ADVERTISEMENT

കോട്ടയം: ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് (എം) ഇടതു മുന്നണിയുമായി ബന്ധം പുനഃസ്ഥാപിക്കുന്നത് 39 വർഷത്തിനു ശേഷമാണ്. ഒന്നാം നായനാർ മന്ത്രിസഭക്കുള്ള പിന്തുണ 1981 ഒക്ടോബർ 20 ന് മാണി ഗ്രൂപ്പ് പിൻവലിച്ചതിനു ശേഷം എൽഡിഎഫുമായി വിപുലമായൊരു സഹകരണം ഇതാദ്യമാണ്. 

കേരള കോൺഗ്രസിന്റെ പിറവി മുതൽ ഇന്നുവരെയുള്ള മുന്നണി മാറ്റങ്ങളുടെ കഥ

 ആദ്യ മുന്നണി പ്രവേശം സിപിഐ, മുസ്‍ലിംലീഗ്, എസ്എസ്പി എന്നിവർക്കൊപ്പം

1964 ൽ രൂപമെടുത്ത കേരള കോൺഗ്രസ് പാർട്ടി   അഞ്ചു വർഷത്തിനു  ശേഷം 1969 ലാണ്  ഏതെങ്കിലു മുന്നണിയുമായി സഖ്യത്തിൽ ഏർപ്പെടുന്നത്. സി.അച്യുതമേനോന്റെ നേതൃത്വത്തിൽ രൂപമെടുത്ത സർക്കാരിൽ കേരള കോൺഗ്രസിന്റെ പ്രതിനിധിയായി 1969 നവംബർ ഒന്നിന് കെ.എം.ജോർജ് അംഗമായതോടെ പാർട്ടിയുടെ മുന്നണി ബന്ധത്തിനു തുടക്കമായത്. ഈ സർക്കാരിൽ സിപിഐ, മുസ്‍ലിംലീഗ്, എസ്എസ്പി എന്നിവർക്കൊപ്പമാണു കേരള കോൺഗ്രസ് അധികാരം പങ്കിട്ടത്. അന്നു കോൺഗ്രസ് സർക്കാരിനെ പുറത്തു നിന്നു പിന്തുണക്കുകയായിരുന്നു. 

1970 ലെ നിയമസഭാ സ്വതന്ത്ര നിലപാട്; 1971 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ഐക്യമുന്നണിയിൽ. തിരഞ്ഞെടുപ്പിനു ശേഷം സഖ്യം വിട്ടു

1970 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ഈ ഐക്യമുന്നണിയുടെ ഭാഗമായിരുന്നില്ല. മത്സരിക്കുന്ന സീറ്റുകളെ ചൊല്ലിയുള്ള തർക്കത്തിൽ കേരള കോൺഗ്രസ് മുന്നണി വിട്ടു. പിന്നീട് 1971 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ഐക്യമുന്നണിയുമായി സഖ്യത്തിലാണു മത്സരിച്ചത്. തിരഞ്ഞെടുപ്പിനു ശേഷം ഈ സഖ്യം തുടർന്നില്ല. മാർക്സിസ്റ്റ് പാളയത്തിലേക്കു കേരള കോൺഗ്രസിനെ എത്തിക്കാനുള്ള ശ്രമം ഇക്കാലത്തുണ്ടായെങ്കിലും പരാജയപ്പെടുകയായിരുന്നു. 

R Balakrishna Pillia, KM Mani
ആർ. ബാലകൃഷ്ണപിള്ളയ്ക്കൊപ്പം കെ.എം. മാണി

അടിയന്തരാവസ്ഥ 1975; വീണ്ടും ഐക്യമുന്നണിക്കൊപ്പം

ഇതിനിടിയിൽ 1975 ജൂൺ 25 ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടർന്നുണ്ടായ ചർച്ചകൾക്കൊടുവിൽ കേരള കോൺഗ്രസ് ഡിസംബർ 26 ന് അച്യുതമേനോൻ മന്ത്രിസഭയിൽ ചേർന്നു. കെ.എം.മാണിയും ആർ.ബാലകൃഷ്ണപിള്ളയുമാണു മന്ത്രിമാരായത്. 

പാർട്ടിയിൽ പിളർപ്പ്; ആർ.ബാലകൃഷ്ണപിള്ള ഇടതുപാളയത്തിൽ

ഇക്കാലത്തു തന്നെ ആർ.ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് നേതൃത്വവുമായി പിണങ്ങി. പിള്ള വിഭാഗം 1977 ജനുവരി 29 ന് മാർക്സിസ്റ്റ് മുന്നണിയുടെ ഭാഗമായി മാറി.  1977 ലെ തിര‍ഞ്ഞെടുപ്പിൽ മാണി വിഭാഗം ഐക്യമുന്നണിക്കൊപ്പവും ബാലകൃഷ്ണപിള്ള വിഭാഗം ഇടതു ചേരിയിലുമാണ് ജനവിധി തേടിയത്. 

