ADVERTISEMENT

കുപ്രസിദ്ധമാണ് ഗ്രീസിലെ മൊറിയ അഭയാർഥി ക്യാംപ്. ഭൂമിയിലെ നരകമെന്നാണു പ്രശസ്ത നടി ലെന ഹീഡെ ഈ ക്യാംപിനെ വിശേഷിപ്പിച്ചത്. എച്ച്ബിഒ ടിവി സീരീസായ ഗെയിം ഓഫ് ത്രോൺസിൽ സെര്‍സി ലാനിസ്റ്റർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ലെന. ഒരു രാജ്യാന്തര മാധ്യമത്തോടൊപ്പം മൊറിയ ക്യാംപ് സന്ദർശിച്ചതായിരുന്നു താരം. അവിടെ ലെനയെ കാത്തിരുന്നതു നടുക്കുന്ന അനുഭവങ്ങളായിരുന്നു. പിന്നീട് അവർ ഇതിനെക്കുറിച്ചു തുറന്നുപറയുകയും ചെയ്തു. ഭൂമിയിലെ നരകമാണത്. വൃത്തിയോ സുരക്ഷിതത്വമോ ഇല്ല. മനുഷ്യാവകാശങ്ങളൊന്നും തന്നെ അവിടെ നിലനിൽക്കുന്നില്ല– ലെന വ്യക്തമാക്കി.

2016ലും 2019ലുമായി രണ്ടു തവണയാണു ഞാൻ ഗ്രീക്ക് ദ്വീപായ ലെസ്ബോസിലെ അഭയാർഥികളെ ‘സ്വീകരിക്കുന്ന’ കേന്ദ്രത്തിലെത്തിയത്. രണ്ടാം തവണ അവിടെയെത്തിയപ്പോഴേക്കും ഗതികേടിന്റെ അങ്ങേ അറ്റത്തായിരുന്നു ആ ക്യാംപ്. മൊറിയയിൽ അപ്പോൾ തന്നെ കപ്പാസിറ്റിയുടെ ഇരട്ടി പേരാണു താമസിച്ചിരുന്നത്. ദിവസേന ഇതുകൂടിക്കൊണ്ടിരിക്കുന്നു. ക്യാംപിൽ താമസിപ്പിക്കാവുന്ന ജനങ്ങളുടെ ആറ് മടങ്ങ് അധികം പേര്‍ എന്ന ദുരവസ്ഥയിലേക്ക് എത്തുകയാണ്. രണ്ടു തവണത്തെ സന്ദർശനങ്ങളിലും പുതുതായി പ്രവേശനം ലഭിച്ച എല്ലാ പ്രായത്തിലുള്ളവരെയും ഞാന്‍ കണ്ടു. യുദ്ധവും ഒടുങ്ങാത്ത ക്രൂരതയും കാരണം ഓടിവന്നവരാണ് അവർ, അവരെ മനുഷ്യരായല്ല, ക്രിമിനലുകളായാണു നിങ്ങൾ കണക്കാക്കുന്നത്. താൽക്കാലികമായി ഉപയോഗിക്കാവുന്ന കട്ടിലുകളിലാണു മാസങ്ങളായി അവർ കഴിയുന്നത്.

