സേനയ്ക്ക് ഒറ്റ ലക്ഷ്യം, കൊല്ലുക; ദേശീയഗാനം പാടിയവർക്കും വെടിയേറ്റു, ‘ക്രൂര സുഹൃത്ത്’

Nigeria-Protest
നൈജീരിയയിലെ അബുജയിൽ സാർസിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കൾ. ചിത്രം: Kola Sulaimon / AFP
SHARE

‘എന്റെ ബിരുദദാനച്ചടങ്ങിനുശേഷം കുടുംബത്തോടൊപ്പം കാറിൽ പോവുകയായിരുന്നു. പെട്ടെന്ന് സാർസ് ഉദ്യോഗസ്ഥരുടെ വാഹനം വഴി തടഞ്ഞു. ബന്ധുവായ നാലുവയസ്സുകാരി അകത്തുണ്ടായിട്ടും അവർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. എന്റെ സഹോദരന്മാരെ തൊട്ടടുത്ത കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. സൈബർ കുറ്റവാളികൾ ആണെന്നാരോപിച്ച് അരമണിക്കൂറിലേറെ ഉപദ്രവിച്ചു. സഹോദരിയുടെ ബിരുദദാനം കഴിഞ്ഞു വരികയാണെന്ന് എന്റെ ഗൗൺ കാണിച്ച് അവർ കെഞ്ചിപ്പറഞ്ഞെങ്കിലും കേട്ടതേയില്ല. ഇതെല്ലാം കണ്ട് എന്റെ സഹോദരി ഭയന്നു വിറച്ചു, പൊട്ടിക്കരഞ്ഞു’– 2018ൽ പൊലീസിൽനിന്നു തനിക്കുണ്ടായ ഭീകരാനുഭവം 25 കാരിയായ ഫിലോമിന സെലസ്റ്റൈൻ ഓർത്തെടുത്തത് ഇങ്ങനെ.

നൈജീരിയയിൽ സാർസ് (സ്പെഷൽ ആന്റി റോബറി സ്ക്വാഡ്– SARS) എന്ന പേരിലുള്ള പൊലീസ് വിഭാഗത്തിന്റെ ആയിരക്കണക്കിനു ക്രൂരതകളിലെ ഒരു ഇര മാത്രമാണു ഫിലോമിന സെലസ്റ്റൈൻ. 1992 ൽ രൂപീകരിക്കപ്പെട്ടതു മുതൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയെന്നതു മുഖമുദ്രയാക്കിയ സേനയാണു സാർസ്. നൈജീരിയയിലെങ്ങും സാർസിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. #EndSARS എന്ന പേരിലുള്ള പ്രതിഷേധത്തിന്റെ ഫലമായി ഈ യൂണിറ്റ് പിരിച്ചുവിടുമെന്നു നൈജീരിയൻ സർക്കാരിനു പ്രഖ്യാപിക്കേണ്ടി വന്നു. പക്ഷേ, അടിച്ചമർത്താൻ തുടങ്ങിയതോടെ പ്രക്ഷോഭകരുടെ വീര്യം വർധിച്ചു. രാജ്യത്തു സദ്ഭരണം വേണമെന്ന വിശാല ലക്ഷ്യത്തിനായി അവർ സമരം തുടരുകയാണ്.

∙ പൊലീസ് ക്രൂരതയുടെ ഭീകരമുഖം

സാർസിനെതിരെ വർഷങ്ങളായി സമരപാതയിലാണു നൈജീരിയക്കാർ. ഇടയ്ക്കിടെ പ്രതിഷേധം കനക്കും, ഭരണകൂടം അതിശക്തമായി അടിച്ചമർത്തും. സാർസ് യൂണിറ്റ് പിരിച്ചുവിടുകയോ പരിഷ്കരിക്കുകയോ ചെയ്യുമെന്ന് സർക്കാർ വാഗ്ദാനം ചെയ്യുമ്പോൾ സമരങ്ങൾ അടങ്ങും. വാഗ്ദാനം പാലിക്കാൻ ഭരണകൂടം താൽപര്യം എടുക്കാറില്ല. അതാണ് ഇപ്പോഴത്തെ അതിശക്തമായ പ്രക്ഷോഭത്തിനു കാരണം. ഓരോ വർഷവും നൂറുകണക്കിനു നിയമവിരുദ്ധ വധശിക്ഷകൾ, കൊലപാതകങ്ങൾ, നിർബന്ധിത തിരോധാനങ്ങൾ എന്നിവയ്ക്കു നൈജീരിയ പൊലീസ് സേന (എൻ‌പി‌എഫ്) ഉത്തരവാദിയാണെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ ചൂണ്ടിക്കാട്ടുന്നു.

