ADVERTISEMENT

ഷെയ്ക്സ്പിയറിന്റെ നാടകത്തിൽ ഹാംലെറ്റ് രാജകുമാരൻ അനുഭവിക്കുന്ന അന്തഃസംഘർഷത്തെ അവതരിപ്പിക്കുന്ന വാചകമാണ് ‘‘ടു ബി ഓർ നോട്ട് ടു ബി’’. വേണോ വേണ്ടയോ എന്ന ചോദ്യം ഹാംലെറ്റിനെപ്പോലെ ജോസഫ് മാർത്തോമ്മായെയും ചിന്താക്കുഴപ്പത്തിലാക്കിയ ഒരു കാലമുണ്ട്. 1954–ൽ ആണ് അത്. 

ആലുവ യുസി കോളജിലെ ബിരുദ പഠനം പൂർത്തിയാക്കി പി.ടി. ജോസഫ് എന്ന ബേബി വീട്ടിലെത്തിയ ദിവസം. പിതാവ് പാലക്കുന്നത്ത് കടോൺ ലൂക്കോച്ചൻ രണ്ട് കത്തുകൾ മകന് കൈമാറി. കുവൈത്ത് ബ്രിട്ടിഷ് ബാങ്കിലേക്കുള്ള ക്ഷണവും വീസയുമായിരുന്നു ഒന്ന്. മറ്റൊന്ന് പോസ്റ്റ് കാർഡിൽ എഴുതിയ രണ്ടു വരി. തിരുവല്ല മാർത്തോമ്മാ സഭാ ആസ്ഥാനത്ത് നടക്കുന്ന വൈദിക പഠന കൂടിക്കാഴ്ചയ്ക്ക് ഹാജരാവുക. ആലോചിച്ചു തീരുമാനമെടുക്കുക എന്നു മാത്രം പിതാവ് പറഞ്ഞു. ജോസഫ് ധർമസങ്കടത്തിലായി. പെട്ടെന്ന് മറ്റൊരു രംഗം ജോസഫിന്റെ മനസ്സിലേക്കു തിരശീല നീക്കി കടന്നുവന്നു.

രംഗം മാരാമൺ പാലക്കുന്നത് തറവാട്. കാലം 1944. ജോസഫ് അന്ന് സ്കൂൾ വിദ്യാർഥി. കോഴഞ്ചേരി പള്ളിയിൽ ബിഷപ് സ്ഥാനാരോഹണ ചടങ്ങ് പൂർത്തിയാക്കിയ ശേഷം പാലക്കുന്നത്ത് തറവാട്ടിൽ സഭാ കൗൺസിൽ യോഗം ചേരുകയാണ്. 12 പേർ മാത്രമാണ് അന്ന് അംഗങ്ങൾ. മുറ്റത്തു നിൽക്കുന്ന ബാലനെ ചേർത്തുപിടിച്ച് ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്ത ചോദിച്ചു? ഏതു ക്ലാസിലാണ് പഠിക്കുന്നത്. പിന്നെ ഹൃദയത്തെ തൊട്ട് ഇങ്ങനെയൊരു ഉപദേശവും. ജീവിതത്തിൽ ഏതു തീരുമാനവും ദൈവത്തോട് ആലോചിച്ചു മാത്രം എടുക്കുക.