കേരള കോൺഗ്രസ് പിളർപ്പ്; മാണി ഗ്രൂപ്പ് ഇടത് ക്യാംപിൽ

കേരള കോൺഗ്രസ് മാണി, ജോസഫ് വിഭാഗങ്ങളായി 1979 ജൂലൈ 15 നെടുകെ പിളർന്നു. ജോസഫ് ഗ്രൂപ്പ് പ്രതിനിധിയായിരുന്ന ടി.എസ്.ജോണിനെ പികെവി മന്ത്രിസഭയിൽ നിന്നു പുറത്താക്കാത്തതിൽ പ്രതിഷേധിച്ചു കെ.എം.മാണി മന്ത്രിസഭയിൽ നിന്നും മുന്നണിയിൽ നിന്നും പിന്മാറി. ഈ പിളർപ്പ് കെ.എം.മാണിയെ സിപിഎമ്മിലേയ്ക്ക് അടുപ്പിച്ചു. 1979 നവംബർ 14 ന് ഇടതുപക്ഷവുമായി ചേർന്നു.  1980 ലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മാണി ഇടതുമുന്നണിയുടെ ഭാഗമായി. സിപിഎം 11 വർഷത്തെ ഇടവേളക്കു ശേഷം അധികാരത്തിലെത്തി. കെ.എം.മാണി 1980ലെ നായനാർ  മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നു. 

ഇടതുമുന്നണി വിട്ട് കെ.എം.മാണി വീണ്ടും യുഡിഎഫിന്റെ ഭാഗമായി

കെ.എം.മാണി 1981 ഒക്ടോബർ 20 ന് ഇടതുമുന്നണിക്കു നൽകിയ പിന്തുണ പിൻവലിച്ചതോടെ നായനാർ സർക്കാർ നിലംപതിച്ചു. രണ്ടു വർഷത്തെ ഇടതു ബന്ധം ഉപേക്ഷിച്ചു  മാണി വീണ്ടും  ജനാധിപത്യ മുന്നണിയുടെ ഭാഗമായി. മാണിക്കൊപ്പം ജോസഫ് വിഭാഗവും യുഡിഎഫിലെ ഘടകകക്ഷിയായിരുന്നു.

KM Mani, TM Jacob
കെ.എം. മാണിയും ടി.എം. ജേക്കബും

പി.ജെ.വിഭാഗം ഇടതുപക്ഷത്ത് 

കേരള കോൺഗ്രസ് ജോസഫ് വിഭാഗം 1989 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ സീറ്റു തർക്കത്തെ തുടർന്നു യുഡിഎഫ് വിട്ടു. പി.ജെ.ജോസഫ് മൂവാറ്റുപുഴയിൽ സ്വതന്ത്രനായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് 1991 ഏപ്രിൽ 13ന് ജോസഫ് വിഭാഗം എൽഡിഎഫിന്റെ ഭാഗമായി.  19 വർഷം പി.ജെ.ജോസഫ് എൽഡിഎഫിന്റെ ഭാഗമായിരുന്നു. 

പി.ജെ.വിഭാഗം വീണ്ടും യുഡിഎഫിൽ

ജോസഫ് ഗ്രൂപ്പ് 2010 ഏപ്രിൽ 30ന് എൽഡിഎഫ് വിടുകയും മേയ് 27ന് മാണി വിഭാഗം കേരള കോൺഗ്രസിൽ പാർട്ടി ലയിക്കുകയും ചെയ്തു. 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് (എം) യുഡിഎഫിനൊപ്പമാണു മത്സരിച്ചത്. 

Ramesh Chennithala, KM Mani, Oommen Chandy
രമേശ് ചെന്നിത്തല, കെ.എം. മാണി, ഉമ്മൻ ചാണ്ടി എന്നിവർ.

മാണിഗ്രൂപ്പ് യുഡിഎഫ് വിട്ടു; 2 വർഷത്തിനു ശേഷം തിരികെ യുഡിഎഫിൽ

 2016 ഓഗസ്റ്റ്  ഏഴിന് കേരള കോൺഗ്രസ് (എം) യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചു. യുഡിഎഫ് ബന്ധം വിച്ഛേദിക്കപ്പെട്ടതിനു ശേഷവും  നിയമസഭക്ക് അകത്തും തദ്ദേശസ്ഥാപനങ്ങളിലും മാണി ഗ്രൂപ്പ് എൽഡിഎഫുമായി അകലം പാലിച്ചിരുന്നു. ദേശീയതലത്തിൽ യുപിഎയ്ക്കു പ്രശ്നാധിഷ്ഠിത പിന്തുണ നൽ‌കി.  നിയമസഭയിൽ പ്രത്യേക ബ്ലോക്ക്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പ് ഇടതുമുന്നണിയുമായി കൈകോർത്തു. 2018 ജൂൺ 8ന് വീണ്ടും യുഡിഎഫിൽ. 

PJ Joseph, KM Mani, Jose K Mani
പി.െജ. ജോസഫ്, കെ.എം. മാണി, ജോസ് കെ. മാണി

കെ.എം.മാണിയുടെ വേർപാട്; പാലായിലെ തോൽവിയും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തർക്കവും

2019 ഏപ്രിൽ 9 ന് കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി അന്തരിച്ചു. തുടർന്ന് പാർട്ടി നേതൃത്വത്തെ ചെല്ലി തർക്കം. പാർട്ടി അനൗദ്യോഗിക പിളർപ്പിലേക്ക്. 2019 ലെ പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് വിഭാഗം സ്ഥാനാർഥിക്ക് അപ്രതീക്ഷിത തോൽവി. കേരള കോൺഗ്രസുകൾ തമ്മിലുള്ള തർക്കം രൂക്ഷമായി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ജോസഫ്, ജോസ് വിഭാഗങ്ങൾ തമ്മിൽ തർക്കം. കരാർ ലംഘിച്ച ജോസ് വിഭാഗത്തെ 2020 ജൂൺ 29ന് യുഡിഎഫിൽ നിന്നു പുറത്താക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com