SAFRICA-NIGERIA-DEMO-CRIME-POLICE
Photo by Phill Magakoe / AFP

കഴിഞ്ഞദിവസം ആംനെസ്റ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ചൊവ്വാഴ്ച രാത്രി സമാധാനപരമായി പ്രതിഷേധിച്ച രണ്ടു വലിയ ആൾക്കൂട്ടങ്ങൾക്കു നേരേ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ 12 പേരാണു കൊല്ലപ്പെട്ടത്. പൊലീസ് അതിക്രമത്തിനെതിരെ രണ്ടാഴ്ചയിലേറെയായി നടക്കുന്ന പ്രകടനങ്ങളിൽ ചുരുങ്ങിയത് 56 പേരെങ്കിലും മരിച്ചു. ആംനെസ്റ്റി റിപ്പോർട്ടിനോടു പ്രതികരിക്കാൻ നൈജീരിയൻ സർക്കാർ തയാറായില്ല. പ്രതിഷേധം കനത്തതോടെ രാജ്യത്തു കർഫ്യു പ്രഖ്യാപിച്ചു. പ്രക്ഷോഭകർ കർഫ്യൂ ലംഘിച്ചും സമരത്തിനിറങ്ങി. തുടർന്നാണു വെടിവയ്പും തീവയ്പും ഉണ്ടായതെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദേശീയഗാനം ആലപിച്ചിരുന്ന പ്രകടനക്കാർക്കു നേരേയാണു പൊലീസ് വെടിവച്ചത്.

ചൊവ്വാഴ്ച രാത്രി ലെക്കി ടോൾ പ്ലാസയിൽ തടിച്ചുകൂടിയ ജനങ്ങൾക്കു മുന്നറിയിപ്പ് നൽകാതെ സേന വെടിയുതിർക്കുകയായിരുന്നു എന്നാണു ദൃക്‌സാക്ഷികൾ, വിഡിയോ ദൃശ്യങ്ങൾ, ആശുപത്രി റിപ്പോർട്ടുകൾ എന്നിവ ഉദ്ധരിച്ച് ആംനെസ്റ്റി റിപ്പോർട്ട് വ്യക്തമാക്കുന്നത്. ‘സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കുനേരേ തോക്കുപയോഗിക്കുന്നത് ആളുകളുടെ ജീവിക്കാനും അന്തസ്സിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായ കൂട്ടായ്മയ്ക്കുമുള്ള അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. സൈനികർക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, പ്രത്യാഘാതങ്ങളില്ലാതെ കൊല്ലുക എന്നതാണത്’– ആംനെസ്റ്റി ഇന്റർനാഷനൽ നൈജീരിയയുടെ കൺട്രി ഡയറക്ടർ ഒസായ് ഒജിഗോ പറഞ്ഞു.

∙ എല്ലാം ശരിയാക്കാം, ശാന്തരാകണം

വെടിവയ്പിനു തൊട്ടുമുമ്പ്, രണ്ടാഴ്ചയായി പ്രതിഷേധക്കാർ തമ്പടിച്ചിരുന്ന ലെക്കി ടോൾ ഗേറ്റുകളിലെ സിസിടിവി ക്യാമറകൾ സർക്കാർ ഉദ്യോഗസ്ഥർ നീക്കം ചെയ്തിരുന്നു. വൈദ്യുതിബന്ധവും വിച്ഛേദിച്ചു. നൈജീരിയയിലെ വലിയ നഗരമായ ലാഗോസിലെ ടോൾ പ്ലാസയിലും സമീപത്തെ അലൗസയിലുമാണു കൂടുതലാളുകൾ കൊല്ലപ്പെട്ടത്. പരുക്കേറ്റവരിൽ ചിലരെ സൈന്യം പിടികൂടി. ഈ വെടിവയ്പ്പുകൾ നിയമവിരുദ്ധമായ വധശിക്ഷകൾക്കു തുല്യമാണ്. അടിയന്തര അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും ഒജിഗോ അഭിപ്രായപ്പെട്ടു. എന്നാൽ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം സൈന്യം നിഷേധിച്ചു. പുറത്തുവരുന്ന റിപ്പോർട്ടുകളെല്ലാം വ്യാജ വാർത്തകളാണെന്നു ട്വിറ്ററിൽ കുറിപ്പിട്ടു സൈന്യം കൈകഴുകി.