ബാല്യത്തിലെ ഈ ചേർത്തുപിടിക്കൽ രംഗം ജോസഫിന്റെ മനസ്സിൽ ശോഭ നിറച്ചു. സഭാസേവനത്തിലേക്ക് പോകണോ വേണ്ടയോ എന്ന ചോദ്യത്തിന് അപ്പോഴും ഉത്തരമായിട്ടില്ല. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ തീരുമാനിച്ചു. എന്തെങ്കിലും പ്രതീക്ഷിച്ചാണോ ഈ സ്ഥാനത്തേക്കു വരുന്നത് ? സിലക്‌ഷൻ ബോർഡ് അംഗങ്ങളിലൊരാളുടെ ചോദ്യം യുവാവിനെ ചൊടിപ്പിച്ചു. തിരിച്ചു ചില ചോദ്യങ്ങൾ ചോദിക്കാനും മടിച്ചില്ല. മൂന്നാം ദിവസം വീട്ടിലൊരു കത്ത് എത്തി. വൈദിക സിലക്‌ഷൻ ബോർഡിൽനിന്ന് ഒരു ക്ഷമാപണക്കുറിപ്പ്. ആ ചോദ്യം മനസ്സിനെ നോവിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. ഏതായാലും സഭയുടെ സ്കോളർഷിപ്പോടെ പഠിക്കുന്നില്ല എന്നു തീരുമാനിച്ചു. 200 രൂപ പ്രതിമാസ ഫീസ് കൊടുത്ത് ബാംഗ്ലൂർ യുടി കോളജിൽ വൈദിക പഠനത്തിനു ചേർന്നു. പഠന ശേഷം സഭാസേവനത്തിലേക്കു തിരിഞ്ഞില്ലെങ്കിൽ പരാതി വരരുതെന്ന ചിന്തയായിരുന്നു പിന്നിൽ.

ബാലനായിരിക്കുമ്പോഴേ പുലാത്തീനിൽ താമസം

ജോസഫ് മാർത്തോമ്മായെ ഇടയ നിയോഗത്തിലേക്കു കൈപിടിച്ചത് ദൈവകൃപയുടെ അദൃശ്യശക്തിയല്ലാതെ മറ്റൊന്നുമല്ല. അതിനു പിന്നിലും ഒരു അനുഭവകഥയുണ്ട്. തീത്തൂസ് തിരുമേനിയുടെ കണ്ണിനു കാഴ്ച കുറഞ്ഞ സമയം. തിരുവല്ലക്കാരൻ കറിയാച്ചേട്ടനും മാരാമൺ കൊളഞ്ഞികൊമ്പിലെ കൊച്ചുമത്തായിയും തീത്തൂസ് തിരുമേനിയും ചേരുന്നതാണ് അന്നത്തെ സഭാ ഓഫിസ്.

ശനിയാഴ്ച ഉച്ചയോടെ ഇവരെ വീട്ടിൽ പോകാ‍ൻ അനുവദിക്കും. ശനിയും ഞായറും തിരുവല്ല സഭാ ആസ്ഥാനത്തെ പുലാത്തീനിലും സഭാ ഓഫിസ് പരിസരത്തും അധികമാരും ഉണ്ടാകില്ല. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് സ്കൂൾ കഴിഞ്ഞാലുടൻ തിങ്കളാഴ്ചത്തേക്കുള്ള പുസ്തവുമായി മാരാമണ്ണിൽ നിന്ന് ബന്ധുവായ ജോസഫ് എന്ന കുട്ടി തിരുവല്ലയിലെത്തും. 1939 മുതൽ 1944 വരെ ഇതു തുടർന്നു. കെസിഎംഎസ് ബസിലാണ് മാരാമണ്ണിൽനിന്ന് തിരുവല്ലയ്ക്കുള്ള യാത്ര. ഫ്രീ ടിക്കറ്റാണ്. ബസ് കമ്പനിയിൽ ഷെയർ ഉള്ള കുടുംബാംഗമായതിന്റെ മെച്ചം.

തിരുമേനിയുടെ ഏകാന്ത വാസത്തിനു കൂട്ടായി ഒരു പൂച്ചയും നായയുമുണ്ട്. തോട്ടപ്പുഴശ്ശേരിക്കാരൻ വർഗീസ് ചേട്ടനും പുലാത്തീന്റെ സമീപവാസികളായ ഏതാനും കുട്ടികളും ഒപ്പമുണ്ട്. വൈദികൻ അനുഭവിക്കുന്ന പ്രതിസന്ധികളും വേദന നിറഞ്ഞ വഴിയുടെ കാഠിന്യവും അന്നേ മനസ്സിലാക്കിയതിനാലാണ് ഈ ‘നുകം’ വേണ്ടെന്നു നേരത്തേ മനസ്സിലുറച്ചത്.

