ADVERTISEMENT

ക്ലീവ്‌ലാന്‍ഡ്∙ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ നുണയനെന്ന് മുദ്രകുത്തി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ രംഗത്തെത്തിയതോടെ യുഎസിലെ ആദ്യ സ്ഥാനാര്‍ഥി സംവാദം ചൂടേറി. വാഗ്വാദത്തിന്റെ ഒരു ഘട്ടത്തില്‍ 'നിങ്ങള്‍ വായ തുറക്കരുത്' എന്ന് ബൈഡന്‍ ട്രംപിനു താക്കീതു നല്‍കി.

ട്രംപ് പറഞ്ഞുകൊണ്ടിരിക്കുന്നത് മുഴുവന്‍ കള്ളമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നു ബൈഡന്‍ പറഞ്ഞു. അതു തിരുത്താനല്ല ഞാന്‍ വന്നിരിക്കുന്നത്. ട്രംപ് നുണയനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ബൈഡന്‍ പറഞ്ഞു. ട്രംപ് അമേരിക്കക്കാരെ കൂടുതല്‍ ദുര്‍ബലരും ദരിദ്രരും ആക്കിയെന്നു ബൈഡന്‍ കുറ്റപ്പെടുത്തി. സംവാദത്തിന്റെ തുടക്കം മുതല്‍ തന്നെ ഇരുവരും പരസ്പരം തടസപ്പെടുത്താന്‍ ശ്രമിച്ചതോടെ ചര്‍ച്ച ബഹളമയമായിരുന്നു. 

സംവാദത്തിന് തൊട്ടുമുമ്പ്  നികുതി വെട്ടിപ്പ് സംബന്ധിച്ച ആരോപണം പുറത്തായത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വെല്ലുവിളിയായിരുന്നു. എന്നാല്‍ ദശലക്ഷക്കണക്കിനു ഡോളറാണ് താന്‍ നികുതി അടയ്ക്കുന്നതെന്ന് ട്രംപ് പറഞ്ഞു. 2016ല്‍ തിരഞ്ഞെടുപ്പ് ജയിച്ച വര്‍ഷം ട്രംപ് വെറും 750 ഡോളറാണ്  ഫെഡറല്‍ നികുതിയടച്ചതെന്ന രേഖകള്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രമാണ് പുറത്തുവിട്ടത്. ഇതു വ്യാജവാര്‍ത്തയാണെന്ന് ട്രംപ് പറഞ്ഞു. 

രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പുള്ള പത്തുവര്‍ഷം ട്രംപ് വന്‍ നികുതിവെട്ടിപ്പ് നടത്തിയെന്ന് രേഖകള്‍ പറയുന്നു. ഡോണള്‍ഡ് ട്രംപ്  നികുതിവെട്ടിപ്പു നടത്തിയെന്ന ആരോപണം കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തുതന്നെ സജീവമായിരുന്നു. ശതകോടീശ്വര റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ട്രംപ് നികുതി ഒഴിവാക്കാന്‍ നഷ്ടക്കണക്കുകള്‍ കൃത്രിമമായി സമര്‍പ്പിച്ചുവെന്നായിരുന്നു ആരോപണം. പക്ഷേ നികുതി രേഖകള്‍ സമര്‍ഥമായി ഒളിപ്പിക്കാന്‍ അദ്ദേഹത്തിനായി. എന്നാല്‍ ഇക്കുറി  ട്രംപിന്റെ കഴിഞ്ഞ 18 വര്‍ഷത്തെ നികുതി രേഖകളാണ് ന്യൂയോര്‍ക്ക് ടൈംസ് ചോര്‍ത്തിയത്. 

ആദ്യ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പത്തുവര്‍ഷം ഡോണള്‍ഡ് ട്രംപ് ഒരു ഡോളര്‍ പോലും നികുതിയടച്ചിട്ടില്ല. ടെലിവിഷന്‍ പരിപാടിയിലൂടെ മാത്രം 427 മില്യണ്‍ ഡോളര്‍ വരുമാനമുണ്ടായിരിക്കെയാണ് ഈ നികുതി വെട്ടിപ്പെന്ന് പുറത്തായ രേഖകള്‍ വ്യക്തമാക്കുന്നു. വൈറ്റൗഹസിലെത്തിയ ആദ്യ വര്‍ഷം കേവലം 750 ഡോളറാണ് പ്രസിഡന്റ് നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് നല്‍കിയത്.  നികുതി ഒഴിവാക്കാന്‍ നഷ്ടക്കണക്കുകള്‍ കൃത്രിമമായി സമര്‍പ്പിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ന്യൂയോര്‍ക്ക് ടൈംസ് പതിവുപോലെ വ്യാജ വാര്‍ത്ത നല്‍കുകയാണെന്ന് പ്രസിഡന്റ് ട്വിറ്ററില്‍ പ്രതികരിച്ചു. ശമ്പളം വാങ്ങാത്ത ഏക പ്രസിഡന്റാണ് താനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ സ്ഥാനാര്‍ഥി സംവാദത്തിന് തൊട്ടുമുമ്പെത്തിയ ട്രംപിന്റെ നികുതിവെട്ടിപ്പ് കഥ മുഖ്യആയുധമാക്കാനൊരുങ്ങുകയാണ് ഡെമോക്രാറ്റുകള്‍. കോവിഡ് പ്രതിരോധത്തിലെ പരാജയത്തിനൊപ്പം നികുതി വിഷയം കൂടി ഉയര്‍ന്നുവരുന്നത് പ്രസിഡന്റിന് തലവേദനയാകും.

കക്ഷി രാഷ്ട്രീയമില്ലാത്ത വോട്ടര്‍മാര്‍ക്കും രാജ്യത്തെ നയിക്കാന്‍ ആരാണ് യോഗ്യന്‍ എന്ന് തീരുമാനമെടുക്കാന്‍ മാര്‍ഗമൊരുക്കുന്നതാണ് സ്ഥാനാര്‍ഥി സംവാദം. ഇരു സ്ഥാനാര്‍ഥികളും ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നില്‍ തത്സമയം വിവിധ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കും. ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ സംവാദങ്ങളായിരുന്നു ഡോണള്‍ഡ് ട്രംപും ഹിലറി ക്ലിന്റണും തമ്മില്‍ നടന്നത്. പരസ്പരം ചെളിവാരിയെറിയല്‍ അതിരുവിട്ടപ്പോള്‍ ഹിലറിയുടെ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റന്റെ സ്വഭാവദൂഷ്യങ്ങള്‍ എണ്ണിപ്പറഞ്ഞ ഡോണള്‍ഡ് ട്രംപ്, താന്‍ അധികാരത്തില്‍ വന്നാല്‍ ഹിലറിയെ ജയിലിലടയ്ക്കുമെന്നു പോലും പ്രഖ്യാപിച്ചു. പക്ഷേ, മൂന്നു സംവാദങ്ങളിലും വിജയിച്ചു എന്ന് മാധ്യമങ്ങള്‍ വിലയിരുത്തിയ ഹിലറി ക്ലിന്റന് തിരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com