അവരുടെ യാത്ര അമേരിക്കയിലേക്ക്; ഒന്നിനും വേണ്ടിയല്ല, പട്ടിണി കിടന്നു മരിക്കാതിരിക്കാന്‍

GUATEMALA-HONDURAS-US-MIGRATION-CARAVAN
ഹോണ്ടുറാസിൽനിന്ന് യുഎസിലേക്കു കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റ സംഘം (Photo: JOHAN ORDONEZ / AFP)
SHARE

ഗ്വാട്ടിമാല സിറ്റി ∙ കടുത്ത ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും മൂലം, കോവിഡിനെ പോലും വകവയ്ക്കാതെ ഹോണ്ടുറാസിൽനിന്ന് യുഎസിലേക്കു കടക്കാന്‍ ശ്രമിക്കുന്ന ആയിരക്കണക്കിനു കുടിയേറ്റക്കാരെ തടയാനുള്ള നീക്കം ശക്തമാക്കി ഗ്വാട്ടിമാല. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സർക്കാർ നടപ്പാക്കിയ കുടിയേറ്റ, ആരോഗ്യ പരിശോധനകൾക്കു വിധേയരാകാതെ മൂവായിരത്തിലധികം ഹോണ്ടുറാൻ കുടിയേറ്റക്കാരും അഭയാർഥികളും വ്യാഴാഴ്ച ഗ്വാട്ടിമാലയിൽ കടന്നിരുന്നു. ഇതുവരെ രണ്ടായിരത്തോളം കുടിയേറ്റക്കാരെയാണ് പൊലീസും സൈനികരും തടഞ്ഞ് ഹോണ്ടുറാസിലേക്കു തിരിച്ചയച്ചത്. സമീപകാലത്തുണ്ടായ വലിയ അഭയാർഥിപ്രശ്നങ്ങളിലൊന്നായി ഇതു മാറുമോയെന്നാണ് ലോകം ആശങ്കയോടെ നോക്കുന്നത്.

യുഎസിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നവരിൽ നല്ലൊരു ശതമാനം ഹോണ്ടുറാസ് പൗരന്മാരാണ്. ഇങ്ങനെ അനധികൃതമായെത്തിയ ഒരു ലക്ഷത്തിലധികം ഹോണ്ടുറാനികളെ  2019 ൽ യുഎസ് നാടുകടത്തിയിരുന്നു. ഹോണ്ടുറാസിൽനിന്ന് ഗ്വാട്ടിമാല, മെക്സിക്കോ വഴി യുഎസിലേക്കു കടക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് രാജ്യത്തെ രാഷ്ട്രീയ കലഹങ്ങളും അക്രമവും അഴിമതിയുമാണ്. കോവിഡ് മഹാമാരിയെ തുടർന്ന് രൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്ര്യവും കുടിയേറ്റം വർധിപ്പിക്കുകയും ചെയ്തു.

GUATEMALA-HONDURAS-US-MIGRATION-CARAVAN
ഹോണ്ടുറാസിൽനിന്ന് യുഎസിലേക്കു കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റ സംഘം (Photo: JOHAN ORDONEZ / AFP)

‘ഞങ്ങളുടെ രാജ്യത്ത് തൊഴിലില്ല’– ഹോണ്ടുറാൻ കുടിയേറ്റക്കാരിലൊരാളായ ഹോസെ ലൂയിസ് അവില കാസ്റ്റിയോ (20) പറയുന്നു. കാസ്റ്റിയോ സുഹൃത്തിനൊപ്പമാണ് ഹോണ്ടുറാസിന്റെ തലസ്ഥാനമായ ടെഗുസിഗാൽ‌പയിൽനിന്ന് പുറപ്പെട്ടത്. യു‌എസിൽ എത്തിപ്പെട്ട് ഒരു ജോലി കണ്ടെത്തി രക്ഷപ്പെടാമെന്നും ബന്ധുക്കളെ സഹായിക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് കുടിയേറ്റ സംഘത്തിനൊപ്പം ചേർന്നത്.

