ADVERTISEMENT

കൊച്ചി ∙ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ വെന്റിലേറ്റർ പ്രവർത്തിക്കാത്തതിനെത്തുടർന്നു ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നതു കണ്ടതായി ഡോ.നജ്മ സലിമിന്റെ വെളിപ്പെടുത്തലിൽ പരാമർശിച്ച പരേതരായ ജമീലയുടെയും ബൈഹക്കിയുടെയും ബന്ധുക്കൾ ഇന്നു കളമശേരി പൊലീസിൽ പരാതി നൽകും. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ കോവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞ സി.കെ. ഹാരിസിന്റെ മരണം വെന്റിലേറ്റർ ട്യൂബ് മാറിക്കിടന്നതിനാൽ ഓക്സിജൻ ലഭിക്കാതെയാണെന്നു നഴ്സിങ് ഓഫിസർ വെളിപ്പെടുത്തിയതു ശരിവച്ച് ഡോ. നജ്മ രംഗത്തെത്തിയതോടെയാണ് വിവാദം ചൂടു പിടിച്ചത്.

ഹാരിസിന്റെ മരണസമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെങ്കിലും മറ്റു 2 രോഗികൾ സമാന രീതിയിൽ ഓക്സിജൻ ലഭിക്കാതെ പ്രയാസപ്പെട്ടതിനു താൻ സാക്ഷിയാണെന്നു നജ്മ പറഞ്ഞിരുന്നു. പരേതരായ ജമീലയ്ക്കും ബൈഹക്കിയ്ക്കും വെന്‍റിലേറ്റര്‍ ശരിയായി ഘടിപ്പിച്ചിരുന്നില്ലെന്നും നജ്മ വെളിപ്പെടുത്തിയിരുന്നു.

ഐസിയുവിലെ പരിചരണത്തിൽ പിഴവുകളുള്ളതായി ജമീല പറഞ്ഞിരുന്നുവെന്നു മകൾ ഹയറുന്നീസ ഷമീർ ‘മനോരമ’യോടു പറഞ്ഞു. കുടിക്കാൻ ചൂടുവെള്ളം പോലും നൽകുന്നില്ലെന്നായിരുന്നു പരാതി. ഇടയ്ക്ക് ഫോൺ ചെയ്തപ്പോൾ വലിയ ശബ്ദത്തിൽ പ്രയാസപ്പെട്ടു ശ്വാസമെടുക്കുന്നതു കേട്ടു. ഇതോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാൻ അധികൃതരോട് അനുവാദം ചോദിക്കുകയും ചെയ്തു. എവിടെയാണെങ്കിലും ഈ ചികിത്സയേ ഉള്ളൂ എന്നും സാമ്പത്തികമായി തകർന്നു പോകുമെന്നും പറഞ്ഞ് അധിക‍ൃതർ പിന്തിരിപ്പിച്ചുവെന്ന് ഹയറുന്നീസ പറഞ്ഞു.

ആലുവയിലെ ജ്വല്ലറി ഉടമ ബൈഹക്കിയുടെ ബന്ധുക്കളും പരിചരണത്തിൽ വീഴ്ചയുണ്ടായതായി ആരോപിച്ചു. ഐസിയുവിൽ വേണ്ട ശ്രദ്ധയോ പരിഗണനയോ കിട്ടുന്നില്ലെന്ന വാട്സാപ് സന്ദേശം ബൈഹക്കി പല തവണ അയച്ചിരുന്നതായും വീട്ടുകാർ വെളിപ്പെടുത്തി. മറ്റെവിടേക്കെങ്കിലും മാറ്റാൻ ആലോചിച്ചെങ്കിലും അതിനു കഴിയുന്ന സ്ഥിതിയായിരുന്നില്ല.

മതിയായ ചികിത്സ ലഭിക്കണമെങ്കിൽ 40000 രൂപ നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ ബന്ധുക്കൾ ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ ഇപ്രകാരം പണം നൽകേണ്ടതില്ലെന്നായിരുന്നു വിശദീകരണം. ബൈഹക്കിയെ വെന്റിലേറ്ററിലേക്കു മാറ്റാൻ വൈകിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

English Summary: Relatives allege medical negligence in ernakulam medical college

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com