ADVERTISEMENT

കൊച്ചി∙ ഹേബിയസ് കോര്‍പസ് കേസില്‍ ചൊവ്വാഴ്ച അപൂര്‍വ സന്ദർഭത്തിനു സാക്ഷ്യം വഹിച്ച് കേരള ഹൈക്കോടതി. ഹേബിയസ് കോർപസ് ഹർജിയെ തുടർന്ന് യുവതിയെ ആംബുലൻസിൽ ഹാജരാക്കിയ അപൂർവതയ്ക്കാണ് ഹൈക്കോടതി പരിസരം സാക്ഷ്യം വഹിച്ചത്.

പലതവണ ആവശ്യപ്പെട്ടിട്ടും മാതാപിതാക്കള്‍ കോടതിയില്‍ ഹാജരാക്കാതിരുന്ന കോലഞ്ചേരി സ്വദേശിനിയായ യുവതിയെ ജീവനോടെയുണ്ടെങ്കില്‍ ആംബുലന്‍സിലായാലും ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. ഇതോടെ ആംബുലന്‍സില്‍ യുവതിയെ ഹാജരാക്കിയെങ്കിലും  അബോധാവസ്ഥയിലായിരുന്നതിനാല്‍ കോടതിക്ക് മൊഴി രേഖപ്പെടുത്താനായില്ല. 

ജഡ്ജിമാരായ കെ. വിനോദ് ചന്ദ്രന്‍, ടി.ആര്‍. രവി എന്നിവര്‍ ചേംബര്‍ വിട്ട് നേരിട്ടെത്തിയാണ് ആംബുലന്‍സിൽ യുവതിയെ കണ്ടത്. യുവതി മയക്കത്തില്‍ ആയിരുന്നതിനാല്‍ മൊഴിയെടുക്കാനായില്ല. ഹൈക്കോടതിയ ഡോക്ടർ യുവതിയെ പരിശോധിച്ച ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കടവന്ത്രയില്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. പൊലീസ് സംരക്ഷണത്തിലുള്ള യുവതിയെ കോടതി ഉത്തരവില്ലാതെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നും നിര്‍ദേശിച്ചു. ഹർജി 30 നു വീണ്ടും പരിഗണിക്കും.

ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ശ്രീശാന്ത്(24), കോലഞ്ചേരി സ്വദേശിനിയായ ബിഎഎംഎസ് വിദ്യാര്‍ഥിനിയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ജൂലൈ ഏഴിന് വീടുവിട്ടിറങ്ങിയ യുവതിയും ശ്രീശാന്തും തമ്മിലുള്ള വിവാഹം അന്നു തന്നെ ക്ഷേത്രത്തില്‍ നടന്നു. രണ്ടു ദിവസം യുവാവിനൊപ്പം താമസിച്ചെങ്കിലും അടുത്ത ദിവസം യുവതിയുടെ പിതാവെത്തി ഔദ്യോഗികമായി വിവാഹം നടത്താമെന്ന് വാഗ്ദാനം നല്‍കി വീട്ടില്‍ കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും യുവതി സമ്മതിച്ചില്ല. നാട്ടുകാര്‍ കൂടി ഇടപെട്ടതോടെ ഇവര്‍ക്ക് മടങ്ങേണ്ടി വന്നു

മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കോലഞ്ചേരി സ്റ്റേഷനിലെത്തിച്ച യുവതിയെ ജൂലൈ 10 നു കോലഞ്ചേരി മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ഈ സമയം യുവാവിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് യുവതി അറിയിച്ചതോടെ കോടതി അതിന് അനുവദിച്ചു. എന്നാൽ യുവാവിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് പിതാവും സംഘവും യുവതിയെ ബലമായി കടത്തിക്കൊണ്ടു പോയെന്നാണ് യുവാവിന്റെ പരാതി.

ഈ സമയം യുവതിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് ഫയല്‍ ചെയ്തിരുന്നതിനാല്‍ പിതാവ് തന്നെ അവരെ കോടതിയില്‍ ഹാജരാക്കി വീട്ടില്‍ കൊണ്ടു പോയി. നിയമപരമായി പൊലീസ് ഹാജരാക്കണമെന്നിരിക്കെ പിതാവ് തന്നെ യുവതിയെ ഹാജരാക്കിയത് നിയമവിരുദ്ധമാണെന്നാണ് ശ്രീശാന്തിന്റെ വാദം. തന്റെ ഭാര്യയെ ഭാര്യാപിതാവ് തട്ടിക്കൊണ്ടു പോയി എന്നും അതിനു ശേഷം നിയമവിരുദ്ധമായി തന്നെ അറിയിക്കാതെ പിതാവു തന്നെ ഹൈക്കോടതി ഹാജരാക്കിയെന്നും ആരോപിച്ച് ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നൽകുകയായിരുന്നു.

