ് നീളം.

കേരള പൊതുമരാമത്ത് വകുപ്പ് എൻഎച്ച് വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു നിർമാണ പ്രവർത്തികൾ. നാഗേഷ് കൺസൾട്ടന്റ്സിന്റേതാണ് ഡിസൈൻ. ശ്രീധന്യ കൺസ്ട്രക്ഷൻസിനായിരുന്നു വൈറ്റില മേൽപാലത്തിന്റെ കരാർ ലഭിച്ചത്. രാഹുൽ കൺസ്ട്രക്ഷൻസിന് ഉപകരാർ നൽകിയാണ് നിർമാണം പൂർത്തിയാകുന്നത്. 2018 ജൂൺ അഞ്ചിന് നിർമാണം ആരംഭിച്ച കുണ്ടന്നൂർ മേൽപാലവും ഡിസംബറിൽ തന്നെ ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതിന്റെയും അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്.

88.77 കോടി രൂപ മുടക്കിയാണു കുണ്ടന്നൂർ മേൽപാലവും നിർമാണം പൂർത്തിയാകുന്നത്. ആറു വരിയായി 701 മീറ്റർ ദൈർഘ്യത്തിലാണ് പാലം ഒരുങ്ങിയിരിക്കുന്നത്. 82.74 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. പൊതുമരാമത്ത് വകുപ്പ് എൻഎച്ച് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നിർമാണ പ്രവർത്തികൾ നടന്ന പാലത്തിന്റെ ഡിസൈൻ ശ്രീഗിരി കൺസൾട്ടന്റ്സും എസ്റ്റീം ഡവലപ്പേഴ്സുമാണ് ഒരുക്കിയത്. മേരി മാതാ കൺസ്ട്രക്‌ഷൻസിനായിരുന്നു നിർമാണ കരാർ.

English Summary: Vyttila, Kundannoor over bridge will open in December says CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com