ADVERTISEMENT

കൊച്ചി∙ കളമശേരി മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ കിടക്കുമ്പോൾ തനിക്ക് ഓക്സിജൻ കിട്ടുന്നില്ലെന്ന് ഉമ്മച്ചി വിളിച്ചു പറഞ്ഞിരുന്നതായി മരിച്ച ജമീലയുടെ മകൾ ഹയറുന്നീസ. കുറച്ച് ചൂടുവെള്ളം ഫ്ലാസ്കിൽ തരണം; ഇവിടെ ബുദ്ധിമുട്ടാണ്, ഒന്നും ലഭിക്കുന്നില്ലെന്നു പറഞ്ഞു. രോഗിക്കു തോന്നുന്ന സാധാരണ പ്രശ്നമായിരിക്കുമെന്നാണ് അന്നു കരുതിയത്. എന്നാൽ ഡോക്ടർ നജ്മയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആശുപത്രി അധികൃതർക്ക് എതിരെ പരാതി നൽകുമെന്നും ഹയറുന്നീസ മനോരമ ഓൺലൈനോടു പറഞ്ഞു.

ഡെങ്കിപ്പനിയെന്നു പറഞ്ഞാണ് ഉമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ കോവിഡ് ലക്ഷണങ്ങൾ സംശയിച്ച് ആശുപത്രി അധികൃതർ മെഡിക്കൽ കോളജ് ഉദ്യോഗസ്ഥരോട് സംസാരിച്ചാണ് അവിടേക്കു മാറ്റാൻ തീരുമാനിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ‍ പനിയുണ്ടായിരുന്നെങ്കിലും സംസാരിക്കുന്നതിനു കുഴപ്പമുണ്ടായിരുന്നില്ല. ഐസിയുവിലേക്കു പ്രവേശിപ്പിക്കുകയായിരുന്നു. മരിക്കുന്നതിനു മുമ്പ് പരിശോധിക്കുമ്പോൾ കോവിഡ് നെഗറ്റീവായിരുന്നു. അതുകൊണ്ടു തന്നെ അവിടെ വേണ്ട പരിചരണം ലഭിക്കുന്നില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ആശുപത്രി മാറ്റുന്നതിനെക്കുറിച്ച് മെഡിക്കൽ കോളജ് അധികൃതരോട് സംസാരിച്ചു.

ഇവിടെ മതിയായ ചികിത്സ ലഭിക്കുന്നതിനാൽ മറ്റെങ്ങും കൊണ്ടു പോകേണ്ടതില്ലെന്നായിരുന്നു അവരുടെ മറുപടി. 20 ലക്ഷത്തോളം രൂപ ഇവിടെ ചെലവായിട്ടുണ്ട്. ഇതുവരെയും സർക്കാർ വഹിച്ചു. ഇനി വേറെ ആശുപത്രിയിൽ കൊണ്ടുപോയാലും സാമ്പത്തികമായി നിങ്ങളെക്കൊണ്ട് സാധിക്കില്ലെന്നുമായിരുന്നു പറഞ്ഞത്. ഇടയ്ക്ക് ഉമ്മയെ വിഡിയോയിൽ വിളിച്ച് സംസാരിക്കുമായിരുന്നു. പലപ്പോഴും ആശുപത്രി അധികൃതർ ഇതിന് സമ്മതിച്ചിരുന്നില്ല. മക്കളല്ലേ, കാണണ്ടേ എന്ന് കരഞ്ഞ് ചോദിച്ചപ്പോഴാണ് സമ്മതിച്ചത്. സർക്കാർ അതിന് സമ്മതിക്കുന്നില്ലെന്നായിരുന്നു പറഞ്ഞത്.

ഉമ്മച്ചിക്ക് വേണ്ട ഭക്ഷണവും വെള്ളവുമൊന്നും ലഭിച്ചിരുന്നില്ലെന്നു ഡോക്ടർ നജ്മ പറയുമ്പോഴാണ് മനസിലാകുന്നത്. മരിച്ചയാളെ തിരിച്ചു കിട്ടില്ലെന്നറിയാം. എന്നാലും മറ്റൊരു രോഗിക്ക് ഇത് സംഭവിക്കരുത്, അതിനു വേണ്ടിയാണ് പരാതിയുമായി മുന്നോട്ടു പോകുന്നതെന്നും ഹയറുന്നീസ പറഞ്ഞു.  

English Summary: Deceased Jamila's daughter against Kalamassery Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com