വൈദിക വഴിയിലെ ആദ്യ ചുവട് ഏബ്രഹാം മാർത്തോമ്മായ്ക്ക് ഒപ്പം

വൈദിക പഠനത്തിനായി ബാംഗ്ലൂരിലേക്കു പോകുന്നതിനു തലേന്ന് ഏബ്രഹാം മാർത്തോമ്മാ മാരാമണ്ണെത്തി. തന്റെ കൂടെ പോന്നാൽ ഇന്ന് തിരുവല്ലയിൽ താമസിച്ച് രാവിലെ കോട്ടയം സ്വരാജ് ബസ്റ്റാൻഡിൽ വിടാമെന്ന് അദ്ദേഹം പറഞ്ഞു. ഡ്രൈവർ ദാനിയേൽ ചേട്ടൻ സ്വരാജ് ബസ് സ്റ്റാൻഡിൽ എത്തിച്ചു. അവിടെനിന്ന് ബസിൽ ആലുവയെത്തി. തുടർന്ന് ട്രെയിനിൽ ബാംഗ്ലൂരിലേക്ക്. ബെംഗാരപ്പെട്ടിൽ എത്തിയപ്പോഴാണ് കേരള വാഴ്സിറ്റി ബിഎ പരീക്ഷയിൽ ജയിച്ച വിവരം പത്രത്തിലൂടെ അറിയുന്നത്.

അന്നു പട്ടമേറ്റത് 5 പേർക്കൊപ്പം

ഏകദേശം 63 വർഷം മുമ്പ് മാരാമൺ മാർത്തോമ്മാ പള്ളി. മാത്യൂസ് മാർ അത്തനാസിയോസും യൂഹാനോൻ മാർത്തോമ്മയും പാലക്കുന്നത്ത് അച്ചനും മറ്റും സന്നിഹിതരായ അൾത്താര. 5 ശെമ്മാശന്മാർ സഭാശുശ്രൂഷയുടെ നിയോഗത്തിലേക്കു കടക്കുകയാണ്. റവ. പി. ടി ജോസഫിനെ കൂടാതെ റവ. കെ.എം. ഡേവിഡ്, റവ. സി. എ കുരുവിള, റവ. എ. പി. ജേക്കബ്, റവ. എൻ. ഐ. മത്തായി എന്നിവരും അന്നു പട്ടത്വമേറ്റു.

ബസിൽ യാത്ര ചെയ്ത സഞ്ചാര സെക്രട്ടറി

കളമ്പാല മുതൽ പമ്പാവാലി വരെ ചെറുതും വലുതുമായ 9 ഇടവകകളുടെ ചുമതലയിലായിരുന്നു ആദ്യ നിയമനം. 1959 സഭയിലെ സംഘർഷ കാലമായിരുന്നു. സുവിശേഷ സംഘത്തിൽ പ്രതിസന്ധി. ഇതിനിടെ ട്രാവലിങ് സെക്രട്ടറിയാകണമെന്നു സമ്മർദം. മെത്രാപ്പൊലീത്തയോടു ചോദിച്ചിട്ടാവാമെന്ന മറുപടി കൊടുത്തു. പിറ്റേന്ന് തിരുവല്ലയിൽ എത്തി ചുമതലയേറ്റു.