NIGERIA-CRIME-POLICE-DEMO
Photo by Benson Ibeabuchi / AFP

വൻതോതിൽ എണ്ണ സമ്പത്തുള്ള രാജ്യമാണു നൈജീരിയ. ആഫ്രിക്കയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്ന്. എന്നാൽ 200 ദശലക്ഷത്തിലധികം ജനങ്ങൾ ദാരിദ്ര്യത്തിലാണു കഴിയുന്നത്. ഇവർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. അഴിമതിയുടെ കൂടാരമായി ഭരണകൂടം മാറിയതാണ് ഈയവസ്ഥയ്ക്കു കാരണമെന്നു പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. ‘വെടിവയ്പ് നിയമവിരുദ്ധമാണ്. ഇത്രയധികം സേനയെ നിയോഗിച്ചതാണ് ആയുധ പ്രയോഗത്തിനും കൊലപാതകങ്ങൾക്കും കാരണമാകുന്നത്’– ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ മിഷേൽ ബാച്ച്‍ലെറ്റ് പറഞ്ഞു. ലക്കി പ്ലാസയിലെ സൈന്യത്തിന്റെ നടപടികളെക്കുറിച്ച് അന്വേഷിക്കാൻ ലാഗോസ് ഗവർണർ ഒബാജിഡെ സാൻ‌വോ-ഒലു ഉത്തരവിട്ടു.

പ്രതിഷേധങ്ങളെക്കുറിച്ചു കാര്യമായി പ്രതികരിക്കാൻ പ്രസിഡന്റ് മുഹമ്മദു ബുഹാരി തയാറായില്ല. ലെക്കി വെടിവയ്പിനെക്കുറിച്ചു പരാമർശിക്കാതെ, ജനം ശാന്തരായിരിക്കണമെന്നും പൊലീസ് സേനയെ പരിഷ്കരിക്കുമെന്നും പ്രസിഡന്റ് ആഹ്വാനം ചെയ്തു. സാർസ് യൂണിറ്റ് പിരിച്ചുവിടുമെന്നും നൈജീരിയൻ ജനതയോടു കൂടുതൽ ഉത്തരവാദിത്തമുള്ള പൊലീസ് സംവിധാനത്തിനുള്ള പരിഷ്കരണത്തിന്റെ ആദ്യപടിയാണ് ഇതെന്നും ബുഹാരി അവകാശപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള നൈജീരിയക്കാരുടെ അവകാശം ഉറപ്പാക്കേണ്ടതുണ്ടെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ‘പൊലീസിന്റെ ക്രൂരത അവസാനിപ്പിക്കണം. ഇത്തരം അക്രമങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കണം. സമാധാനപരമായി ഒത്തുകൂടാനുള്ള ജനങ്ങളുടെ അവകാശത്തെ മാനിക്കണം. കാര്യങ്ങൾ സാധാരണ രീതിയിൽ കൊണ്ടുവരാൻ ബുഹാരിക്കു കഴിയുമെന്നു വിശ്വസിക്കുന്നു’– ഗുട്ടെറസ് പറഞ്ഞു.

∙ മിഡെൻഡ തുടങ്ങി, രാജ്യമാകെ വ്യാപിച്ചു

1820 ലാണ് നൈജീരിയ പൊലീസ് സ്ഥാപിതമായത്. 1930 ൽ വടക്കൻ, തെക്കൻ പൊലീസ് സേനകൾ ദേശീയ പൊലീസ് സേനയിൽ ലയിച്ചു. അതാണ് ഇന്നത്തെ നൈജീരിയ പൊലീസ് സേന. സായുധരായെത്തി കവർച്ച നടത്തുന്നതും മറ്റു ഗുരുതരമായ കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനായി 1992 ൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു– സാർസ്. അതിനുമുൻപ് ഇത്തരം കേസുകൾ നൈജീരിയൻ പൊലീസിന്റെ പൊതു ഉത്തരവാദിത്തമായിരുന്നു. എന്നാൽ 1984 മുതൽ വിവിധ സംസ്ഥാനങ്ങളിൽ മോഷണവിരുദ്ധ യൂണിറ്റുകൾ പ്രത്യേകം നിലവിൽ വന്നു. 1970 ൽ നൈജീരിയൻ ആഭ്യന്തരയുദ്ധം അവസാനിച്ചതോടെ അക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനു വിവിധ പേരുകളിൽ പ്രത്യേക യൂണിറ്റുകൾ രൂപപ്പെട്ടു.