∙ കർശന നിയന്ത്രണങ്ങൾ

ഹോണ്ടുറാസുമായി അതിർത്തി പങ്കിടുന്ന അഡ്മിനിസ്ട്രേറ്റീവ് മേഖലകളിൽ വ്യാഴാഴ്ച ഗ്വാട്ടിമാല പ്രസിഡന്റ് അലെഹൻദ്രോ ജിയാമത്തേയ് ‘നിരോധനം’ പ്രഖ്യാപിച്ചിരുന്നു. ഈ നടപടി അതിർത്തിയിലെ സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കുകയും സൈനിക വിന്യാസം സുഗമമാക്കുകയും ചെയ്യുന്നു.

GUATEMALA-HONDURAS-US-MIGRATION-CARAVAN
ഹോണ്ടുറാൻ കുടിയേറ്റക്കാരെ തടയാൻ സൈനികരെ വിന്യസിച്ചിരിക്കുന്നു (Photo: JOHAN ORDONEZ / AFP)

കോവിഡ് കാരണം ആറുമാസം അടച്ചതിനുശേഷം ഗ്വാട്ടിമാല അതിർത്തി രണ്ടാഴ്ച മുന്‍പാണ് തുറന്നത്. പുറത്തുനിന്നുള്ളവർ പ്രവേശിക്കുമ്പോൾ കോവിഡ് നെഗറ്റീവ്  പരിശോധനാ ഫലം നൽകണം. എന്നാൽ 70 ഹോണ്ടുറാനുകൾ മാത്രമാണ് ഇതു നൽകിയതെന്ന് ഗ്വാട്ടിമാല ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറയുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മിഷണറുടെ ഓഫിസ് പറയുന്നത് വ്യാഴാഴ്ച വരെ 3,500 മുതൽ 4,000 വരെ ഹോണ്ടുറാൻ കുടിയേറ്റക്കാരും അഭയാർഥികളും ഗ്വാട്ടിമാലയിൽ പ്രവേശിച്ചിട്ടുണ്ടെന്നാണ്.

കുടിയേറ്റ സംഘം പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നു പ്രഖ്യാപിച്ച ജിയാമത്തേയ്, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് രാജ്യത്തു കടന്ന ആരെയും കസ്റ്റഡിയിലെടുക്കാനും നാടുകടത്താനും സുരക്ഷാ സേനയോട് ഉത്തരവിടുകയും ചെയ്തു. ‘നിരോധനം’ പ്രഖ്യാപിച്ച മേഖലകളിലെ ചെക്ക്പോസ്റ്റുകളിൽ സൈനികരെയും പൊലീസിനെയും വിന്യസിച്ചു. ഗ്വാട്ടിമാലൻ അധികൃതർ 2,065 ഹോണ്ടുറാനികളെ നാടുകടത്തിയതായി പൊലീസ് പറഞ്ഞു. ബാക്കിയുള്ളവർ ചെറുസംഘങ്ങളായി എൽ സെയ്ബോ അതിർത്തി കടന്ന് മെക്സിക്കൻ സംസ്ഥാനമായ ടബാസ്കോയിലേക്കും ടെക്കുൻ ഉമാൻ കടന്ന് ചിയാപാസിലേക്കും പോകുന്നു.

GUATEMALA-HONDURAS-US-MIGRATION-CARAVAN
ഹോണ്ടുറാസിൽനിന്ന് യുഎസിലേക്കു കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റ സംഘം (Photo: JOHAN ORDONEZ / AFP)