മുറികളില്ല. പൂർണമായും അപരിചിതരായ ആള്‍ക്കാർക്കൊപ്പം ഒരുമിച്ചു ഭയപ്പെട്ടു കഴിയുകയാണ്. സ്വകാര്യതയ്ക്കുവേണ്ടി പുതപ്പുകളെ അവർ ചുമരുകളായി ഉപയോഗിക്കുന്നു. ശുചിമുറികളിൽ വെള്ളമില്ല. രാത്രിയിൽ വെളിച്ചമില്ല. കുട്ടികളെ ഒറ്റയ്ക്ക് വിടാനും ടെന്റ് വിട്ട് പുറത്തിറങ്ങാനും സ്ത്രീകൾ ഭയപ്പെടുന്നു. ലൈംഗിക ചൂഷണങ്ങളുടെ ഭീഷണി എല്ലായ്പ്പോഴും അവിടെയുണ്ട്. ദിവസേനയുള്ള ആവശ്യങ്ങളൊന്നും നടക്കില്ല. ഭക്ഷണത്തിനായി മണിക്കൂറുകളോളം യാചിക്കേണ്ടിവരും. ഇനി കിട്ടിയാലും നമ്മൾ പ്രതീക്ഷിക്കുന്നതിലും വളരെ കുറച്ചുമാത്രമായിരിക്കും അത്. ഈ പ്രശ്നങ്ങൾ മോറിയയിലുള്ളവരുടെ മാനസികനില പോലും തകരാറിലാക്കിയേക്കാം– ലെന പറഞ്ഞതായി ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. ദാരിദ്ര്യം കാരണം ആത്മഹത്യയുടെ വക്കിലാണ് ക്യാംപിലുള്ള ജനങ്ങൾ. ഇന്റർനാഷനൽ റെസ്ക്യൂ കമ്മിറ്റി (ഐആർസി)യുടെ കണക്ക് പ്രകാരം ക്യാംപിൽ പരിശോധിച്ചതിൽ 60% അഭയാർഥികളും ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നവരാണ്. അതിൽ 30% പേരും ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുമുണ്ട്.

GREECE-EUROPE-MIGRANTS
മൊറിയ ക്യാംപ് തീപിടിത്തത്തിന് ശേഷം അഭയാര്‍ഥികളെ പൊലീസ് തടഞ്ഞുനിർത്തിയിരിക്കുന്നു. PHOTO: Manolis LAGOUTARIS / AFP

ഭയം, നഷ്ടം; പ്രതീക്ഷയറ്റ കണ്ണുകൾ

എല്ലാ പ്രതീക്ഷകളും അസ്തമിച്ചവരെയാണു മൊറിയയിൽ കാണാനാകുക. കലഹങ്ങൾ പതിവാണ്. ഭാവിയെക്കുറിച്ചുള്ള സുരക്ഷിതത്വമോ, പിന്തുണയോ എല്ലാം നഷ്ടപ്പെട്ടവരാണ് അവർ. എല്ലാ ആഴ്ചയും ഗ്രീസിന്റെ തീരങ്ങളിലെത്തുന്നവര്‍ ക്യാംപിലേക്കു വന്നുകൊണ്ടിരിക്കും. എല്ലാവർക്കും കിടപ്പാടം, ഭക്ഷണം, സ്നേഹം, പരിഗണന എന്നിവയാണു വേണ്ടത്. ഗ്രീസിന് ഇത് ഒറ്റയ്ക്കു താങ്ങാന്‍ സാധിക്കില്ലെന്നും യൂറോപ്യൻ യൂണിയൻ മുന്നോട്ടുവരണമെന്നും നടി ആവശ്യപ്പെട്ടു.

ഗ്രീസിലെ മോറിയ ഗ്രാമത്തോടു ചേർന്നാണ് മൊറിയ അഭയാർഥി ക്യാംപുള്ളത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ അഭയാർഥി കേന്ദ്രമാണിത്. മുള്ളുവേലികളാലും ചങ്ങലകളാലും പുറം ലോകവുമായി വേർപെടുത്തിയിരുന്ന ക്യാംപിനെ ‘തുറന്ന ജയിലെന്നാണ്’ ഹ്യൂമൻ റൈറ്റ്സ് വാച്ച് വിശേഷിപ്പിച്ചത്. 3000 പേരെ പാർപ്പിക്കുന്നതിനായി തയാറാക്കിയ ക്യാംപിൽ ഇപ്പോൾ 20,000നു മുകളിൽ പേരാണു താമസിക്കുന്നത്. ഇതില്‍തന്നെ 6000–7000 പേർ 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുമാണ്.