ഏതെങ്കിലും സ്ഥാനം നോക്കിയാണോ എന്ന വൈദിക പഠന ബോർഡിന്റെ ചോദ്യം അപ്പോഴും മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല. 1 രൂപ ട്രാവലിങ് അലവൻസ്. ബസിലായിരുന്നു യാത്ര. 80 രൂപ ശമ്പളത്തിൽനിന്ന് 20 രൂപ കട്ട് ചെയ്യും. 4 വർഷം കൊണ്ട് സംഘത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാക്കി. ഉപദേശിമാർക്ക് 1 മാസത്തെ ശമ്പളം അധികം നൽകി സ്ഥാനം ഒഴിഞ്ഞു. ഇതിനിടെ ഡൽഹി ഇടവകയിലേക്കു വിടാൻ തീരുമാനിച്ചെങ്കിലും കോഴിക്കോട് ഇടവകയിലേക്കു മാറ്റി നിയമിച്ചു.

സ്കോളർഷിപ്പോടെ വിദേശ പഠനം

പിറ്റേ വർഷം ഉപരിപഠനത്തിന് അവസരം ലഭിച്ചു. ഷിക്കാഗോയിലെ ലൂതറൻ സെമിനാരിയിലേക്കായിരുന്നു സഭ പ്രവേശനം എടുത്തുകൊടുത്തത്. എസ്ടിഎം മാത്രം പോരാ മാസ്റ്റേഴ്സും എടുക്കണമെന്ന് പുറപ്പെടും മുൻപ് പലരും ഓർമിപ്പിച്ചു. 10000 ഡോളർ സ്കോളർഷിപ്പ് കിട്ടി. പഠനത്തിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ സഭയിലേക്കു കത്തയച്ചു. ഉപരിപഠനത്തിനുകൂടി അവസരം തരണം. ഇറ്റ് ഈസ് ദ് ഡിസയർ ഓഫ് ദ് നാച്ചുറൽ മാൻ ടു അക്വയർ മോർ ഡിഗ്രീസ് ആൻഡ് നോട്ട് ദാറ്റ് ഓഫ് ദ് സ്പിരിച്വൽ മാൻ എന്നായിരുന്നു മറുപടി. യുഎസിൽനിന്നു തിരികെ പോരാൻ തീരുമാനിച്ചു.

വരുന്ന വഴി ഇംഗ്ലണ്ടിൽ ഇറങ്ങി. കുറേനാൾ ഓക്സ്ഫഡിൽ പഠിക്കാൻ അവസരം വീണുകിട്ടി. ഒരു ടേം അവിടെ ചെലവഴിക്കണം. കൈച്ചെലവിന് 25 ഡോളർ മാത്രം. ആരും സഹായിക്കാനില്ല. ഇംഗ്ലണ്ടിലെ ഒരു ബന്ധുവിന്റെ വീട്ടിൽ കുറച്ചു നാൾ തങ്ങി. സിഎംഎസ് സഭയ്ക്ക് കത്തഴുതി. കാന്റർബറി കത്തീഡ്രലിൽ സേവനം ചെയ്തു പഠിക്കാൻ അവസരം തന്നു. വിമാനടിക്കറ്റിൽ ചില ആനുകൂല്യങ്ങൾ അനുവദിച്ച് ബ്രിട്ടിഷ് എയർവെയ്സും സഹായിച്ചു.

ചാൾസ് രാജകുമാരനുമൊത്ത് വിരുന്ന്; യുഎന്നിന്റെ മനം കവർന്ന പ്രസംഗം

ഓക്സ്ഫഡിൽ വച്ച് ബ്രിട്ടിഷ് രാജ്ഞിയുടെ ചാപ്ലെയിൻ കെന്നത്ത് ഗ്രെയ്ൻ എന്ന പണ്ഡിതനെ പരിചയപ്പെട്ടു. സെന്റ് അഗസ്റ്റസ് കോളജിൽ പഠിച്ചിട്ടേ നാട്ടിലേക്കു പോകാവൂ എന്നായി അദ്ദേഹം. സഭാ നേതൃത്വത്തിനു തിരുവല്ലയിലേക്ക് അദ്ദേഹമാണു കത്തെഴുതിയത്. 9 മാസം കൂടി പഠിക്കാൻ അതുമൂലം കഴിഞ്ഞു.

