ADVERTISEMENT

‘‘ഞാനീ ഡിബേറ്റിന്റെ മോഡറേറ്ററാണ്. ഞാന്‍ പറയുന്നതു കേള്‍ക്കണം.’’ – ക്രിസ് വാലസിന്റെ ശബ്ദം ഉയര്‍ന്നപ്പോള്‍ ശരി ക്രിസ് എന്നു പറഞ്ഞു ട്രംപ് സംസാരം നിര്‍ത്തി. ചാടിക്കയറി വഴക്കിനില്ലാത്ത പാവത്താന്‍ ബൈഡന്‍ രണ്ടു പേരെയും മാറിമാറി നോക്കി പുഞ്ചിരിച്ചു.  

കട്ടിക്കണ്ണടയും സൗമ്യമായ കാര്‍ക്കശ്യവുമായി അരങ്ങുനിറഞ്ഞ ഫോക്‌സ് ന്യൂസ് സണ്‍ഡേ അവതാരകന്‍ ക്രിസ് വാലസിന്  ഇത് പുത്തരിയല്ല. നാലു വര്‍ഷം മുന്‍പൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പു സംവാദത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ വാക്കുകള്‍കൊണ്ടു കടന്നാക്രമിക്കുന്നതു തടയാന്‍ പാടുപെട്ടതിന്റെ അനുഭവപരിചയം ഉള്ളയാളാണു വാലസ്. ഇത്തവണത്തെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി, മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ജോ ബൈഡനെ ഡോണൾഡ് ട്രംപ് അനാവശ്യമായി ആക്രമിക്കുന്നതു തടയാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. എന്നിട്ടും ഇടയ്ക്കു കയറിപ്പറഞ്ഞും വിവാദവിഷയങ്ങള്‍ യാതൊരു കാരുണ്യവുമില്ലാതെ കുത്തിക്കുത്തി ചോദിച്ചും ട്രംപ് ബൈഡനെ കഴിയുംവിധം പ്രകോപിപ്പിച്ചു. ബൈഡന്റെ മകന്‍ ഹണ്ടറുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളെ കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും കലിയടങ്ങാത്തതുപോലെ പ്രസിഡന്റ് ആത്മഗതം നടത്തുന്നതുവരെ കണ്ടു- ‘‘മോസ്‌കോ മുന്‍മേയറുടെ ഭാര്യയുടെ കയ്യില്‍നിന്നു 35 ലക്ഷം ഡോളര്‍ ജോലിയും കൂലിയുമില്ലാത്ത അവന് എങ്ങനെ കിട്ടി!’’

കോവിഡ് പരിശോധനയുടെ എണ്ണത്തില്‍ ഇന്ത്യയെക്കാളും മുന്നിലാണ് അമേരിക്കയെന്നു പതിവായി പറയുന്ന ട്രംപ് ഇത്തവണ ഇന്ത്യയിലെ മരണക്കണക്കിലെ സുതാര്യതയില്ലായ്മയെക്കുറിച്ചു സൂചിപ്പിച്ചതും ശ്രദ്ധേയമായി. ‘ഇന്ത്യയില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന് ആര്‍ക്കറിയാം’- ട്രംപ് പറഞ്ഞു.

വാലസിന്റെ വലിയ ചോദ്യങ്ങള്‍

ചര്‍ച്ചയുടെ ആറു ഭാഗങ്ങളിലായി വരേണ്ട വിഷയങ്ങള്‍ ക്രിസ് വാലസ് നേരത്തേ നല്‍കിയിരുന്നെങ്കിലും ചോദ്യങ്ങളൊന്നും മുന്‍കൂട്ടി പങ്കുവച്ചിരുന്നില്ല. ചോദ്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നാണു പ്രസിഡന്റ് സംവാദങ്ങളുടെ നടത്തിപ്പു ചുമതലയുള്ള കമ്മിഷന്റെ നിബന്ധന. എന്നാല്‍ വിഷയങ്ങളില്‍ ചില്ലറ ഭേദഗതികള്‍ വരുത്താന്‍ വാലസിന് സ്വാതന്ത്ര്യമുണ്ടായിരുന്നു താനും.

