ADVERTISEMENT

തിരുവനന്തപുരം ∙ ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സംബന്ധിച്ചുള്ള സിപിഎമ്മിന്റെ പ്രതികരണം എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കോൺഗ്രസും ബിജെപിയും ചേർന്ന് എൽഡിഎഫ് ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന സിപിഎം വാദം തടിതപ്പാനുള്ള ശ്രമം മാത്രമാണ്. ലൈഫ് മിഷൻ അഴിമതി നീളുന്നത് മുഖ്യമന്ത്രിയിലേക്കാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നതരും കുടുങ്ങും എന്നുറപ്പുള്ളത് കൊണ്ടാണ് അന്വേഷണത്തെ സിപിഎം എതിർക്കുന്നത്.

ലൈഫിന് സമാനമായ മറ്റൊരു കേസിൽ വിദേശ സംഭാവന സ്വീകരിക്കൽ നിയമം ലംഘിച്ചതിന് പിണറായി സർക്കാർ നേരത്തെ സിബിഐ അന്വേഷണത്തിനു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 2005 മുതൽ ഒരു വിദേശ സ്ഥാപനം കോട്ടയത്തെ കമ്പനിക്ക് നൽകിയിരുന്ന 2.30 കോടിയുടെ സഹായം അവർ വഴിമാറ്റി ചെലവഴിക്കുന്നതായി കാണിച്ച് വിഎസ് സർക്കാരിന് പരാതി നൽകിയിരുന്നു. അന്ന് കാര്യമായ ഒരു നടപടിയുമില്ലാതായപ്പോൾ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വീണ്ടും പരാതി നൽകി. ഉമ്മൻചാണ്ടി സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഈ സംഭവത്തിൽ വിജിലൻസ് അന്വേഷണം പര്യാപ്തമല്ലെന്നും സിബിഐ അന്വേഷണമാകാമെന്നും നിലപാടെടുത്തതു പിണറായി സർക്കാരാണ്.

ഒരു കോടിയിലധികം രൂപയുടെ വിദേശ സാമ്പത്തിക സഹായമുള്ള കേസായതിനാൽ ഇത് സിബിഐ അന്വേഷിക്കണം എന്ന നിലപാടാണ് സർക്കാർ എടുത്തത്. ലൈഫിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് സിബിഐ അല്ല വിജിലൻസാണ് വേണ്ടതെന്ന നിലപാട് എടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരുടെ മാനസികനിലയാണ് തകരാറിലായതെന്ന് സമാന കേസുകളിൽ രണ്ടുതരത്തിൽ നിലപാടെടുക്കുന്ന മുഖ്യമന്ത്രിയെ കാണുമ്പോൾ എല്ലാവർക്കും മനസ്സിലാകും. സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമാണ് താൻ ഇതുസംബന്ധിച്ചു പരസ്യ പ്രതികരണം നടത്തുന്നത്. 24ന് എഫ്‌ഐആർ റജിസ്റ്റർ ചെയ്തു. 25ന് ഉച്ചയ്ക്ക് സെക്രട്ടേറിയറ്റ് മാർച്ചിലാണ് ഇതിനെപ്പറ്റി പറയുന്നത്. ഇതെങ്ങനെയാണ് ഗൂഢാലോചനയാകുകയെന്ന് കോടിയേരി പറയണം.

മന്ത്രിമാർക്കോ ഉദ്യോഗസ്ഥർക്കോ ഒരു പങ്കും ഇല്ലെന്നു സർക്കാർ പറയുന്ന കേസ് വിജിലൻസ് അന്വേഷിക്കുന്നത് എന്തിനാണ്? ലൈഫ് മിഷനിലെ അഴിമതി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും ധനമന്ത്രിയും തന്നെ അംഗീകരിച്ചതാണ്. സർക്കാർ തന്നെ അംഗീകരിച്ച അഴിമതി കേസാണിത്. സിബിഐ അന്വേഷണം അട്ടിമറിക്കാൻ ആണ് വിജിലൻസ്‌ അന്വേഷണം. സിബിഐ വരുമെന്ന് ഉറപ്പായപ്പോൾ ആണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത്. സെക്രട്ടേറിയറ്റിൽനിന്നു വിജിലസ് ഫയലുകൾ ശേഖരിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്. ഐഎഎസ് ഉദ്യോഗസ്ഥർ കള്ളക്കളിക്ക് കൂട്ടുനിന്നാൽ എല്ലാകാലത്തും സംരക്ഷിക്കാൻ ഈ സർക്കാരുണ്ടാവില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും ശിവശങ്കറിനും സ്വപ്നയ്ക്കും ഒപ്പം വിദേശയാത്ര നടത്തിയ ശേഷം കേരളത്തിലേക്ക് പണം ഒഴുകിയിട്ടുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി പണം വന്ന ബാങ്ക് അക്കൗണ്ടിലേക്ക് വേറെ പണവും വന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ എല്ലാം അന്വേഷിക്കേണ്ടി വരും. അഴിമതി പണത്തിന്റെ ഒരു പങ്ക് സിപിഎമ്മിനും ലഭിച്ചെന്ന് സംശയിക്കുന്നു. മകനെതിരായ കേസിൽ  മറുപടി പറയാൻ കോടിയേരി ബാലകൃഷ്ണനു ധാർമിക ഉത്തരവാദിത്തമുണ്ട്. മാസങ്ങൾ മാത്രം ആയുസ്സുള്ള പിണറായി സർക്കാരിനെ അട്ടിമറിക്കേണ്ട ആവശ്യം ബിജെപിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary: K Surendran slams CPM in Life Mission Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com