ADVERTISEMENT

ലണ്ടൻ ∙ ദുർഗാദേവിയായി വേഷമിട്ടുള്ള ചിത്രത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി ലഭിച്ച നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ സുരക്ഷതേടി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനെ സമീപിച്ചു. ബംഗാളി ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ലണ്ടനിലാണു നടി ഇപ്പോഴുള്ളത്. ബംഗാൾ സർക്കാരിൽനിന്നും കേന്ദ്രത്തിൽനിന്നും ഇവർ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നുസ്രത്ത് ജഹാൻ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

‌‘സിനിമാ ഷൂട്ടിങ്ങിനായി ഒക്ടോബർ 16 വരെ ലണ്ടനിൽ തുടരും. എനിക്കു നേരെയുള്ള ഭീഷണി വളരെ ഗുരുതരമാണ്. മാനസികാരോഗ്യത്തെ ബാധിച്ചു തുടങ്ങി. അടിയന്തര പൊലീസ് സംരക്ഷണം ആവശ്യമാണ്’– യുകെയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർക്ക് അയച്ച കത്തിൽ നുസ്രത്ത് ജഹാൻ അറിയിച്ചു. ബംഗാളിൽ ദുർഗാപൂജയ്ക്കു തുടക്കം കുറിക്കുന്ന മഹാലയ ആഘോഷവേളയിലാണ് ‘മഹിഷാസുരമർദിനി’യുടെ വേഷമിട്ട ചിത്രം നടി സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചത്.   

‘പ്രഫഷനൽ ആവശ്യത്തിനായി രണ്ടു ദിവസം മുമ്പാണ് ലണ്ടനിലെത്തിയത്. ഇവിടെയെത്തിയ ശേഷം ഇന്ത്യയിലെയും അയൽരാജ്യത്തിലെയും ചിലരിൽനിന്നു സമൂഹമാധ്യമ പേജുകൾ വഴി വധഭീഷണി ലഭിച്ചു. ലണ്ടനിലെ താമസക്കാലത്ത് അടിയന്തര പൊലീസ് സംരക്ഷണം വേണം. ആവശ്യമായ ക്രമീകരണം നടത്താൻ അഭ്യർഥിക്കുന്നു.’– കത്തിൽ നടി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ‘നിങ്ങളുടെ മരണസമയം അടുത്തിരിക്കുന്നു’ തുടങ്ങിയ സന്ദേശങ്ങളടങ്ങിയ ട്രോളുകളുടെ സ്ക്രീൻഷോട്ടും കത്തിനൊപ്പം നൽകിയി‌ട്ടുണ്ട്.

ദുർഗാദേവിയുടെ വേഷത്തിൽ നുസ്രത്ത് ജഹാൻ.  ചിത്രം: ഇൻസ്റ്റഗ്രാം
ദുർഗാദേവിയുടെ വേഷത്തിൽ നുസ്രത്ത് ജഹാൻ. ചിത്രം: സമൂഹമാധ്യമം.

സെപ്റ്റംബർ 16, 19 തീയതികളിലായി പോസ്റ്റ് ചെയ്ത ഫോട്ടോയുടെയും വിഡിയോയുടെയും പേരിലാണു ഭീഷണിയെന്നു നടിയുടെ ഓഫിസ് അറിയിച്ചു. ബംഗാൾ സർക്കാരുമായും വിദേശകാര്യ മന്ത്രാലയവുമായും സംസാരിച്ചിട്ടുണ്ടെന്നും അധിക സുരക്ഷയുടെ ഭാഗമായി  ലണ്ടനിലെ ഇന്ത്യൻ എംബസി നടപടി സ്വീകരിച്ചതായും നടിയോട് അടുത്തവൃത്തങ്ങൾ പറഞ്ഞു. പരസ്യ ഫോട്ടോഷൂട്ടിന്റെ വിഡിയോയും ഫോട്ടോയുമാണു നടി പങ്കുവച്ചത്. ദുർഗാദേവിയായി വസ്ത്രം ധരിച്ച്, ത്രിശൂലം കയ്യിലേന്തിയുള്ള ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യയിൽനിന്നും ബംഗ്ലദേശിൽനിന്നും ഭീഷണികൾ വന്നുതുടങ്ങിയെന്നാണു പരാതി.

English Summary: TMC MP Nusrat Jahan gets death threats for posing as Goddess Durga, seeks security in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com