NIGERIA-CRIME-POLICE-DEMO
Photo by Kola Sulaimon / AFP

തൊണ്ണൂറുകളുടെ തുടക്കത്തിൽ സായുധ കൊള്ളക്കാരും ക്രിമിനലുകളും ലാഗോസിനെയും തെക്കൻ നൈജീരിയയെയും അവരുടെ സാമ്രാജ്യമാക്കി. ഈ സമയത്തു തെക്കൻ നൈജീരിയയിലെ ബെനിനിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ കവർച്ചാവിരുദ്ധ യൂണിറ്റിന്റെ ചുമതല സിമിയോൺ ഡാൻലാഡി മിഡെൻഡ എന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. കൊള്ളക്കാരെ ചെറുക്കുന്നതിൽ അദ്ദേഹം വിജയിച്ചതു പൊലീസ് സേനയിൽ ചർച്ചയായി. ലാഗോസിലെ കുറ്റകൃത്യങ്ങൾ വർധിച്ചതോടെ മിഡെൻഡയെ അവിടേക്കു സ്ഥലംമാറ്റി. നിലവിലുള്ള മൂന്നു കവർച്ചാവിരുദ്ധ സ്ക്വാഡുകളെ ഒന്നിപ്പിക്കാനും സായുധ സംഘങ്ങളുടെ ശക്തികേന്ദ്രം തകർക്കാനുമുള്ള ദൗത്യവും ഏൽപ്പിച്ചു. പുതിയ ഷെരീഫ് എന്ന നിലയിൽ മിഡെൻഡ സംയോജിത യൂണിറ്റ് രൂപീകരിച്ചു, 1992 ൽ സ്പെഷൽ ആന്റി റോബറി ആന്റി സ്ക്വാഡ് (SARS) എന്നു പേരുമിട്ടു.

ആദ്യ നാളുകളിൽ യാതൊരു സുരക്ഷയും സർക്കാർ ചിഹ്നങ്ങളും ഇല്ലാതെ സിവിലിയൻ വേഷത്തിലും വാഹനങ്ങളിലുമാണു സാർസ് ഉദ്യോഗസ്ഥർ രഹസ്യ ഓപ്പറേഷനുകൾക്ക് ഇറങ്ങിത്തിരിച്ചത്. പരസ്യമായി ആയുധങ്ങൾ എടുത്തിരുന്നില്ല. റേഡിയോ ആശയവിനിമയം നിരീക്ഷിക്കുകയും കുറ്റവാളികളെയും സായുധ കൊള്ളക്കാരെയും അറസ്റ്റ് ചെയ്യാൻ സഹായിക്കുകയുമായിരുന്നു മുഖ്യജോലി. 10 വർഷം സാർസ് ലാഗോസിൽ മാത്രമേ പ്രവർത്തിച്ചുള്ളൂ. എന്നാൽ 2002 ആയപ്പോഴേക്കും 36 സംസ്ഥാനങ്ങളിലേക്കും തലസ്ഥാനമായ അബുജയിലേക്കും വ്യാപിച്ചു. നൈജീരിയൻ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇന്റലിജൻസ് വകുപ്പിനു കീഴിലുള്ള 14 യൂണിറ്റുകളിൽ ഒന്നുമായി.

∙ കുറ്റവാളികളെ പിടിക്കേണ്ടവർ കുറ്റക്കാരായി

കൂടുതൽ അധികാരങ്ങളും അംഗീകാരങ്ങളും കിട്ടിയതോടെ സാർസ് അതിന്റെ തനിരൂപം പുറത്തെടുത്തു. സായുധ കൊള്ളക്കാർ, കൊലപാതകികൾ, തട്ടിക്കൊണ്ടുപോകലുകാർ, വാടകക്കൊലയാളികൾ, മറ്റ് അക്രമാസക്ത കുറ്റവാളികൾ എന്നിവരെ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിലെത്തിക്കുക എന്നതായിരുന്നു ഇവരുടെ ജോലി. യൂണിഫോമിലല്ലാതെ തുടർന്നും പുറത്തിറങ്ങിയെങ്കിലും ആയുധം പരസ്യമായി കൈവശം വയ്ക്കാൻ ആരംഭിച്ചു. രഹസ്യ പ്രവർത്തനം നടത്തി കുറ്റവാളികളെ അകത്താക്കുകയെന്ന പ്രധാന പ്രവർത്തനം മാറ്റിവച്ച്, പൗരന്മാരിൽനിന്നു പരസ്യമായി പണം കൈക്കലാക്കൽ ശീലമാക്കി.