ആദായനികുതി വെട്ടിപ്പു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ട്രംപ് ആദ്യമായി ഉത്തരം നല്‍കിയെന്നത് വാലസിന്റെ നേട്ടമാണ്. ‘മറ്റു പല നികുതികളും താങ്കള്‍ കൊടുക്കുന്നുണ്ടെന്ന് എനിക്കറിയാം, പക്ഷേ ഫെഡറല്‍ ആദായനികുതിയായി 750 ഡോളര്‍ മാത്രമേ കൊടുത്തിട്ടുള്ളോ?’- വാലസ് നേരേ ചോദിച്ചു. ദശലക്ഷക്കണക്കിനു ഡോളര്‍ കൊടുത്തിട്ടുണ്ട് എന്നായിരുന്നു ട്രംപിന്റെ ഉത്തരം. നികുതിയിളവുകളെക്കുറിച്ചു പരാമര്‍ശമുണ്ടായപ്പോള്‍, ആ സാഹചര്യം താന്‍ അവിഹിതമായി നേടിയെടുത്തതല്ല എന്നു പറഞ്ഞ ട്രംപ് കുറ്റം മുഴുവനും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ തലയില്‍ കെട്ടിവച്ചു. ഒബാമ പ്രസിഡന്റും ബൈഡന്‍ വൈസ് പ്രസിഡന്റുമായിരുന്ന കാലത്ത് വ്യവസായസംരംഭങ്ങള്‍ക്കു ലഭിച്ച നികുതി ആനുകൂല്യങ്ങള്‍  പ്രയോജനപ്പെടുത്തുക മാത്രമേ ചെയ്തുള്ളൂ എന്നായിരുന്നു ട്രംപ് വിശദീകരിച്ചത്.

COMBO-US-VOTE-DEBATE
ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിനിടെ ഡോണൾഡ് ട്രംപിന്റെ മുഖഭാവങ്ങൾ. ചിത്രം – എഎഫ‌്‌പി

വംശീയഔന്നത്യമുള്ളവരാണെന്ന ഭാവത്തില്‍ വെള്ളക്കാര്‍ കറുത്തവര്‍ഗക്കാരോടു മനുഷ്യത്വമില്ലാതെ പെരുമാറുന്നതിനോടു യോജിക്കുന്നോയെന്ന ചോദ്യത്തിനു ട്രംപ് ഉത്തരം പറഞ്ഞില്ല. പകരം, കറുത്തവര്‍ഗക്കാര്‍ സൂപ്പര്‍ പ്രഡേറ്റേഴ്‌സ് (അതിക്രൂരമായ അക്രമസ്വഭാവമുള്ളവര്‍) ആണെന്നു പണ്ടൊരിക്കല്‍ ബൈഡന്‍ പറഞ്ഞിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി ബഹളം വയ്ക്കാന്‍ തുടങ്ങി. തിരഞ്ഞെടുപ്പു ഫലം തര്‍ക്കത്തില്‍ കലാശിക്കുന്ന സാഹചര്യം വന്നാല്‍, അന്തിമതീരുമാനം ഉണ്ടാകുംവരെ ശാന്തരായിരിക്കാന്‍ അണികളോട് ആഹ്വാനം ചെയ്യുമെന്ന് ഉറപ്പു തരാമോയെന്ന ചോദ്യത്തിനും ട്രംപ് കൃത്യമായി മറുപടി പറഞ്ഞില്ല. അങ്ങനെ ചെയ്യുമെന്നു ബൈഡന്‍ സമ്മതിച്ചു.

സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിനും ട്രംപ് തന്റെ അവകാശവാദങ്ങള്‍ ആവര്‍ത്തിച്ചു. താന്‍ പ്രസിഡന്റായ ശേഷം അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ സാമ്പത്തിക പുരോഗതി ഉണ്ടായെന്നും ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയിലെ പുതിയ ജഡ്ജി നിയമന വിവാദം വലിയ തോതില്‍ ചര്‍ച്ചയിലേക്കു പോയില്ലെന്നതും കൗതുകമായി.

