ADVERTISEMENT

ഹത്രാസ് ∙ അവസാനമായി അവളുടെ മൃതദേഹം വീട്ടിൽ കയറ്റണമെന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെട്ടത്. മതാചാര പ്രകാരം അവളുടെ മൃതശരീരം സംസ്കരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷെ പൊലീസ് അതൊന്നും ചെവികൊണ്ടില്ല. അവർ ഞങ്ങളെ അടിച്ചോടിച്ചു. ഭയവും സങ്കടവും സഹിക്കാൻ വയ്യാതെ നിസ്സഹായരായ ഞങ്ങളെ അവർ വീടുകളിൽ പൂട്ടിയിട്ടു. നിർബന്ധപൂർവം രാത്രി തന്നെ പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ  ഉയർന്ന ജാതിക്കാരായ നാല് പേർ ബലാത്സംഗം ചെയ്തു കൊന്ന ദലിത് പെൺകുട്ടിയുടെ സഹോദരൻ ഹൃദയവേദനയോടെ പറഞ്ഞു. 

എന്തിനാണ് അവർ ഞങ്ങളോട് ഇപ്രകാരം ചെയ്തതെന്ന് എനിക്കറിയില്ല. ആംബുലൻസിൽ മൃതദേഹം എത്തിച്ച ഉടൻ തന്നെ സംസ്കരിക്കണമെന്ന് അവർ നിർബന്ധം പിടിക്കുകയായിരുന്നു. ഇത്രയും വൈകി അസമയത്ത് അവളെ പറഞ്ഞയ്ക്കാൻ മനസ്സ് അനുവദിക്കുമായിരുന്നില്ല– തീരാവേദനയോടെ സഹോദരൻ പറയുന്നു. 

യുവതിയുടെ വീടിനു സമീപം പൊലീസ് ശവമഞ്ചം ഒരുക്കിയിരുന്നു. സമീപത്തു തന്നെ ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങളും  പൂർത്തിയാക്കിയിരുന്നു. മൃതദേഹം ധൃതിയിൽ സംസ്കരിക്കില്ലെന്നും നീതി കിട്ടും വരെ കാത്തിരിക്കുമെന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്. മതാചാര പ്രകാരം ശവസംസ്കാരം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യവും പൊലീസ് അതിക്രമത്തിൽ നടപ്പിലാകാതെ പോയി. തങ്ങളുടെ അനുവാദമില്ലാതെയാണ് മൃതദേഹം സംസ്കരിക്കാൻ കൊണ്ടു പോയതെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനും ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചിരുന്നു.                                       

ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് 19 വയസ്സുകാരി മരിച്ചത്. ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഹത്രാസിൽ അർധ രാത്രിയോടെയാണ് മൃതദേഹം എത്തിച്ചത്. പ്രദേശവാസികളുടെയും ബന്ധുക്കളുടെയും പ്രതിഷേധം െപാലീസ് ബലം പ്രയോഗിച്ച് അടിച്ചമർത്തുകയായിരുന്നുവെന്നാണ് ആരോപണം. 

ഉന്നത അധികാരികളുടെ നിർദേശപ്രകാരം പുലർച്ചെ 2.30ന് കുടുംബത്തെ പോലും അറിയിക്കാതെ ബലമായി പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചത് ക്രൂരമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ജീവിച്ചിരുന്നപ്പോൾ അവളെ സംരക്ഷിച്ചില്ല. ആക്രമിക്കപ്പെട്ട് കഴിഞ്ഞിട്ടും അവൾക്ക് മതിയായ ചികിൽസ കൊടുത്തില്ല.

ആ മൃതദേഹത്തെ പോലും ബഹുമാനിച്ചില്ല. മകൾക്ക് അന്ത്യകർമം ചെയ്യാനുള്ള അവകാശം പോലും നൽകിയില്ല. ക്രൂരമായ കൊലപാതകങ്ങൾ തടയാൻ നിങ്ങൾക്ക് കഴിയുന്നില്ല. ക്രിമിനലുകളെ പോലെയാണ് നിങ്ങൾ പെരുമാറുന്നത്. പീഡനങ്ങൾ അവസാനിപ്പിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല. നിഷ്കളങ്കയായ ആ പെൺകുട്ടിയുടെ മരണ ശേഷം അവളുടെ കുടുംബത്തിനെ പോലും നിങ്ങൾ വേട്ടയാടുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണം– പ്രിയങ്ക സമൂഹമാധ്യമത്തിൽ കുറിച്ചു.

ഹത്രാസ് ജില്ലയിലുള്ള വീട്ടിൽ നിന്ന് കഴിഞ്ഞ 14ന് അമ്മയോടൊപ്പം സമീപത്തെ വയലിലേക്ക് പോയ പെൺകുട്ടിയെ ബലാത്സംഗത്തിന് ശേഷം കൊന്നു തള്ളുകയായിരുന്നു. ഗുരുതരമായ പരുക്കുകളോടെയാണു പിന്നീടു കണ്ടെത്തിയത്. പ്രതികളായ സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കാലുകള്‍ പൂര്‍ണമായും കൈകള്‍ ഭാഗീകമായും തളര്‍ന്ന നിലയിലായിരുന്നു. പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. പീഡിപ്പിച്ചവർ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത് ചെറുത്തതിനിടെ പെൺകുട്ടി സ്വയം കടിച്ചതാകാം കാരണമെന്നായിരുന്നു ഹത്രാസ് എസ്പി വിക്രാന്ത് വീറിന്റെ വിശദീകരണം.

അലിഗഡ് ജവാഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ സ്ഥിതി വഷളായതിനെ തുടർന്നാണ് തിങ്കളാഴ്ച സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും രോഷം പുകയുകയാണ്. #HathrasHorrorShocksIndia എന്ന ഹാഷ്ടാഗിലാണ് പ്രതിഷേധം.

English Summary: In UP Gang-Rape Tragedy, 2.30 am Cremation By Cops, Family Kept Out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com