SAFRICA-NIGERIA-DEMO-CRIME-POLICE
Photo by Phill Magakoe / AFP

വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ, നിയമവിരുദ്ധ കൊലപാതകങ്ങൾ, അനിയന്ത്രിതമായ അറസ്റ്റുകൾ, നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കൽ, കൊള്ളയടിക്കൽ തുടങ്ങിയ ക്രൂരതകളിലേക്ക് സാർസ് വഴിമാറി നടന്നു. ലാപ്ടോപ്പോ സ്മാർട്ട്ഫോണോ സ്വന്തമായി ഉള്ള യുവാക്കളെ സൈബർ കുറ്റവാളികളെന്നോ ഓൺലൈൻ തട്ടിപ്പുകാരെന്നോ മുദ്ര കുത്താനും അന്യായമായി അറസ്റ്റ് ചെയ്യാനും തുടങ്ങി. ഇവരെ വിട്ടയക്കാൻ അമിതമായ ജാമ്യഫീസ് ആവശ്യപ്പെട്ടു. 2016ൽ ആംനെസ്റ്റി ഇന്റർനാഷനൽ അബുജയിലെ ഒരു സാർസ് തടങ്കൽ കേന്ദ്രം സന്ദർശിച്ചു. ഞെട്ടിക്കുന്ന കാര്യങ്ങളാണു വെളിപ്പെട്ടത്. ആൾത്തിരക്കേറിയ സെല്ലുകളിൽ താമസിക്കുന്ന 130 തടവുകാരെ തൂക്കിയിടൽ, പട്ടിണി, വെടിവയ്പ്, വധശിക്ഷ അഭിനയിക്കൽ ഉൾപ്പെടെയുള്ള പീഡനങ്ങൾക്കു വിധേയരാക്കുന്നതായി കണ്ടെത്തി.

സാർസിന്റെ മുഖംമൂടി കീറപ്പെട്ടതോടെ നൈജീരിയയിൽ രോഷം പുകഞ്ഞു. 2017 മുതൽ രാജ്യത്തു പ്രതിഷേധം ശക്തിപ്പെട്ടു. ഓൺലൈൻ പ്രചാരണങ്ങളിൽ തൊട്ടു തെരുവിലെ പ്രകടനങ്ങളിൽ വരെ സാർസിനെതിരായ മുദ്രാവാക്യങ്ങൾ മുഴങ്ങി. ഡെൽറ്റ സ്റ്റേറ്റിൽ ഒരു യുവാവിനെ സാർസ് ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നെന്ന് ആരോപിച്ച് ഈ മാസം 21 സംസ്ഥാനങ്ങളിലെ തെരുവുകളിൽ പ്രതിഷേധക്കാർ അണിനിരന്നതോടെ സമരം തീവ്രമായി. സാർസ് പിരിച്ചുവിടുമെന്നു പ്രസിഡന്റ് ബുഹാരി പ്രഖ്യാപിച്ചതു സമരക്കാർ ചെവിക്കൊണ്ടില്ല. അറസ്റ്റിലായ പ്രതിഷേധക്കാരെ മോചിപ്പിക്കുക, പൊലീസ് ക്രൂരതയ്ക്ക് ഇരയായവർക്കു നീതി നൽകുക, കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുക, അഴിമതി തടയാൻ പൊലീസിനു മെച്ചപ്പെട്ട ശമ്പളം നൽകുക എന്നീ ആവശ്യങ്ങളുമായി യുവത തെരുവുകളിൽ തുടരുകയാണ്.