കൈവിട്ട് ട്രംപ്

വാലസ് ചോദ്യം മുഴുമിപ്പിക്കുംമുന്‍പേ ട്രംപ് ഇടയ്ക്കു കയറി ശല്യപ്പെടുത്തുകയും കമന്റുകള്‍ പറയുകയും ചെയ്തുകൊണ്ടിരുന്നു. ‘ഇത് താങ്കള്‍ക്കു സംസാരിക്കാനുള്ള സമയമല്ല, മിസ്റ്റര്‍ പ്രസിഡന്റ്. അതിനു സമയം തരാം’ എന്നു പറഞ്ഞിട്ടും ട്രംപ് അതൊന്നും കേട്ട ഭാവം നടിച്ചില്ല. സംവാദവേദികളിലൊന്നും വന്നു പരിചയമില്ലാത്ത അദ്ദേഹത്തിന്റ രീതി ചര്‍ച്ചയിലുടനീളം അങ്ങനെ തന്നെയായിരുന്നു. വാലസിന്റെ ചോദ്യത്തിന് ആദ്യമൊരാള്‍ മറുപടി പറയും, അതിനെ ഖണ്ഡിക്കാനുള്ള അവസരം എതിരാളിക്കു ലഭിക്കും- ഇങ്ങനെയാണ് ചട്ടം. ബൈഡന്റെ ഉത്തരങ്ങള്‍ക്കു ശേഷം മോഡറേറ്റര്‍ ട്രംപിനോടു സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, ‘ഇതിന് ഞാനെന്തിനു പ്രതികരിക്കണം, അദ്ദേഹം പറഞ്ഞത് ഒരു പ്രസ്താവനയല്ലേ’ എന്നായിരുന്നു പല വേളകളിലും ട്രംപ് അദ്ഭുതത്തോടെ ചോദിച്ചത്. കാരണം ഇത്തരം ചിട്ടയായ സംവാദങ്ങള്‍ ട്രംപിന് പരിചയമില്ല എന്നതു തന്നെ. സ്വതസിദ്ധമായ ശൈലി തന്നെ അദ്ദേഹം തുടര്‍ന്നു.

സംവാദനിബന്ധനകളെല്ലാം കാറ്റില്‍പറത്തി ട്രംപ് നടത്തിയ അനാവശ്യവും അരോചകവുമായ ഇടപെടലുകളെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം നിറഞ്ഞു. സൂം വഴിയോ മറ്റോ വെബിനാര്‍ മാതൃകയിലുള്ള സംവാദം നടന്നിരുന്നെങ്കില്‍ മോഡറേറ്റര്‍ക്ക് മ്യൂട്ട് സംവിധാനം ഉപയോഗിച്ച് നിശബ്ദമാക്കാമായിരുന്നു എന്നും പലരും സരസമായി ചൂണ്ടിക്കാട്ടി.

COMBO-US-VOTE-DEBATE
ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിനിടെ ജോ ബൈഡന്റെ മുഖഭാവങ്ങൾ. ചിത്രം – എഎഫ‌്‌പി

കോവിഡും കരുതലും

കോവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതില്‍ ട്രംപ്് ഭരണകൂടം പരാജയപ്പെട്ടതിന്റെ തെളിവുകള്‍ ബൈഡന്‍ നിരത്തിയപ്പോള്‍, ഡോ. ആന്റനി ഫൗച്ചി ഉള്‍പ്പെടെ സമുന്നതര്‍ തന്നെ പ്രശംസിച്ചിട്ടുണ്ടല്ലോയെന്നായിരുന്നു മറുപടി. ഡെമോക്രാറ്റ് പാര്‍ട്ടിക്കാരായ ചില ഗവര്‍ണര്‍മാര്‍ വരെ തനിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പറഞ്ഞു.
ട്രംപിനെ പുടിന്റെ അടിമമൃഗമെന്നു വിളിച്ച ബൈഡന്‍, ചൈനീസ് പ്രസിഡന്റിനെ ട്രംപ് പ്രശംസിച്ചിരുന്നതും ചൂണ്ടിക്കാട്ടി. മാസ്‌കിനെക്കുറിച്ചു പരാമര്‍ശം വന്നപ്പോള്‍ തന്റെ കയ്യില്‍ എപ്പോഴും മാസ്‌കുണ്ടെന്നു പറഞ്ഞു ട്രംപ് കോട്ടിന്റെ പോക്കറ്റു തപ്പി. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുക എന്നതാണു നയമെന്നും പറഞ്ഞു. 200 മീറ്റര്‍ അകലെ നില്‍ക്കുമ്പോഴും മുഖം മുഴുവന്‍ മറയുന്ന വിധമുള്ള ഭീമന്‍ മാസ്‌ക് അണിയുന്ന ബൈഡന്റെ രൂപം വര്‍ണിച്ചു കളിയാക്കുകയും ചെയ്തു.

