ADVERTISEMENT

ന്യൂഡൽഹി∙ സ്വര്‍ണക്കടത്തുകേസ് ദേശീയതലത്തില്‍ വിഷയമാക്കി ബിജെപി നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിനു കേസില്‍ നേരിട്ട് ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു. അന്വേഷണത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി അടിക്കടി നിലപാട് മാറ്റുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആദ്യം മുഖ്യമന്ത്രി പറഞ്ഞത് സ്വപ്നയെ അറിയില്ലെന്നാണ്. പിന്നീട് പറഞ്ഞു കോൺസുൽ ജനറലിനൊപ്പം സ്വപ്ന ഓഫിസിൽ വന്നിട്ടുണ്ടെന്ന്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വാർത്ത സമ്മേളനം നടത്തിയാണ് മുരളീധരന്റെ പരാമർശം.

ഏത് ഏജന്‍സിയും അന്വേഷിക്കട്ടെ എന്ന് പറഞ്ഞ് പ്രധാനമന്ത്രിക്ക് കത്തയച്ചത് മുഖ്യമന്ത്രിയാണ്. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിനും കേരളം ഭരിക്കുന്ന പാർട്ടിയിലെ അംഗങ്ങൾക്കും കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയപ്പോൾ സിപിഎം, ഏജന്‍സികളെ ആക്ഷേപിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. 

ഇതിനു പുറമേ കഴിഞ്ഞ മൂന്നു മാസത്തിനിടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമങ്ങളും നടന്നു. സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തം ഉണ്ടായതാണ് ഒന്നാമത്തേത്. അത് ഷോർട് സർക്യൂട്ടാണെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ അത് അല്ലെന്ന് ഫൊറൻസിക് വിദഗ്ധർ കണ്ടെത്തി. മുഖ്യമന്ത്രിയുടെ വസതയിലെയും സെക്രട്ടേറിയറ്റിലെയും സിസിടിവി ദൃശ്യങ്ങളും നഷ്ടമായി. ഇതിനർഥം ആരോ മനപ്പൂർവം തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നെന്നാണ്. 

ഏത് ഏജൻസിയും അന്വേഷിക്കട്ടെയെന്ന് പറഞ്ഞ ആളുകൾ സിബിഐയ്ക്കെതിരെ കോടതിയെ സമീപിച്ചത് കുറ്റവാളികളുമായുള്ള ബന്ധത്തിന് തെളിവാണ്. സാധാരണ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആ പദവി മാത്രമേ വഹിക്കാറുള്ളൂ. എന്നാൽ ഇവിടെ പ്രിൻസിപ്പൽ സെക്രട്ടറി ഇലക്ട്രോണിക്സ് ആൻഡ് ഐടി എന്ന വകുപ്പ് കൂടി കൈകാര്യം ചെയ്യുന്നു.

മുഖ്യമന്ത്രിയുടെ ബന്ധുക്കൾ ഐടിയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. അതുപോലെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി മുഖ്യമന്ത്രിക്ക് നല്ല അടുപ്പമാണെന്നും നിസ്സംശയം പറയാം. പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചതും അതിന്റെ ഭാഗമാണ്. ആരോപണ വിധേയനായിട്ടും പത്തോളം ദിവസം പ്രിൻസിപ്പൽ സെക്രട്ടറിയെ മുഖ്യമന്ത്രി ഓഫിസിൽനിന്ന് നീക്കിയില്ല. അതിനാൽ, മുഖ്യമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടമായെന്നും ഈ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും മുരളീധരന്‍ ആരോപിച്ചു. 

English Summary : BJP Central committee against Kerala Chief Minister's office in gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com