ഇതോടെ യുവതിയെ വീണ്ടും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും പല കാരണങ്ങള്‍ പറഞ്ഞ് യുവതിയെ ഹാജരാക്കാന്‍ ബന്ധുക്കള്‍ തയാറായില്ല. ഒരു തവണ ഓണ്‍ലൈനില്‍ ഹാജരാക്കിയപ്പോഴും ആള്‍മാറാട്ടം സംശയിച്ച കോടതി യുവതിയെ മാത്രം റൂമില്‍ നിര്‍ത്തി ബാക്കിയുള്ളവര്‍ പുറത്തു പോകാന്‍ നിര്‍ദേശിച്ചു. ഈ സമയം ഇന്റര്‍നെറ്റ് കട്ടായെന്നു പറഞ്ഞ് ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ നിന്നും ഒഴിഞ്ഞു മാറി. ഇതോടെയാണ് കഴിഞ്ഞ 21ന് യുവതിയെ നിര്‍ബന്ധമായും നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.

തുടര്‍ന്ന് 21ന് രാവിലെ യുവതിയുമായി കോടതിയിലേക്ക് വരും വഴി യുവതിക്കു വയറുവേദനയും ഛര്‍ദിയും കലശലായി കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു. ഇതോടെ കോടതി കേസ് മാറ്റി വച്ച് ആശുപത്രി സൂപ്രണ്ടിനോട് യുവതിയുടെ ചികിത്സാ വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കി. യുവതിയെ അഡ്മിറ്റ് ചെയ്തിട്ടില്ല, ഒപിയിലാണെന്ന വിവരമാണു ലഭിച്ചത്. അങ്ങനെയെങ്കില്‍ ഒന്നരയ്ക്ക് കോടതി ചേരുമ്പോള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു.

ഇതിനിടെ യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. തുടര്‍ന്ന് 23ന് യുവതിയുടെ ചികിത്സാ വിവരങ്ങള്‍ ഹാജരാക്കാന്‍ ആശുപത്രി സൂപ്രണ്ടിനു കോടതി നിര്‍ദേശം നല്‍കി. ഇതോടെ 23ന് യുവതിയെ എംആര്‍ഐ സ്‌കാന്‍ ചെയ്തതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കി. വയറുവേദനയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ എംആര്‍ഐ സ്‌കാന്‍ ഹാജരാക്കിയതിനെ കോടതി ചോദ്യം ചെയ്തതിനൊപ്പം യുവതി ജീവനോടെയുണ്ടെങ്കില്‍ ആംബുലന്‍സിലായാലും 27ന് ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഒരാഴ്ചയായി കടവന്ത്രയില്‍ ആശുപത്രിയിലുള്ള യുവതിയെ ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ആംബുലന്‍സില്‍ കിടത്തിയാണ് കോടതിയില്‍ ഹാജരാക്കിയത്. ആശുപത്രിയില്‍ നിന്ന് വരും വഴി ആംബുലന്‍സില്‍ യുവതിയുടെ ബന്ധുക്കളും കയറിയതായി അഭിഭാഷകന്‍ കെ.എസ്. അരുണ്‍കുമാര്‍ പറയുന്നു. ആംബുലന്‍സിനു സമീപത്തേയ്ക്ക് ജഡ്ജിമാര്‍ എത്തി ബന്ധുക്കളെ മാറ്റിനിര്‍ത്തി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി അബോധാവസ്ഥയിലായിരുന്നു.

യുവതി സ്വന്തം അഭിപ്രായം ജഡ്ജിമാര്‍ക്കു മുന്നില്‍ തുറന്നു പറയാതിരിക്കുന്നതിന് മയക്കുമരുന്നു കുത്തിവച്ചതാണെന്ന് സംശയിക്കുന്നതായി അഭിഭാഷകന്‍ അരുണ്‍കുമാര്‍ ആരോപിക്കുന്നു. 

കേരള ഹൈക്കോടതിയുടെ ചരിത്രത്തില്‍ ഒരു ഹേബിയസ് കോര്‍പ്പസ് കേസില്‍ ജഡ്ജിമാര്‍ ചേംബര്‍ വിട്ടിറങ്ങി ആംബുലന്‍സിലെത്തി ഒരാളെ കാണുന്ന സംഭവം അപൂര്‍വമാണെന്നും അഭിഭാഷകന്‍ പറയുന്നു. യുവതിയെ ചികിത്സിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. അബോധാവസ്ഥയിലാകുന്ന വിധത്തിലുള്ള മരുന്നുകളുടെ വിവരങ്ങള്‍ ആശുപത്രി രേഖകളില്‍ കണ്ടെത്താനായിട്ടില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കുന്നു.

English Summary: Habeas corpus case filed against detention of kolencherry girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com