പരിസ്ഥിതി, കാലാവസ്ഥ

അപ്രതീക്ഷിതമായാണു പരിസ്ഥിതിസംബന്ധ വിഷയങ്ങള്‍ ആദ്യ സംവാദത്തില്‍ അൽപം വിശദമായി കൈകാര്യം ചെയ്യപ്പെട്ടതെന്നു പറയാം. കലിഫോര്‍ണിയയിലുള്‍പ്പെടെ കാട്ടുതീ നാശം വിതയ്ക്കുന്നതിനെക്കുറിച്ചായിരുന്നു വാലസിന്റെ ഒരു ചോദ്യം. കാലാവസ്ഥാ വ്യതിയാനം എന്നൊരു പ്രതിഭാസം ഉണ്ടെന്ന കാര്യത്തില്‍ വിശ്വസിക്കുന്നുണ്ടോയെന്നാണ് അദ്ദേഹം എടുത്തുചോദിച്ചത്. അവിടെയും ട്രംപ് കാലാവസ്ഥാ വ്യതിയാന സിദ്ധാന്തങ്ങളെ പൂര്‍ണമായും അംഗീകരിക്കുന്ന ഭാവം കാട്ടിയില്ല. കാടുകള്‍ പരിപാലിക്കുന്നതിലെ അശ്രദ്ധയാണു കാട്ടുതീക്കു കാരണമെന്ന പതിവുനയത്തില്‍ ഉറച്ചുനിന്നു. ഉണക്കമരങ്ങള്‍ നിറഞ്ഞ പ്രദേശത്ത് ഒരു സിഗരറ്റ് കുറ്റി വീണാല്‍ മതി നാശത്തിന് എന്നും പറഞ്ഞു. അമേരിക്കയിലുള്ളതിലും വലിയ തോതില്‍ വനപ്രദേശമുള്ള ഒരു യൂറോപ്യന്‍ രാജ്യത്തെ നേതാവാണ് ഫോറസ്റ്റ് മാനേജ്മെന്റില്‍ അമേരിക്ക എത്ര പിന്നിലാണെന്നു പറഞ്ഞതെന്നും സൂചിപ്പിച്ചു.
താന്‍ പ്രസിഡന്റായാല്‍ പാരിസ് ഉടമ്പടിയിലേക്കു തിരിച്ചു വരുമെന്നുള്ള ബൈഡന്റ പ്രഖ്യാപനം ട്രംപിനു പ്രകോപനമായി. ഇലക്ട്രിക് വാഹനങ്ങളോടു തനിക്കു വിരോധമൊന്നുമില്ലെന്നു പറഞ്ഞ ട്രംപ് ആ മേഖലയില്‍ തന്റെ ഭരണകൂടം ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. പുനരുപയോഗയോഗ്യമായ ഇന്ധനങ്ങള്‍ക്കായിരിക്കും താന്‍ മുന്‍തൂക്കം നല്‍കുകയെന്നു ബൈഡനും പറഞ്ഞു. അതായത്, ഇപ്പോഴുള്ളതല്ലാതെ പുതിയ കല്‍ക്കരി, എണ്ണ വ്യവസായ സംരംഭങ്ങൾക്കൊന്നും അനുമതി കൊടുക്കില്ല.