GREECE-EUROPE-MIGRANTS-CAMP-FIRE
ക്യാംപ് നിന്നിരുന്ന സ്ഥലത്തെ അവശിഷ്ടങ്ങൾ. PHOTO: ANGELOS TZORTZINIS / AFP

കോവിഡിനിടെ തീപിടിത്തം, തെരുവിലായ അഭയാർഥികൾ

ലോകത്തെവിടെയുമെന്നപോലെ മൊറിയയും കോവിഡിനെ ഭയന്നു കഴിഞ്ഞിരുന്ന സമയത്താണ് ക്യാംപിൽ തീപിടിത്തമുണ്ടാകുന്നത്. സെപ്റ്റംബർ എട്ടിനുണ്ടായ തീപിടിത്തത്തിൽ 12,000 അഭയാർഥികളുടെ താമസസ്ഥലങ്ങളാണ് ഇല്ലാതായത്. സെപ്റ്റംബർ പത്തോടെ ക്യാംപ് ഏകദേശം പൂർണമായും തകർന്നു. ഇതോടെ കയറിക്കിടക്കാൻ ക്യാംപെങ്കിലും ഉണ്ടായിരുന്ന അഭയാർഥികൾ തെരുവിലായി. താമസസ്ഥലം ആവശ്യപ്പെട്ടു പ്രതിഷേധിച്ചവരെ കണ്ണീർ വാതകം പ്രയോഗിച്ചാണു ഗ്രീക്ക് പൊലീസ് നേരിട്ടത്. മൊറിയ ക്യാംപ് ഇല്ലാതായതോടെ ഗ്രീസിന്റെ ചരിത്രത്തിലെ കറുത്ത അധ്യായം ഇല്ലാതായെന്നാണു പലരും കരുതുന്നത്.

തീപിടിത്തത്തിൽ താമസസ്ഥലം നഷ്ടപ്പെട്ട അഭയാർഥികളെ ലെസ്ബോസ് ദ്വീപിൽ തന്നെ താൽക്കാലിക ക്യാംപുണ്ടാക്കി താമസിപ്പിക്കുകയാണ് ഗ്രീസ് ചെയ്തത്. മൊറിയ ക്യാംപിന്റെ തകർച്ചയോടെ അഭയാർഥികളുടെ കാര്യം പരിഗണിക്കാൻ യൂറോപ്യൻ രാഷ്ട്രങ്ങൾ മുന്നോട്ടു വരുന്നുണ്ട്. ദ്വീപിൽനിന്ന് 1,553 അഭയാർഥികളെ സ്വീകരിക്കാമെന്ന് ജര്‍മനി പ്രഖ്യാപിച്ചു. മൊറിയ ക്യംപിലുള്ളവർക്കായി യുഎൻ സഹായത്തോടെ പുതിയ ക്യാംപ് നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ലെസ്ബോസില്‍ മൊറിയയിൽ തന്നെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ദ്വീപുകളിലോ ആകും പുതിയ അഭയാർഥി ക്യാംപ്.

അഭയാർഥി വരവ് തുടരുന്നു

അഭയാർഥി പ്രശ്നം യൂറോപ്പിനെ കാര്യമായി ബാധിക്കുമ്പോൾ തന്നെ പലായനം ഇപ്പോഴും തുടരുകയാണ്. സംഘർഷങ്ങളിലും ആഭ്യന്തര യുദ്ധങ്ങളിലും തകർന്ന മധ്യപൂർവ ദേശത്തെ രാജ്യങ്ങളില്‍നിന്നും ആഫ്രിക്കയിൽനിന്നുമാണു സമാധാന ജീവിതം തേടി ആളുകൾ യൂറോപ്യൻ തീരങ്ങളിലെത്തുന്നത്. സുരക്ഷയില്ലാത്ത ബോട്ടുകളിലും റബ്ബർ ഡിങ്കികളിലുമാണ് അഭയാർഥികളുടെ യാത്ര. പാലയനത്തിനിടെ മെഡിറ്ററേനിയൻ കടലിൽ വീണു മരിച്ചവരുടെ കണക്കുകൾ പോലും എവിടെയും ലഭ്യമല്ല. അഭയാർഥി പ്രതിസന്ധിയിൽ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാക്കണമെന്നാണു യൂറോപ്യൻ യൂണിയന്റെ നിലപാട്. എന്നാൽ എന്തു വഴിയാണ് ഇതിന് യൂറോപ്പ് സ്വീകരിക്കുകയെന്നത് ഇപ്പോഴും വ്യക്തമല്ല.

English Summary: Refugee crisis in Greece

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com