ADVERTISEMENT

തിരുവനന്തപുരം ∙ സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ കൈകാര്യം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. യൂട്യൂബ് ചാനൽ നടത്തുന്ന വെള്ളായണി സ്വദേശി വിജയ് പി.നായരുടെ പരാതിയിന്മേലാണ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ കേസെടുത്തത്.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് മൂവർക്കുമെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തത്. അതിക്രമിച്ചു താമസ സ്ഥലത്തേക്കു കടന്ന ഇരുവരും മർദിച്ചെന്ന് വിജയ് പി.നായർ പരാതിയിൽ പറയുന്നു. വീടു കയറി അക്രമിച്ചെന്നും മൊബൈൽ, ലാപ്ടോപ്പ് എന്നിവ അപഹരിച്ചെന്നുമാണു പരാതി. ദേഹോദ്രപമേൽപ്പിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും മൂവർക്കുമെതിരെ ചുമത്തിയേക്കും.

ശനിയാഴ്ചയാണു സ്ത്രീകൾക്കെതിരെ അശ്ലീല പരാർശം നടത്തിയ വിജയ് പി.നായരെ ഇയാൾ താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരിയമ്മൻ കോവിൽ റോഡിനു സമീപത്തെ ലോ‍ഡ്ജ് മുറിയിലെത്തി സംഘം നേരിട്ടത്. ഫെയ്സ്ബുക്കിലൂടെ ലൈവായി വിഡിയോ കാണിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. വിജയിനെക്കൊണ്ടു പരസ്യമായി മാപ്പു പറയിപ്പിച്ച ശേഷമാണു സംഘം മടങ്ങിയത്.

ഇയാൾക്കെതിരെ സിറ്റി പൊലീസ് കകമ്മിഷണർക്കടക്കം പല തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് നേരിട്ട് ഇറങ്ങിയതെന്നും നിയമസംവിധാനത്തിന്റെ പരാജയമാണ് ഇതെന്നും മൂവരും വ്യക്തമാക്കിയിരുന്നു. പരാതിപ്പെടണമെന്ന് സംഘം വിജയിനോട് ആവശ്യപ്പെട്ടെങ്കിലും പരാതിയൊന്നും ഇല്ലെന്നായിരുന്നു പ്രതികരണം.

പറഞ്ഞ കാര്യങ്ങളിൽ അൽപം മസാല ചേർത്തതു തെറ്റായിപ്പോയെന്നും സ്ത്രീകളുടെ വികാരം മനസ്സിലാക്കുന്നെന്നും ഇയാൾ പിന്നീടു പറഞ്ഞു. വിജയിന്റെ ലാപ്ടോപ്പും ഫോണും അടക്കം കൈവശപ്പെടുത്തിയ സംഘം അതുമായി പൊലീസ് കമ്മിഷണർ ഓഫിസിൽ നേരിട്ടെത്തി. പിന്നീട് തമ്പാനൂർ സ്റ്റേഷനിലെത്തി പരാതി നൽകി. വനിത കമ്മിഷൻ, സൈബർ സെൽ, വനിത ശിശുക്ഷേമ വകുപ്പ് തുടങ്ങിയവർക്കും പരാതി അയച്ചിരുന്നു.

വിജയ് പി.നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇന്നലെ കേസെടുത്തിരുന്നു. ഡോ. വിജയ് പി.നായർ എന്ന പേരിലാണ് ഇയാൾ യൂട്യൂബ് ചാനൽ നടത്തുന്നത്. സൈക്കോളജിയിൽ ഡോക്ടറേറ്റ് ഉണ്ടെന്ന് അവകാശപ്പെടുന്നു. അശ്ലീല പരാമർശങ്ങൾ ഏറെയുള്ള വിഡിയോകളിൽ പലതും 2 ലക്ഷത്തിലേറെപ്പേർ കണ്ടിട്ടുണ്ട്. 

English Summary: Youtuber Attack: Case registered against Bhagyalakshmi and other two activists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com