ഒരുദിവസം കാന്റർബറി ആർച് ബിഷപ് റാംസെയ്ക്കൊപ്പം ഉച്ചഭക്ഷണത്തിനു ക്ഷണം ലഭിച്ചു. അവിടെ എത്തിയപ്പോൾ ഒരു സായിപ്പ് കൊച്ചനും പെൺകുട്ടിയുമുണ്ട്. ഒടുവിൽ അതിഥികളെ പരിചയപ്പെടുത്തിയപ്പോൾ അദ്ഭുതമായി. കിരീടാവകാശിയായ ചാൾസ് രാജകുമാരനും പ്രിൻസസ് ആനുമായിരുന്നു അത്. പമ്പാവാലിയിലെ കുടിലുകളിൽ താമസിച്ച കാലം അപ്പോൾ ഓർത്തു. മഹാരാഷ്ട്രയിലെ ആദിവാസിയുടെ വീട്ടിൽ എത്തിയപ്പോൾ ആടിനെ കറന്ന് പാൽ തന്നതിന്റെ മാധുര്യം നാവിലൂടെ കടന്നുപോയി.

യുഎസ്, സെറംപുർ, അലഹാബാദ് എന്നിവിടങ്ങളിൽ നിന്നായി പിന്നീട് 3 ഡോക്ടറേറ്റുകൾ ലഭിക്കാൻ ദൈവം നിയോഗം തന്നു. ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്താത്ത ദൈവകൃപയാണ് ജീവിതം. പിന്നീട് ബെക്കിങ് ഹാം കൊട്ടാരത്തിലേക്കു പല തവണ ക്ഷണം ലഭിച്ചു. യുഎൻ അസംബ്ലിയിൽ രാഷ്ട്രത്തലവന്മാർ പ്രസംഗിക്കുന്ന വേദിയിൽ നിന്ന് പത്തു മിനിറ്റ് സംസാരിക്കാൻ യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നാന്റെ ക്ഷണം ലഭിച്ചു. ഇന്ത്യയിലെ ഒരു ബിഷപ്പിനും ലഭിക്കാത്ത അവസരം. 2500 ഡോളർ ചെലവുള്ള ഹോട്ടലിലും മുളങ്കുടിലിലും താമസിച്ചു. എല്ലാം സംതൃപ്തമായ അനുഭവം.‍

നവതിക്ക് പ്രധാനമന്ത്രി; ആയുർദൈർഘ്യത്തിലും ധന്യൻ

നവതി സമ്മേളനം വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. 

‘സഭയുടെ നുകം ഏറ്റ മാരാമൺ പള്ളി എന്നും സംതൃപ്തിയുടെ മേടയാണ്. തന്റെ പൂർവികർക്കൊന്നും ലഭിക്കാത്ത ആയുർദൈർഘ്യം ലഭിച്ചു. അനേകരുടെ പ്രാർഥനയാണ് ബലം. 80 വയസ്സുവരെ ആശുപത്രിയിൽ കയറാൻ ഇടയായിട്ടില്ല. മുട്ടിനായിരുന്നു ആദ്യ പ്രശ്നം. 100 പേർ കുർബാനയ്ക്ക് പങ്കെടുത്ത സ്ഥാനത്ത് ഇന്ന് ലക്ഷങ്ങൾ ലൈവായി പങ്കെടുക്കുന്നു. പരിമിതികൾ അവസരങ്ങളുടെ വാതിലാണ്. മാസ്ക് നമുക്ക് വേണ്ടിയല്ല, മറ്റുള്ളവർക്കു രോഗം വരാതിരിക്കാനാണ്. മറ്റുള്ളവരെ കരുതാനുള്ള കാലമാണ് ഇത്’– മെത്രാപ്പൊലീത്ത മാരാമണ്ണിലെ സ്വീകരണത്തിൽ പറഞ്ഞു. 

Content Highlight: Dr.Joseph Marthoma metropolitan, Marthoma Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com