ADVERTISEMENT

കൊച്ചി∙ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ പിഴവുകൾ തുറന്നു പറയുന്നതിനു മുൻപ് ഡോക്ടർമാരുടെ ഗ്രൂപ്പിൽ ഇക്കാര്യം പങ്കുവച്ചിരുന്നതായി ഡോ. നജ്മ. പഠിപ്പിച്ച അധ്യാപകർ ഉൾപ്പടെയുള്ള ഗ്രൂപ്പാണ്. സഹിക്കാൻ പറ്റാത്തതുകൊണ്ടാണു സത്യം പറയുന്നത്, ആരോടും ബഹുമാനക്കുറവുകൊണ്ടല്ല എന്നും പറഞ്ഞിരുന്നു. ഇതിനോട് പൂർണ പിന്തുണയുണ്ടെന്ന് ഒരു ഡോക്ടർ മാത്രം പ്രതികരിച്ചു.

ആശുപത്രിയിലെ അനാസ്ഥയുടെ വിവരങ്ങൾ ശ്രദ്ധയിൽ പെട്ടത് നേരത്തേ ആർഎംഒ ഉൾപ്പടെയുള്ളവരെ വോയ്സ് നോട്ടിൽ അറിയിച്ചിരുന്നു. നഴ്സിങ് ഓഫിസറുടെ ഓഡിയോ പുറത്തു വന്നതോടെ സൂപ്രണ്ട് വിളിച്ചിരുന്നു. എവിടെയാണു പ്രശ്നം എന്ന് തിരക്കി. പരാതി പറഞ്ഞതിനു ശേഷം മാറ്റമുണ്ടെന്നു പറഞ്ഞു. ഇത്തരത്തിൽ വോയ്സ് നോട്ട് അയയ്ക്കരുത്, അച്ചടക്കത്തിന്റെ ഭാഗമല്ല, വോയ്സ് നോട്ട് ലീക്ക് ചെയ്തേക്കുമെന്നും പറഞ്ഞു. വോയ്സ്നോട്ട് ലീക്ക് ചെയ്യുന്നതുകൊണ്ട് തനിക്ക് പ്രശ്നമില്ലെന്നു മറുപടി നൽകിയതായും ഡോക്ടർ നജ്മ മനോരമ ഓൺലൈനോടു പറഞ്ഞു.

ഡോ. നജ്മയ്ക്കെതിരെ പൊലീസ് അന്വേഷണം

മെഡിക്കൽ കോളജ് വിഷയം മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു പറഞ്ഞതോടെ തനിക്കെതിരെ പൊലീസ് അന്വേഷണമുണ്ടായെന്ന് ഡോക്ടർ നജ്മ. തന്റെ രാഷ്ട്രീയ പശ്ചാത്തലം, കുടുംബാംഗങ്ങളിൽ ആരൊക്കെ സർക്കാർ സർവീസിലുണ്ട് തുടങ്ങിയവ ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു. ആരുടെ പരാതിയിലാണ് അന്വേഷണം എന്ന ചോദ്യത്തിനു മുകളിൽനിന്ന് വിളിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടതിന് അനുസരിച്ചാണെന്നായിരുന്നു മറുപടി.

ആക്രമണം ഭയപ്പെടുന്നു

മെഡിക്കൽ കോളജ് ആശുപത്രിയുടെ വീഴ്ചകൾ തുറന്നു പറഞ്ഞതോടെ സമൂഹമാധ്യമങ്ങളിലൂടെ താൻ ആക്രമണത്തിന് ഇരയാകുകയാണെന്നും ഒരു ആക്രമണം ഉണ്ടായേക്കുമോ എന്ന് ഭയപ്പെടുന്നതായും കാണിച്ച് ഡോക്ടർ പരാതി നൽകി. കളമശേരി പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പരാതി നൽകിയിരിക്കുന്നത്. താൻ കെഎസ്‍യു പ്രവർത്തകയായിരുന്നു എന്നും രാഷ്ട്രീയ താൽപര്യത്തിലാണ് ഈ പ്രതികരണമെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളിലും വ്യക്തികളുടെ പേജുകളിലുമുള്ള പ്രചാരണം. ഇത് വസ്തുതാ വിരുദ്ധമാണ്. ഇത്തരം വ്യാജ പ്രചരണങ്ങൾ തന്നെ മാനസികമായി തളർത്തുന്നുണ്ട്. നിയമത്തിൽ വിശ്വാസമുള്ളതിനാലാണ് ഈ പരാതി നൽകുന്നത്. ഇതിൽ അന്വേഷിച്ച് എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

നോഡൽ ഓഫിസർ പറഞ്ഞത് അസത്യം

താൻ മരിച്ച രോഗികളെ കണ്ടിട്ടില്ലെന്നും ഐസിയുവിൽ ജോലി ചെയ്തിട്ടില്ലെന്നും പറഞ്ഞത് വസ്തുതാ വിരുദ്ധമാണെന്ന് ഡോ. നജ്മ പ്രതികരിച്ചു. നോഡൽ ഓഫിസർ ഒപ്പിട്ട ഡ്യൂട്ടി ലിസ്റ്റിൽ തന്റെ പേരുണ്ട്. അറിവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു ഡോ. നജ്മ മാത്രമേ ഉള്ളൂ. തന്റെ ഒപ്പുള്ള രേഖകൾ അവിടെയുണ്ടാകും. മൂന്നു രോഗികളെയും കണ്ടിട്ടുള്ളതുമാണ്. രോഗികൾ ബുദ്ധിമുട്ടുന്നത് കൃത്യസമയത്ത് കണ്ടതുകൊണ്ടാണ് അവർക്ക് അന്ന് ഒന്നും സംഭവിക്കാതിരുന്നത്. അതേസമയം, ഈ രോഗികൾ മരിക്കുമ്പോൾ താൻ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. താൻ താൽക്കാലിക ഡോക്ടറാണെന്ന് പറയുമ്പോൾ കളമശേരി മെഡിക്കൽ കോളജിലെ ഭൂരിഭാഗം പേരും കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണെന്നും നജ്മ പ്രതികരിച്ചു.

ആരോഗ്യ സെക്രട്ടറി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കളമശ്ശേരി മെഡിക്കൽ കോളജിൽ കോവിഡ്  രോഗികൾ മതിയായ ചികിത്സയും പരിചരണവും ലഭിക്കാതെ മരിക്കുന്നതിനെക്കുറിച്ച് ഉയർന്ന ആരോപണങ്ങൾ സംമ്പന്ധിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യ വകുപ്പ് സെക്രട്ടറിയെ കൂടാതെ കളമശ്ശേരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ റിപ്പോർട്ടും മൂന്നാഴ്ചക്കുള്ളിൽ ലഭിക്കണം.

English Summary: COVID-19 patient dies due to lack of oxygen; Doctor Najma's response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com