ആരു ജയിച്ചു

ആരും ജയിച്ചില്ല, ആരും തോറ്റുമില്ല എന്നാണ് പൊതുവേ നല്‍കാനാകുന്ന ഉത്തരം. കാരണം, ട്രംപ് ഒരിടത്തുപോലും പതറിയില്ല. ബൈഡനും ക്ഷീണം സംഭവിച്ചില്ല. അദ്ദേഹം ദുഃഖിതനായും തെല്ലിട മൗനിയായും ആകെ കണ്ടത് മകന്‍ ഹണ്ടറെക്കുറിച്ചു ട്രംപ് ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴാണ്. ലഹരിമരുന്നിന് അടിമയായി ഹണ്ടര്‍ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചു പരോക്ഷമായി സൂചിപ്പിച്ചതും മരിച്ചുപോയ മകന്‍ ബോ ബൈഡനെക്കുറിച്ചു പറഞ്ഞപ്പോള്‍ ആ ശബ്ദം വികാരതീവ്രമായതും ശ്രദ്ധിക്കപ്പെട്ടു. ട്രംപിന്റെ ഭാഗത്തുനിന്ന് ഇത്തരം വികാരഭരിത നിമിഷങ്ങളൊന്നും ഉണ്ടായില്ല. എന്നു മാത്രമല്ല, ഹണ്ടറെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞ് ബൈഡനെ കുത്തിനോവിക്കാനും ശ്രമിക്കുകയായിരുന്നു അദ്ദേഹം. ‘ചൈന എയ്റ്റ് യുര്‍ ലഞ്ച്, ജോ’ (ചൈന താങ്കളെ തോല്‍പിച്ചുകളഞ്ഞു) എന്നും ട്രംപ് പറയുന്നതു കേട്ടു. (ഹണ്ടര്‍ സഹസ്ഥാപകനെന്നു പറയപ്പെടുന്ന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുമായി ബന്ധപ്പെട്ട ഈ ആരോപണത്തില്‍ കഴമ്പുള്ളതായി ഇതുവരെയും തെളിഞ്ഞിട്ടില്ലെന്നതാണു സത്യം.)

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സംവാദങ്ങള്‍ വോട്ടര്‍മാരില്‍ എന്തു സ്വാധീനമാണു ചെലുത്തുന്നത് എന്നതിനെപ്പറ്റി വിദഗ്ധര്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വോട്ടര്‍മാരില്‍ 5 ശതമാനത്തില്‍ താഴെ പേരിൽ മാത്രമേ ഇഷ്ടസ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതില്‍ സംവാദങ്ങള്‍ അൽപമെങ്കിലും സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തിയിട്ടുള്ളൂ എന്ന് മിസൂറി യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്മെന്റ് ഓഫ് കമ്യൂണിക്കേഷന്‍സ് പ്രഫസര്‍ ഡോ. മിച്ചല്‍ മക്‌കിനി ചൂണ്ടിക്കാട്ടുന്നു.

എന്തായാലും, ട്രംപ് നിരന്തരം ഉന്നയിക്കുന്ന ‘അവശനായ ബൈഡന്‍’ എന്ന ആരോപണം സംവാദ വേദിയില്‍ ഫലിച്ചില്ല. സംവാദത്തിലൊരിടത്തും ബൈഡന്‍ അവശതകളൊന്നും കാട്ടിയില്ല. പ്രതീക്ഷിച്ചതിലും ഊര്‍ജസ്വലനായാണ് അദ്ദേഹം ചര്‍ച്ചയിലുടനീളം നിന്നത്. അത് ട്രംപിനെ അൽപം വിഷമിപ്പിച്ചിട്ടുണ്ടാകും. ബൈഡനോടുള്ള അസഹിഷ്ണുതയും ഇഷ്ടക്കേടും പുച്ഛവും മുഖത്ത് എഴുതിവച്ചിട്ടുമുണ്ടായിരുന്നു. ഇതേസമയം ബൈഡന്‍ പ്രതിപക്ഷ ബഹുമാനത്തിന്റെ മികച്ച മാതൃകയായി.

ട്രംപ് ഫോം നിലനിര്‍ത്തി, ബൈഡന്‍ കുലീനത നിലനിര്‍ത്തി. ഇരുവരും അണികളെ തൃപ്തിപ്പെടുത്തിയെന്നുറപ്പ്.

English Summary: US Presidential election 2020: Donald Trump, Joe Biden take stage for the biggest verbal duel ahead of the mega election exercise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com