∙ അപകടം അറിയാം, എന്നാലും

മറ്റൊരു രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിന്റെ ഭവിഷ്യത്തുകളെപ്പറ്റി നല്ല ബോധ്യമുണ്ട് ഭൂരിപക്ഷം കുടിയേറ്റക്കാർക്കും. പക്ഷേ ഹോണ്ടുറാസിൽ ജീവിച്ചാൽ പട്ടിണി കടന്നു മരിക്കുമെന്നാണ് അവർ പറയുന്നത്. അതിർത്തി കടന്നെത്തുന്ന കുടിയേറ്റക്കാരിൽ പലരും ആവശ്യത്തിനു ഭക്ഷണമോ വെള്ളമോ കിട്ടാതെ അവശരാണ്. പ്രാദേശിക റെഡ് ക്രോസ് വൊളന്റിയർമാർ ഇത്തരക്കാർക്കു ഭക്ഷണവും വെള്ളവും വൈദ്യസഹായവും കോവിഡ് ബോധവൽക്കരണവും നൽകുന്നുണ്ട്. കുടിയേറ്റക്കാരിൽ നിർജ്ജലീകരണം, ശ്വാസകോശ രോഗങ്ങൾ, കാലിലെ മുറിവുകൾ, പേശിവേദന എന്നിവ കണ്ടുവരുന്നതായി ഗ്വാട്ടിമാലൻ റെഡ്ക്രോസിന്റെ വക്താവ് മരിയ റോസെൽ പറഞ്ഞു. വ്യാഴാഴ്ച ഹോണ്ടുറാൻ കുടിയേറ്റക്കാരനായ ഫെലിക്സ് എൻറിക് ലാറ മാൽഡൊണാഡോ എന്ന പതിനേഴുകാരൻ ഒരു ട്രക്കിൽനിന്ന് വീണു മരിച്ചിരുന്നു.

കോവിഡും ലോക്ഡൗൺ നടപടികളും ഹോണ്ടുറാസിനെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിട്ടിരുന്നു. ജനങ്ങൾ കൊടും ദാരിദ്ര്യത്തിലായി. രാജ്യത്തെ ആരോഗ്യമേഖലയെയും ഭക്ഷ്യ വിതരണ ശൃംഖലയെയും തകർച്ചയിൽനിന്നു കരകയറ്റാനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും 200 ദശലക്ഷത്തിലധികം ഡോളർ വായ്പകൾ നൽകാൻ രാജ്യാന്തര ബാങ്കുകൾ തീരുമാനിച്ചിരുന്നു. എന്നാൽ ആ പണം ജനങ്ങളിലെത്തിയില്ലെന്നും അവർ പട്ടിണി മൂലം മരിക്കുന്നുവെന്നും ഹോണ്ടുറാസിലെ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രിസില അൽവാരഡോ അഭിപ്രായപ്പെട്ടു.

HONDURAS-GUATEMALA-US-MIGRATION-CARAVAN
ഹോണ്ടുറാസിൽനിന്ന് യുഎസിലേക്കു കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റ സംഘം (Photo: JOHAN ORDONEZ / AFP)

∙ പ്രവേശനം പ്രയാസം

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ, പരിശോധനകളില്ലാതെ അനധികൃതമായി രാജ്യത്തു പ്രവേശിക്കുന്ന വിദേശികൾക്ക് വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പു നൽകിയ മെക്സിക്കോ, ഹോണ്ടുറാസിൽനിന്നുള്ള കുടിയേറ്റക്കാരെ രാജ്യത്തു കടക്കാൻ അനുവദിക്കുന്നില്ല. ഗ്വാട്ടിമാലയുമായി അതിരു പങ്കിടുന്ന തെക്കൻ അതിർത്തിയിൽ മെക്സിക്കോ നൂറുകണക്കിന് ഇമിഗ്രേഷൻ ഏജന്റുമാരെയും സുരക്ഷാസൈനികരെയും വിന്യസിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് ഹോണ്ടുറാൻ കുടിയേറ്റക്കാരുടെ യാത്ര. പിടികൂടപ്പെട്ടാൽ നാട്ടിലേക്കു തിരിച്ചയയ്ക്കലോ ജയിലോ ആണ് കാത്തിരിക്കുന്നത്. അവ രണ്ടും പക്ഷേ പട്ടിണി കിടന്നുള്ള മരണത്തെക്കാളും ഭീകരമല്ലെന്ന ബോധ്യമാണ് ഹോണ്ടുറാനുകളെ വീണ്ടും യാത്രയ്ക്കു പ്രേരിപ്പിക്കുന്നത്.

English Summary: Guatemala sends over 3,000 Honduran migrants home from caravan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE