ADVERTISEMENT

ലക്നൗ ∙ ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ക്ഷേത്ര പൂജാരിക്കു വെടിയേറ്റ സംഭവത്തിൽ നാടകീയ വഴിത്തിരിവ്. പൂജാരിയും മറ്റുള്ളവരും നടത്തിയ ഗൂഢാലോചനയാണു സംഭവമെന്നു പറഞ്ഞ പൊലീസ് ഇവരെ കേസിൽ പ്രതിചേർത്തു. പ്രഫഷനൽ ഷൂട്ടറെ ഏർപ്പാടാക്കുകയും രാഷ്ട്രീയ എതിരാളിയെ കുരുക്കിലാക്കാൻ ആക്രമണം ആസൂത്രണം ചെയ്യുകയുമായിരുന്നു എന്നാണു പൊലീസ് പറയുന്നത്. പൂജാരിയെ ആക്രമിച്ച കേസിൽ ക്ഷേത്രത്തിലെ മുഖ്യ സന്യാസിയും ഗ്രാമത്തലവനും ഉൾപ്പെടെ 7 പേരെ അറസ്റ്റിലായി.

ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്താലുടൻ പൂജാരിയെയും അറസ്റ്റ് ചെയ്യും. പരുക്കേറ്റ പൂജാരി അതുൽ ത്രിപാഠി എന്ന സാമ്രാട്ട് ദാസ് നിലവിൽ ലക്നൗവിലെ കിങ് ജോർജ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ക്ഷേത്രത്തിലെ മഹന്ത് സീതാരാംദാസും ഗ്രാമത്തലവനും പൂജാരിയും ചേർന്നാണ് ആക്രമണത്തിനു പദ്ധതിയിട്ടതെന്നു പൊലീസ് പറഞ്ഞു. വെടിവയ്പ് സംഭവം വലിയ ചർച്ചയായി, സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു. അയോധ്യയിൽനിന്നുള്ള സന്യാസിമാർ ജില്ലയിൽ തമ്പടിക്കുകയും ഉത്തരവാദികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഒക്ടോബർ 10ന് രാത്രി ഗ്രാമത്തിലെ ശ്രീരാം ജാനകി ക്ഷേത്രത്തിലുണ്ടായ വെടിവയ്പിലാണു പൂജാരിക്കു പരുക്കേറ്റതെന്നു ജില്ലാ മജിസ്‌ട്രേറ്റ് നിതിൻ ബൻസാലും പൊലീസ് സൂപ്രണ്ട് ശൈലേഷ് കുമാർ പാണ്ഡെയും സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻ ഗ്രാമത്തലവൻ അമർ സിങ്ങിനും കൂട്ടാളികൾക്കുമെതിരെ ക്ഷേത്ര മഹന്ത് കൊലപാതക ശ്രമത്തിനു പരാതി നൽകി. കേസ് അന്വേഷിക്കാൻ അഞ്ചു സംഘങ്ങളെ നിയോഗിച്ചു. ഇലക്ട്രോണിക് തെളിവുകൾ, സാക്ഷികളുടെ മൊഴികൾ, മറ്റ് വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കി പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്ന് കൈത്തോക്കുകൾ, വെടിയുണ്ടകൾ, മൊബൈൽ ഫോൺ എന്നിവ കണ്ടെടുത്തു.

ക്ഷേത്ര ഭൂമിയെച്ചൊല്ലി മുൻ ഗ്രാമത്തലവൻ അമർ സിങ്ങും സീതാരാംദാസും തമ്മിൽ തർക്കമുണ്ട്. അമർ സിങ്ങും ഇപ്പോഴത്തെ ഗ്രാമപ്രധാൻ വിനയ് സിങ്ങും തമ്മിൽ രാഷ്ട്രീയ വൈരാഗ്യവുമുണ്ടായിരുന്നു. അമർ സിങ്ങിന്റെ രണ്ടു ശത്രുക്കളും ഒരുമിക്കുകയും ഗൗരവകരമായ കുറ്റത്തിന്റെ ഭാഗമാക്കാൻ പദ്ധതിയിടുകയും ചെയ്തു. അങ്ങനെയാണു പൂജാരിയെ വെടിവയ്ക്കാനും അത് അമർ സിങ്ങിന്റെ തലയിൽവച്ചു കെട്ടാനും തീരുമാനിച്ചത്. ആക്രമണദിവസം എല്ലാ പ്രതികളും ക്ഷേത്രത്തിൽ ഒത്തുകൂടി. പൂജാരിയുടെ സമ്മതത്തോടെ ഷൂട്ടർമാരിൽ ഒരാൾ അദ്ദേഹത്തിനു നേരെ വെടിയുതിർത്തു. ഈ സമയം  സീതാരാംദാസ് തന്റെ മുറിയിൽ ഉറങ്ങുകയാണെന്നു നടിച്ചതായും പൊലീസ് വിശദീകരിച്ചു.

English Summary: UP Priest Faked Attack On Himself With Hired Gunman To Frame Rival: Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com