∙ പറഞ്ഞാൽ പോരാ, ചെയ്തു കാണിക്കണം

ഭരണകൂടത്തിന്റെ ഇത്തരം പ്രഖ്യാപനങ്ങൾ നേരത്തെയും കേട്ടിട്ടുണ്ടെന്നു യുവാക്കൾ പറയുന്നു. 2006ലും 2008ലും നൈജീരിയ പൊലീസിനെ പരിഷ്കരിക്കുന്നതിനുള്ള ശുപാർശകൾ നൽകാൻ പ്രസിഡൻഷ്യൽ കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. പീഡനവും നിയമവിരുദ്ധ കൊലപാതകങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 2009ൽ ദേശീയ സമിതി വിളിച്ചുചേർത്തു. പക്ഷേ വലിയ മാറ്റമൊന്നും ഉണ്ടായില്ല. 2010 ഒക്ടോബറിൽ അന്നത്തെ നൈജീരിയൻ പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥൻ പൊലീസ് പരിഷ്കാരങ്ങൾക്കായി 196 മില്യൻ ഡോളർ അനുവദിച്ചു. സാർസിന്റെ അമിത ബലപ്രയോഗം തടയുന്നതിനും മറ്റുമായി 2016ൽ നൈജീരിയ പൊലീസിന്റെ ഇൻസ്പെക്ടർ ജനറൽ വിശാലമായ പരിഷ്കാരങ്ങളും പ്രഖ്യാപിച്ചു. എന്നിട്ടും കാതലായ മാറ്റങ്ങളുണ്ടായില്ലെന്നു പ്രക്ഷോഭകർ ചൂണ്ടിക്കാട്ടുന്നു.

SAFRICA-NIGERIA-DEMO-CRIME-POLICE
Photo by Phill Magakoe / AFP

പൊതുജനങ്ങളുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി 2015 നവംബറിൽ പൊലീസിൽ പരാതി പ്രതികരണ യൂണിറ്റ് (സിആർയു) രൂപീകരിച്ചു. പരാതികൾ പരിശോധിച്ചു തിരുത്തലുകൾ വരുത്തും എന്നതാണു സിആർയുവിന്റെ സ്ഥാപിത ലക്ഷ്യം. പക്ഷേ ഇന്നുവരെ, പീഡിപ്പിക്കുന്നതിനോ തടവുകാരോടു മോശമായി പെരുമാറുന്നതിനോ നിയമവിരുദ്ധമായി കൊലപ്പെടുത്തിയതിനോ ഒരു സാർസ് ഉദ്യോഗസ്ഥനെയും ഉത്തരവാദികളായി കണ്ടെത്തിയിട്ടില്ല. രാജ്യത്തുടനീളം സമാധാനപരമായ പ്രകടനങ്ങൾ തുടരുമ്പോൾ സുരക്ഷാസേന കൂടുതൽ രൂക്ഷമായാണു പ്രതികരിക്കുന്നത്. കണ്ണീർവാതകവും ജലപീരങ്കിയും വെടിവയ്പുമെല്ലാം നേരിട്ടാണു സമരക്കാർ പിന്തിരിയാതെ നിൽക്കുന്നത്. 2012ലെ ഒക്യുപൈ നൈജീരിയ സംഭവത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ മുന്നേറ്റമായിരിക്കുകയാണ് #EndSARS.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കളും സെലിബ്രിറ്റികളും മറ്റും സമരത്തിനു പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. ഇരുപതുകളുടെ തീക്ഷ്ണ യൗവ്വനങ്ങൾ വീടുകളിൽനിന്നിറങ്ങി തെരുവിൽ നിലയുറപ്പിക്കുമ്പോൾ, ചെപ്പടിവിദ്യകളൊന്നും ഫലിക്കുന്നില്ലെന്ന നിരാശയിലാണു നൈജീരിയൻ ഭരണകൂടം. നീതി ലഭിക്കുംവരെ ഈ പ്രതിഷേധം തുടരാനാണു നിശ്ചയിച്ചിരിക്കുന്നതെന്നു പ്രക്ഷോഭകരിലൊരാളായ ജുഡിത്ത് കാലെബ് പറയുന്നു. അടുത്ത ദിവസത്തെ സമരത്തിനുള്ള പ്ലക്കാർഡുകൾ തയാറാക്കുന്ന തിരക്കിലാണ് ഈ മിടുക്കി. മറ്റൊരു പ്രക്ഷോഭകാരി ക്രൂരമായൊരു തമാശ പൊട്ടിച്ചു; നിങ്ങൾക്കു നൈജീരിയൻ പൊലീസിന്റെ ആപ്തവാക്യം എന്താണെന്നറിയാമോ? ‘പൊലീസ് നിങ്ങളുടെ സുഹൃത്താണ്’! കണ്ണിൽച്ചോരയില്ലാത്ത ഈ സുഹൃത്തിനെ ആർക്കാണു വേണ്ടത്? തെരുവിലുയരുന്ന ഈ ചോദ്യത്തിന്റെ മുഴക്കം നൈജീരിയയെ പിടിച്ചുകുലുക്കുകയാണ്.

NIGERIA-CRIME-POLICE-DEMO
Photo by PIUS UTOMI EKPEI / AFP

English Summary: Nigeria SARS Protest: A brief history of the Special Anti-Robbery Squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA