‘സിബിഐ അന്വേഷണം സദുദ്ദേശ്യപരമല്ല; സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി–കോൺഗ്രസ് ആസൂത്രണം’

Kodiyeri Balakrishnan
SHARE

തിരുവനന്തപുരം∙ ലൈഫ് മിഷനിലെ അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ സിബിഐ എത്തിയത് സദുദ്ദേശ്യത്തോടെയല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം നേതൃയോഗങ്ങൾക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്തിൽ ഉയർന്ന ആരോപണങ്ങൾ തള്ളിയ സംസ്ഥാന സമിതി, സർക്കാരിനു പൂർണപിന്തുണ പ്രഖ്യാപിച്ചു. ലൈഫ് മിഷനിലെ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടും പാർട്ടി സ്വീകരിച്ചു.

ചട്ടങ്ങൾ പാലിക്കാതെയുള്ള സിബിഐ അന്വേഷണം അസാധാരണവും രാഷ്ട്രീലക്ഷ്യത്തോടെ ഉള്ളതുമാണെന്നു കോടിയേരി പറഞ്ഞു. സിബിഐ അന്വേഷണത്തെ പാർട്ടി ഭയപ്പെടുന്നില്ല. സർക്കാരിനെ അട്ടിമറിക്കാനാണും പുകമറ സൃഷ്ടിക്കാനുമാണ് നീക്കമെങ്കിൽ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ഇത്തരം നീക്കങ്ങൾ വഴി സർക്കാരിനെ തകർക്കാനോ അട്ടിമറിക്കാനോ കഴിയില്ല. പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ ഉദ്ദേശ്യത്തോടെ സിബിഐ നടത്തിയതുപോലുള്ള ഇടപെടൽ ഇവിടെ നടത്തുന്നതിനുള്ള തുടക്കമാണിത്. കേന്ദ്ര ഏജൻസികളുടെ പലതരത്തിലുള്ള ഇടപെടൽ ഇനിയും ഉണ്ടാകും. അതിനെ അതിജീവിക്കാന്‍ എൽഡിഎഫിനു കഴിയുന്ന രീതിയിൽ രാഷ്ട്രീയ പ്രചാരണം നടത്തുമെന്നും കോടിയേരി പറഞ്ഞു.

സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപിയും കോൺഗ്രസും ആസൂത്രിത നീക്കം നടത്തുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അന്വേഷണ ഏജൻസികളുടെ ഇടപെടലിനെതിരെ ഇപ്പോൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടില്ല. സിബിഐ കേസ് എറ്റെടുക്കുന്നതിനു നടപടിക്രമം ഉണ്ടെന്നു കോടിയേരി പറഞ്ഞു. സംസ്ഥാന നിർദേശമോ ഹൈക്കോടതി നിര്‍ദേശമോ ഉണ്ടാകുമ്പോഴാണ് സാധാരണ സിബിഐ കേസെടുക്കുന്നത്. ഈ രണ്ടുരീതിയും അല്ലാത്തതിനാലാണ് സിബിഐ അന്വേഷണത്തെ അസാധാരണം എന്നു പാര്‍ട്ടി വിലയിരുത്തുന്നത്.

സ്വർണക്കടത്തു വിവാദം ഉണ്ടായപ്പോൾ മുഖ്യമന്ത്രിതന്നെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടതാണ്. ആ അന്വേഷണം എവിടെ എത്തി നിൽക്കുന്നുവെന്ന് എല്ലാവർക്കുമറിയാം. സ്വർണക്കടത്തുകേസിലെ പ്രതിയായ ദുബായിലുള്ള ഫൈസൽ ഫരീദിനെ ഇതുവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. കോൺസൽ ജനറൽ ഓഫിസിലുള്ളവരെയും ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. സ്വർണക്കടത്ത് അന്വേഷണം എങ്ങുമെത്താൻ കഴിയാത്തതുകൊണ്ടാണ് സിബിഐയെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.

സിബിഐയെ രാഷ്ട്രീയ ആവശ്യത്തിനു പല സംസ്ഥാനങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. സിബിഐ അന്വേഷണത്തിനു ആരും എതിരല്ല. രാഷ്ട്രീയ ഉദ്ദേശ്യമാണെങ്കിൽ അതിനെ തുറന്നു കാണിക്കും. ഇപ്പോഴത്തേത് അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സിപിഎം നേതൃയോഗങ്ങളും വിലയിരുത്തിയതായി കോടിയേരി പറഞ്ഞു. ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തി, കുറ്റം ചെയ്തെങ്കിൽ നടപടി സ്വീകരിക്കട്ടെയെന്നു ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. അന്വേഷണത്തെ തടസപ്പെടുത്താൻ പാർട്ടി ഇടപെടില്ല.

സിബിഐ ഇപ്പോൾ കേസെടുത്തത് സദുദ്ദേശ്യപരമല്ല. അങ്ങനെയെങ്കിൽ സംസ്ഥാന സർക്കാരിനെ അറിയിക്കാമായിരുന്നു. സർക്കാരിനെ മറികടന്നു തീരുമാനം എടുത്തതിനെയാണ് എതിർക്കുന്നത്. മാറാട് കലാപം സിബിഐ അന്വേഷിപ്പിക്കണമെന്ന് എന്താണ് ബിജെപി ആവശ്യപ്പെടാത്തതെന്നു കോടിയേരി ചോദിച്ചു. ഏതെല്ലാം ഏജൻസി വന്നാലും സിപിഎം ബിജെപിക്കു മുന്നില്‍ കീഴടങ്ങാൻ പോകുന്നില്ല.

അഴമതിക്കേസ് വന്നാൽ ആദ്യം അന്വേഷിക്കേണ്ടത് വിജിലൻസാണെന്നു കോടിയേരി പറഞ്ഞു. വിജിലൻസ് അന്വേഷിക്കുമ്പോഴാണ് സിബിഐ വന്നത്. സിബിഐയുടെ അധികാരപരിധിയിലുള്ളതാണെങ്കിൽ അവർ അന്വേഷിക്കട്ടെ. വിജിലൻസിന് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ സിബിഐയോട് പറയുമായിരുന്നു. അതിനെന്താണ് അവർക്ക് അവസരം കൊടുക്കാത്തതെന്നു കോടിയേരി ചോദിച്ചു.

സർക്കാരിനെതിരെയുള്ള രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി നേരിടാൻ പാർട്ടി തീരുമാനിച്ചു. എല്ലാ പാർട്ടി ഘടകങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിനു തയാറാകാൻ സംസ്ഥാന സമിതി നിർദേശിച്ചു. നാളെ വിവിധ പാർട്ടി ഘടകങ്ങളുടെ യോഗം ഓൺലൈനായി ചേരും. ജനങ്ങളെ അണിനിരത്തി സർക്കാരിനെതിരെയുള്ള പ്രചാരണങ്ങളെ നേരിടും. ജോസ് കെ.മാണി വിഭാഗം രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചാൽ ചർച്ച നടത്താനും തീരുമാനമായി.

English Summary: Kodiyeri Balakrishnan Against CBI Probe in Life Mission Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA