ADVERTISEMENT

വാ‌ഷിങ്ടൻ∙ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ആദ്യ സ്ഥാനാര്‍ഥി സംവാദം നാളെ. ആറു ദശാബ്ദമായി തുടരുന്ന ജനാധിപത്യ സംവാദം മഹാമാരിയുടെ കാലത്തും മാറ്റമില്ലാതെ തുടരും. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും എതിരാളി ജോ ബൈഡനും മുഖാമുഖമെത്തുന്ന വേദിയില്‍ ചൂടേറിയ വാക്പോര് ഉറപ്പ്.

കക്ഷി രാഷ്ട്രീയമില്ലാത്ത വോട്ടര്‍മാര്‍ക്കും രാജ്യത്തെ നയിക്കാന്‍ ആരാണ് യോഗ്യന്‍ എന്ന് തീരുമാനമെടുക്കാന്‍ മാര്‍ഗമൊരുക്കുന്നതാണ് സ്ഥാനാര്‍ഥി സംവാദം. ഇരു സ്ഥാനാര്‍ഥികളും ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നില്‍ തത്സമയം വിവിധ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കും. ഇതില്‍ പരസ്പര വിമര്‍ശനങ്ങളും ചോദ്യം ചെയ്യലുകളും ഇടപെടലുകളും ഉണ്ടാവും.

1960ല്‍ നടന്ന ആദ്യ സംവാദത്തില്‍ ജോണ്‍ എഫ് കെന്നഡിയും റിച്ചര്‍ഡ് നിക്സനും ഏറ്റമുട്ടിയത് ഏഴു കോടി ജനങ്ങളാണ് കണ്ടത്. അബദ്ധങ്ങളും വിവാദങ്ങളും പിറന്ന സംവാദവേദികള്‍ പല സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയഭാവി തന്നെ തിരുത്തിക്കുറിച്ചു. 1984ല്‍ 73കാരനായ റോണള്‍ഡ് റെയ്ഗന്‍റെ പ്രായാധിക്യം ഉയര്‍ത്തിക്കാട്ടാനായിരുന്നു എതിരാളിയും 59കാരനുമായ വാള്‍ട്ടര്‍ മൊണ്ടെയിലിന്‍റെ ശ്രമം. എതിരാളിയുടെ ചെറുപ്പവും അനുഭവസമ്പത്തില്ലായ്മയും ഞാനൊരു വിഷയമാക്കുന്നില്ല എന്നായിരുന്നു റെയ്ഗന്‍റെ മറുപടി. റെയ്ഗന്‍ വൈറ്റ് ഹൗസില്‍ തുടരട്ടെയെന്ന് ജനം വിധിയെഴുതി.

ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ സംവാദങ്ങളായിരുന്നു ഡോണള്‍ഡ് ട്രംപും ഹിലറി ക്ലിന്‍റണും തമ്മില്‍ നടന്നത്. പരസ്പരം ചെളിവാരിയെറിയൽ അതിരുവിട്ടപ്പോള്‍ ഹിലറിയുടെ ഭർത്താവും മുൻ പ്രസിഡന്റുമായ ബില്‍ ക്ലിന്റന്റെ സ്വഭാവദൂഷ്യങ്ങൾ എണ്ണിപ്പറഞ്ഞ ഡോണൾ‍ഡ് ട്രംപ്, താൻ അധികാരത്തിൽ വന്നാൽ ഹിലറിയെ ജയിലിലടയ്ക്കുമെന്നു പോലും പ്രഖ്യാപിച്ചു. പക്ഷേ, മൂന്നു സംവാദങ്ങളിലും വിജയിച്ചു എന്ന് മാധ്യമങ്ങള്‍ വിലയിരുത്തിയ ഹിലറി ക്ലിന്‍റന് തിരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല.

English Summary: Donald Trump and Joe Biden's presidential debate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com