ADVERTISEMENT

ന്യൂഡൽഹി ∙ ചൈനയുമായുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിൽ തയ്‌വാനുമായി വ്യാപാര ചർച്ചകൾ ഔദ്യോഗികമായി ആരംഭിക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നതായി റിപ്പോർട്ട്. വർഷങ്ങളായി സ്വതന്ത്ര വ്യാപാരത്തിനായി തയ്‌വാൻ ഇന്ത്യയുമായി ചർച്ചകൾക്കു താൽപര്യം കാണിച്ചിരുന്നു. എന്നാൽ ചൈനയെ ചൊടിപ്പിക്കാതിരിക്കാൻ കേന്ദ്രം മനഃപൂർവം കണ്ണടയ്ക്കുകയായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

തയ്‌വാനുമായി ചർച്ച ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാരിൽതന്നെ ആവശ്യം ഉയർന്നിരുന്നു. ടെക്നോളജി, ഇലക്ട്രോണിക്സ് മേഖലകളിൽ വലിയതോതിലുള്ള തയ്‌വാൻ നിക്ഷേപം കൊണ്ടുവരാൻ ഈ വ്യാപാര കരാറുകൾക്കു സാധിക്കും. എന്നാൽ ചർച്ചകൾ ആരംഭിക്കുന്നതിന് അന്തിമ തീരുമാനം സർക്കാർ എടുത്തിട്ടുണ്ടോയെന്നു വ്യക്തമല്ല.

തയ്‌വാന്റെ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ്, വിസ്ട്രോൺ കോർപ്പറേഷൻ, പെഗാട്രോൺ കോർപറേഷൻ തുടങ്ങിയവയുടെ നിക്ഷേപങ്ങൾക്ക് ഈ മാസം ആദ്യം കേന്ദ്രം അനുമതി നൽകി. അഞ്ച് വർഷം കൊണ്ട് സ്മാർട്ഫോൺ ഉൽപ്പാദനമേഖലയിൽ 10.5 ട്രില്യന്‍ യുഎസ് ഡോളർ നിക്ഷേപം കൊണ്ടുവരിക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തെ സാധൂകരിക്കുന്ന കരാറാണിത്.

തയ്‌വാൻ, ചൈന, ഇന്ത്യ രാജ്യങ്ങളുടെ പതാകകൾ. പ്രതീകാത്മക ചിത്രം (Image Credit - Shutterstock)
തയ്‌വാൻ, ചൈന, ഇന്ത്യ രാജ്യങ്ങളുടെ പതാകകൾ. പ്രതീകാത്മക ചിത്രം (Image Credit - Shutterstock)

ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ ഇരുരാജ്യങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും തയാറായിട്ടില്ല. വാണിജ്യ മന്ത്രാലയ വക്താവ് യോഗേഷ് ബജേവ, തയ‌്‌വാന്റെ മുതിർന്ന വ്യാപാര ഇടനിലക്കാരൻ ജോൺ ഡെങ് എന്നിവരോടുള്ള ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചിട്ടില്ലെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ചൈനയിൽനിന്നുള്ള സമ്മർദത്തിൽ വൻ സാമ്പത്തിക ശക്തികളുമായി വ്യാപാര ഇടപാടുകൾ ആരംഭിക്കാൻ പ്രയാസപ്പെടുന്ന തയ്‌വാൻ, ഇന്ത്യയുമായി ഔദ്യോഗിക തലത്തിൽ എന്തു ചർച്ച നടന്നാലും അതു വൻ വിജയമായാണു കണക്കാക്കുക. മറ്റു പല രാജ്യങ്ങളെയും പോലെ തയ്‌വാനെ ‘സ്വതന്ത്രരാജ്യമായി’ ഇന്ത്യയും അംഗീകരിച്ചിട്ടില്ല.

ഇരു രാജ്യങ്ങളും അനൗദ്യോഗിക നയതന്ത്ര ഓഫിസുകളെ ‘പ്രതിനിധി’ ഓഫിസ് എന്നാണ് വിശേഷിപ്പിക്കുന്നത്. 2018ൽ ഇന്ത്യയും തയ്‌വാനും ഉഭയകക്ഷി നിക്ഷേപ കരാർ ഒപ്പിട്ടിരുന്നു. 2019ൽ വ്യാപാരം 18 ശതമാനമായി വർധിച്ച് 7.2 ബില്യൻ യുഎസ് ഡോളർ ആയെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

English Summary: In Big Change, India Considers Trade Talks With Taiwan: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com